നടപടി പരാതിക്കാര്‍ക്കെതിരെ, ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലിം ലീഗ്

നടപടി പരാതിക്കാര്‍ക്കെതിരെ, ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലിം ലീഗ്

ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് മുസ്ലിം ലീഗ്. കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

എം.എസ്.എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗമായ ഹരിത വനിതാ കമ്മീഷന് പരാതി നല്‍കിയത് പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ലീഗ് നേതൃത്വം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഹരിത പരാതി പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.

വനിതാ നേതാക്കളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്ക് എതിരെയും പത്തോളം നേതാക്കള്‍ പരാതി നല്‍കിയത്.

എംഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ പൊതു ഇടങ്ങളിലെ നിരന്തരമായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹരിത മുസ്ലിം ലീഗിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി ലീഗ് നേതൃത്വം പരിഗണിച്ചിരുന്നില്ല.

എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെയും ഭാരവാഹികള്‍ക്കെതിരെയും ഗുരുതരമായ വിമര്‍ശനമാണ് എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ നേതൃത്വം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. ഈ പരാതിയെ നിസാരവത്കരിച്ചുകൊണ്ടാണ് മുസ്ലിം ലീഗിപ്പോള്‍ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നത്.

പ്രശ്‌നങ്ങളുടെ തുടക്കം

മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയില്‍ ഹരിതയുടെ വീശദീകരണം ആവശ്യപ്പെട്ട എം.എസ്.എഫ് പ്രസിഡണ്ട് പി.കെ നവാസ് അതിനെ 'വേശ്യയുടെ ചാരിത്ര്യപ്രസംഗം' എന്ന് വിശേഷിപ്പിച്ചുവെന്നും 'വേശ്യക്കും' ന്യായീകരണം ഉണ്ടാവുമെന്ന തലത്തിലാണ് ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടതെന്നുമാണ് മുസ്ലിം ലീഗിന് നല്‍കിയ പരാതിയില്‍ ഹരിത പറയുന്നത്.

മുസ്ലിംലീഗ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മറ്റു പല നിബന്ധനകളും ഉണ്ട് എന്ന സ്വകാര്യ കാമ്പയിനുകളും സംസ്ഥാന നേതാക്കള്‍ നടത്തുന്നുണ്ട്. ഒരു 'പ്രത്യേകതരം ഫെമിനിസം' പാര്‍ട്ടിയില്‍ വളര്‍ത്തുകയാണ് എന്ന് ഹരിതയുടെ സംസ്ഥാന നേതാക്കളെക്കുറിച്ച് സംസ്ഥാന പ്രസിഡണ്ടും മലപ്പുറം ജില്ലയിലെ ചില പേരറിയാവുന്ന ഭാരവാഹികളും പറഞ്ഞു നടക്കുന്നുവെന്നും ചോര്‍ന്ന പരാതിയില്‍ എഴുതിയിട്ടുണ്ട്.

ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടി ഉള്ളവരാണെന്നും വിവാഹം ചെയ്തു കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്ഥാന നേതാക്കളുടെ വോയ്സ് മെസേജുകള്‍ ലഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആര്‍ക്കും ഓര്‍ഡര്‍ ഇടാം എന്ന ധാര്‍ഷ്ട്യം അനുവദിക്കരുത് എന്നുമാണ് സംസ്ഥാന നേതാക്കള്‍ക്കെഴുതിയ പരാതിയില്‍ ഹരിത നേതൃത്വം പറയുന്നത്.

യാസര്‍ എടപ്പാളാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും പി.കെ നവാസിന്റെ ഭാഗത്തു നിന്നുണ്ടായി. പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയത്തില്‍ നിര്‍ത്തുന്ന തരത്തില്‍ ആയിരുന്നു പ്രസിഡന്റിന്റെ സംസാരം. തങ്ങള്‍ തീരുമാനിക്കുന്നതു മാത്രമേ ചെയ്യാവൂ എന്ന മേല്‍ഘടകങ്ങളുടെ അഹന്തയ്ക്കു മുന്നില്‍ സംഘടനാ ശേഷി ദുര്‍ബലമാകുന്നത് പരിഹാസ്യമാണ്. പെണ്‍കുട്ടികളുടെ സംഘടന ആയതു കൊണ്ടുമാത്രം ആര്‍ക്കും ഓര്‍ഡര്‍ ഇടാം എന്ന ധാര്‍ഷ്ട്യവും അപകടകരവും അനുവദിക്കാന്‍ സാധിക്കാത്തതുമാണ് എന്നും പരായില്‍ ഹരിതയുടെ സംസ്ഥാന നേതാക്കള്‍ ഉന്നയിക്കുന്നു.

ജൂണ്‍ 22നാണ് എം.എസ്.എഫ് ആസ്ഥാന കേന്ദ്രമായ ഹബീബ് സെന്ററില്‍ വച്ച് മലപ്പുറം ജില്ലയിലെ ഹരിത രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. ഇതില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് പരാതിക്ക് ആധാരമായത്.

Related Stories

No stories found.
logo
The Cue
www.thecue.in