14കാരന്റെ ചോദ്യം കേട്ട് ഞെട്ടി, 'അവൻ അനുവാദം ചോദിച്ചല്ലോ, കയറിപ്പിടിച്ചില്ലല്ലോ' എന്ന് ചിലർ; അപർണ പറയുന്നു

14കാരന്റെ ചോദ്യം കേട്ട് ഞെട്ടി, 'അവൻ അനുവാദം ചോദിച്ചല്ലോ, കയറിപ്പിടിച്ചില്ലല്ലോ' എന്ന് ചിലർ; അപർണ പറയുന്നു

14കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയിൽ നിന്ന് കേട്ട അമ്പരപ്പിക്കുന്ന ചോദ്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച് അപര്‍ണ എന്ന യുവതി. എണാകുളം വൈറ്റില ഹബിന് സമീപത്ത് നിന്ന് സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ഥിയാണ് അപർണയോട് പ്രതീക്ഷയ്ക്ക് വിപരീതമായി സംസാരിച്ചത്. സ്‌കൂള്‍ പഠന വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിനിടയിൽ പെട്ടെന്നായിരുന്നു, ചേച്ചീടെ മാറിടത്തില്‍ പിടിച്ചോട്ടെയെന്ന കുട്ടിയുടെ ചോദ്യം. ഇത് കേട്ട് താന്‍ ഞെട്ടിയെന്നും അപര്‍ണ പറയുന്നു. ഇത്ര ചെറുപ്രായത്തില്‍ കുട്ടികൾ എങ്ങനെയാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാൻ പ്രാപ്തരാകുന്നത്. ആണ്‍കുട്ടികള്‍ക്ക് എങ്ങനെ വേണമെങ്കിലും പെരുമാറാം, എന്തും ചെയ്യാം, ഒന്നും സംഭവിക്കില്ലെന്ന ചിന്തകള്‍ മാറണമെന്നും അപർണ വീഡിയോയിൽ പറയുന്നു.

ഒരു ചെറിയ കുട്ടിയുടെ വായിൽ നിന്നായതുകൊണ്ടാണ് ഞാൻ ഇത്ര ഞെട്ടിയതും പ്രതികരിച്ചതും. പലരും വിഡിയോ കണ്ട് എന്നെ വിളിച്ചു. ഇത് തുറന്ന് പറഞ്ഞതിൽ അഭിനന്ദിച്ചു. എന്നാൽ ചിലർ അതിനെ ന്യായീകരിച്ചും രംഗത്തെത്തി. അവൻ അനുവാദം ചോദിച്ചല്ലോ. കയറിപ്പിടിച്ചില്ലല്ലോ എന്ന തരത്തിൽ കമന്റുകൾ കണ്ടു. അവർ ഇതിന്റെ ഗൗരവം മനസ്സിലാക്കാത്തതാണ് പ്രശ്നം. ചെറിയ കുട്ടി ചോദിക്കാൻ പാടില്ലാത്തത് ആണ്. ഇതിനെ ന്യായീകരിക്കുന്നതാണ് നമ്മുടെ സമൂഹത്തില്‍ ഒരു വിഭാഗത്തിന്‍റെ പ്രശ്നമെന്നും അപർണ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

അപർണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്,

'ആ പയ്യന്‍ അങ്ങനെ പെരുമാറിയത് ആരുടെ തെറ്റാണ്. സ്‌കൂളുകളില്‍ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നില്ല എന്നത് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇത്തരമൊരു സംഭവം സ്‌കൂളുകളില്‍ സംഭവിച്ചാല്‍ അധികൃതര്‍ പെണ്‍കുട്ടികളെയായിരിക്കും കുറ്റം പറയുക. 13-14 വയസുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ അനുഭവമെങ്കില്‍ എന്തായിരിക്കും അവരുടെ മനസിലുണ്ടാവുക. ആണ്‍കുട്ടികള്‍ക്ക് എങ്ങനെ വേണമെങ്കിലും പെരുമാറാം, എന്തും ചെയ്യാം, അവര്‍ക്കൊന്നും പറ്റില്ല എന്ന ചിന്തകള്‍ മാറണം. ഇന്നത്തെ സിനിമകളിലെ ലൈംഗീകത പരാമര്‍ശങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടാകാം. ഈ കുട്ടികള്‍ വലുതായാല്‍ അവര്‍ എന്ത് ചെയ്യുമെന്ന് ആര്‍ക്കറിയാം. യഥാര്‍ത്ഥത്തില്‍ ആരും ഇങ്ങനെ ജനിക്കില്ല. ഇങ്ങനെ ആയി പോകുന്നതാണ്. ചുറ്റുപാടാണ് പ്രശ്നം. സ്‌കൂളും കുടുംബവും സമൂഹവും ഇതിന് ഉത്തരവാദികളാണ്. കുട്ടികളോട് സംസാരിക്കണം, കൃത്യമായ സെക്‌സ് എഡ്യുക്കേഷന്‍ നല്‍കണം. എങ്കില്‍ മാത്രമേ നമുക്ക് ഈ തലമുറയെ സംരക്ഷിക്കാന്‍ കഴിയൂ. വളര്‍ന്ന് വരുന്ന കുട്ടികള്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങള്‍ നേരിടാതിരിക്കട്ടെ'.

എറണാകുളം എസ്എന്‍ഡിപി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയിൽ നിന്നാണ് അപർണയ്ക്ക് മോശം അനുഭവം ഉണ്ടായത്. വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകാനാണ് അപർണയുടെ തീരുമാനം. വ്യക്തിപരമായി അധിക്ഷേപിക്കാനല്ല. അവന്റെ വീട്ടുകാർ ഇത് അറിയണം. പഠിപ്പിക്കുന്ന അധ്യാപകർ അറിയണം. അവരെക്കാൾ മുതിർന്ന യാതൊരു പരിചയവും ഇല്ലാത്ത തന്നോട് ഇങ്ങനെ പെരുമാറിയെങ്കിൽ കൂടെ പഠിക്കുന്ന മറ്റ് പെൺകുട്ടികളെ എങ്ങനെയാകും നോക്കിക്കാണുക എന്നതാണ് തന്നെ അലട്ടുന്ന മറ്റൊരു ചിന്ത എന്നും അപർണ പറയുന്നു.

Related Stories

The Cue
www.thecue.in