'അപമാനിക്കുന്നവരോട് സന്ധിയില്ല, പോരാട്ടം തുടരും'; നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി

'അപമാനിക്കുന്നവരോട് സന്ധിയില്ല, പോരാട്ടം തുടരും'; നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീംലീഗിന്റെ നടപടിയില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും, സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും മുഫീദ തെസ്‌നി പറഞ്ഞു. സംഘടന അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. പോരാടാന്‍ തങ്ങളെ പ്രാപ്തരാക്കുകയാണ് ചെയ്തതെന്നും മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തില്‍ മുഫീദ പറയുന്നു.

'സമൂഹമാധ്യമങ്ങളില്‍ കൃതൃമമായി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ശരികള്‍ക്കപ്പുറം സ്ത്രീവിരുദ്ധത ഉള്ളില്‍ പേറുന്ന രാഷ്ട്രീയമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും ഉള്ളത്. എം എസ് എഫ് നേതാക്കള്‍ക്ക് എതിരായ പരാതിയില്‍ നിയമപരമായി മുന്നോട്ട് പോകും. രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീവിരുദ്ധ സമീപനം മാറണം. പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോഴാണ്. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അത് ചെയ്തില്ലെങ്കില്‍ കുറ്റബോധമുണ്ടാകും.'

'ആത്മാഭിമാനം മുറുകെപ്പിടിച്ചുവേണം ഓരോ നിമിഷവും ജീവിക്കാന്‍. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങള്‍ പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നു. പച്ചപ്പ് പ്രതീക്ഷയുടേതാണ്. ആ പ്രതീക്ഷ മുറുകെപ്പിടിച്ചുതന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരും. പതിറ്റാണ്ടുകൊണ്ട് ഹരിത ഞങ്ങളെ അതിനു പ്രാപ്തരാക്കിയിട്ടുണ്ട്', ലേഖനത്തില്‍ പറയുന്നു.

ബുധനാഴ്ച മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമുണ്ടായത്. കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞിരുന്നു.

Related Stories

No stories found.
The Cue
www.thecue.in