ആഭിചാരത്തിലൂടെ വശീകരിക്കാന്‍ കഴിയുമെന്ന് പറയുന്നത് നാടുവാഴിത്ത സംസ്‌കാരത്തിന്റെ ഭാഗം, താമരശേരി രൂപതയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

ആഭിചാരത്തിലൂടെ വശീകരിക്കാന്‍ കഴിയുമെന്ന് പറയുന്നത് നാടുവാഴിത്ത സംസ്‌കാരത്തിന്റെ ഭാഗം,  താമരശേരി രൂപതയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

നാര്‍ക്കോട്ടിക് മാഫിയയെ മാഫിയ ആയിട്ടാണ് കാണേണ്ടത്. അതിന് ഏതെങ്കിലുമൊരു മത ചിഹ്നം നല്‍കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭിചാര പ്രവൃത്തിയിലൂടെ വശീകരിക്കാന്‍ കഴിയുമെന്നൊക്കെ പറയുന്നത് നമ്മുടെ പഴയ നാടുവാഴിത്ത സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്.

തെറ്റിധരിപ്പിക്കാനുള്ള ഒട്ടേറെ നീക്കങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു. അതൊന്നും ഇപ്പോള്‍ നാട്ടില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതൊരു ശാസ്ത്രയുഗമാണ്. ശാസ്ത്ര ബോധം നിലനില്‍ക്കുന്നിടമാണ്. ഇതൊക്കെ മുതലെടുക്കുന്ന ചില ശക്തികളുണ്ട്, അവരെ നാം കാണാതിരുന്നുകൂടാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഈ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ചില ശക്തികള്‍ ദുര്‍ബലമാകുകയാണ്. അങ്ങനെയുള്ളവര്‍ ഇത്തരം ചില സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ എവിടെയെങ്കിലും ചാരി ഒരിടം കിട്ടുമോ എന്ന ശ്രമം നടത്താന്‍ തയ്യാറായി എന്ന് വരും. അത് എല്ലാവരും മനസിലാക്കുന്ന കാര്യമാണ്. എന്നാലും മനസിലാക്കണം എന്നേ എനിക്ക് പറയാന്‍ കഴിയൂ.

വിദ്വേഷ പ്രചരണത്തിന് ചര്‍ച്ചയൊന്നും ആവശ്യമില്ല. അതിനെതിരെ കര്‍ക്കശമായ നിലപാടുമായി പൊലീസ് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാ ബിഷപ്പിന് വേണ്ടിയുള്ള വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മതസ്പര്‍ധ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക എന്നത് മാത്രമാണ് ഉദ്ദേശമെന്ന് വ്യക്തമാക്കിയിട്ടുണ്ട്,'' എന്നും മുഖ്യമന്ത്രി പറഞ്ഞു.

നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് വാക്ക് തന്നെ കേള്‍ക്കുന്നത് ആദ്യമായാണ്. നാര്‍ക്കോട്ടിക് മാഫിയ എന്ന് കേട്ടിട്ടുണ്ട്. നാര്‍ക്കോട്ടിക് ജിഹാദ് എന്നത് മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

വിചിത്ര വാദങ്ങളുമായി പുറത്തിറക്കിയ താമരശ്ശരി രൂപതയുടെ വേദപാഠപുസ്തകം വിവാദമായിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങളും വ്യാജവിവരങ്ങളും നിറഞ്ഞതാണ് പുസ്‌കമെന്നാണ് ആരോപണം. പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതര്‍ ആഭിചാരക്രിയ നടത്താറുണ്ടെന്ന് വേദപാഠപുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.

പെണ്‍കുട്ടികളുടെ പേനയോ, തൂവാലയോ തലമുടിയോ കൈക്കലാക്കിയാണ് ആഭിചാരം നടത്തുന്നത്, ലൗഹ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും അത് വളരെ ആസൂത്രിതമായി നടപ്പിലാക്കുന്നതാണെന്നും പുസ്തകത്തില്‍ പറയുന്നു. താമരശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ' എന്ന പുസ്തകത്തിലാണ് ആരോപണങ്ങളുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in