ഡിവൈഎസ്പി വെറുക്കപ്പെട്ടയാള്‍, എസിപി ഇടതുസഹയാത്രികന്‍, കൊടകര കേസില്‍ പൊലീസിനെതിരെ ബിജെപി

ഡിവൈഎസ്പി വെറുക്കപ്പെട്ടയാള്‍, എസിപി ഇടതുസഹയാത്രികന്‍, കൊടകര കേസില്‍ പൊലീസിനെതിരെ ബിജെപി

ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘത്തിനെതിരെ പാര്‍ട്ടി നേതാക്കള്‍. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സോജൻ വെറുക്കപ്പെട്ട വ്യക്തിയാണ്.  മറ്റൊരു എസിപി വി കെ രാജു ഇടതു സഹയാത്രികനാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തു വിടാത്തതെന്താണെന്നും എഎൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു . ബിജെപിയെ പൊതുസമൂഹത്തിന് മുന്നിൽ തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ഈ മാസം പത്ത് മുതൽ ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം കേരളത്തിൽ സംഘടിപ്പിക്കും. നിയമസഭയിൽ പോലും പിണറായി വിജയനും വിഡി സതീശനും ചേട്ടനും അനിയനും കളിക്കുകയാണെന്ന് എഎൻ രാധാകൃഷ്ണൻ ആരോപിച്ചു.

എഎൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്

ഈ ചെറിയ കേരളം പോലുള്ള സംസ്ഥാനത്തെ മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് രാജ്യം ഭരിക്കുന്ന പാർട്ടിയെ ഭയപ്പെടുത്താനാണോ പിണറായി വിജയൻ ശ്രമിക്കുന്നത്. വാദിയെ പ്രതിയാക്കുന്ന നീക്കങ്ങൾ ആണ് പിണറായി വിജയന്റെ പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. റൂം എടുത്ത് കൊടുത്തതിനാണ് നമ്മുടെ ജില്ലാ പ്രസിഡന്റിനെ പോലീസ് വിളിപ്പിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കിൽ പിണറായി വിജയനെയും അദ്ദേഹത്തിന്റെ മോളെയും പിടിച്ച് ജയിലിൽ ഇടേണ്ടി വരില്ലേ. ഇങ്ങനെയൊക്കെ പ്രവർത്തിക്കുവാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ആരാണ് ധൈര്യം കൊടുത്തത്. പ്രതിപ്പട്ടികയിൽ റെജിൻ എന്ന ആൾ നമ്മുടെ യുവനേതാവായ സത്യേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ആ റെജിന്റെ ഫോൺ സന്ദേശം പരിശോധിച്ചാൽ നിങ്ങളുടെ മൊയ്തീനും ബാക്കിയുള്ള പ്രമാണിമാരൊക്കെ അകത്താകും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ നേതാക്കന്മാരും അകത്താകേണ്ടി വരും.

അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സോജൻ വെറുക്കപ്പെട്ട വ്യക്തിയാണ്. മറ്റൊരു എസിപി വി കെ രാജു ഇടതു സഹയാത്രികനാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധം ഇതുവരെ പുറത്ത് വിട്ടിട്ടില്ല . പ്രതി മാർട്ടിൻ സിപിഐ പ്രവർത്തകനാണ്. മാർട്ടിന്‍റെ രേഖകൾ പരിശോധിച്ചാൽ കൊടുങ്ങല്ലൂർ എംഎൽഎയെ ചോദ്യം ചെയ്യേണ്ടി വരും. ബിജെപിയെ പൊതുസമൂഹത്തിന് മുന്നിൽ തേജോവധം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഈ മാസം പത്ത് മുതൽ ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭം കേരളത്തിൽ സംഘടിപ്പിക്കും. ഇതെ കുറിച്ച് ഇന്ന് തീരുമാനം എടുക്കും. നിയമസഭയിൽ പോലും പിണറായി വിജയനും വിഡി സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്. ബിജെപി ഇല്ലാത്ത വേദിയിൽ ബിജെപിയെ കുറിച്ച് ആക്ഷേപം പറഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും സായൂജ്യമണിയുകയാണ്.

കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങളുടെ സഹകരണത്തോടെ പിആർ വർക്കിന്റെ ഭാഗമായി നമ്മളിൽ ഓരോരുത്തരെ വിളിപ്പിക്കുന്നതായുള്ള വാർത്ത കൊടുക്കുകയാണ്. ഒരു ദിവസം പത്രത്തിൽ വെണ്ടക്കാ അക്ഷരത്തിൽ ജാനുവിനെതിരെയുള്ള വാർത്ത കൊടുത്തിരിക്കുന്നു. ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ പൊലിപ്പിച്ചാണ് കൊടുക്കുന്നത്. ഇപ്പോൾ സുരേന്ദ്രന്റെ മോനെ പിടികൂടാനുള്ള പരിപാടിയാ നടക്കുന്നത്. ഇവിടെ കോടിയേരി ബാലകൃഷ്ണന്റെ മോനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു. കോടിയേരി പറയുന്നു, പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്ന്. അത് അയാളുടെ വീട് തന്നെയാണ് പണത്തിന്റെ സ്രോതസ്സ്. ഈ കേസുമായി ബന്ധപെട്ടു എന്തുക്കൊണ്ട് കോടിയേരിയുടെ ഭാര്യയെ ചോദ്യം ചെയ്യുന്നില്ല. കേരളത്തിൽ ഒരുപാട് അധാർമിക പ്രവർത്തനങ്ങൾ ചെയ്യുന്ന രണ്ടു പേരാണ് പിണറായിയും കോടിയേരിയും. കേരളത്തിൽ ആദ്യമായി പാർട്ടിഓഫീസിന്റെ പേരിൽ കമ്പനി തുടങ്ങിയ ആളാണ് പിണറായിയുടെ മകൾ. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയൻ ഉൾപ്പടെ ഉള്ള ആളുകൾ ചിലവഴിച്ച കള്ളപ്പണത്തിന്റെ കണക്ക് കാണിക്കണം. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി പണം ചിലവഴിച്ചിരിക്കുന്നത്.

The Cue
www.thecue.in