ഒരുമ തകര്‍ക്കരുത്; സ്വര്‍ണക്കടത്തിലെ ചര്‍ച്ചകള്‍ ഖുര്‍ആനില്‍ കേന്ദ്രീകരിക്കുന്നത് ബോധപൂര്‍വ്വമെന്ന് എസ്‌കെഎസ്എസ്എഫ്

ഒരുമ തകര്‍ക്കരുത്; സ്വര്‍ണക്കടത്തിലെ ചര്‍ച്ചകള്‍ ഖുര്‍ആനില്‍ കേന്ദ്രീകരിക്കുന്നത് ബോധപൂര്‍വ്വമെന്ന് എസ്‌കെഎസ്എസ്എഫ്

സ്വര്‍ണക്കടത്ത് കേസിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഖുര്‍ആനെ ഉപയോഗിക്കരുതെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്. സ്വര്‍ണക്കടത്തിലെ മാധ്യമചര്‍ച്ചകള്‍ ബോധപൂര്‍വ്വം ഖുര്‍ആനില്‍ കേന്ദ്രീകരിക്കുകയാണെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. അന്വേഷണം കൃത്യമായി നടക്കണം. വര്‍ഗ്ഗീയ ശക്തികളെ സഹായിക്കും വിധം ചര്‍ച്ചകളെ വഴിതിരിച്ചുവിടരുതെന്നും എസ്‌കെഎസ്എസ്എഫ് ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്.

കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് യോജിക്കാത്ത രീതിയിലുള്ള അപശബ്ദങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി മലയാളികള്‍ ഒരുമയോടെ നിന്നത് കൊണ്ടാണ് കേരളത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വേരൂന്നാന്‍ കഴിയാതിരുന്നത്. അത് തകര്‍ക്കുന്നത് കേരളത്തെ അപകടത്തിലാക്കുമെന്നും എസ്‌കെഎസ്എസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രി കെടി ജലീലിനെതിരായ സമരത്തില്‍ ഖുര്‍ആനെ മുഖ്യചര്‍ച്ച വിഷയമാക്കുന്നതില്‍ മുസ്ലിം ലീഗിനോട് ആഭിമുഖ്യമുള്ള സമുദായ സംഘടനയായ സമസ്തയുടെ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സുന്നി യുവജനസംഘവും കെഎന്‍എം മര്‍ക്കസും എതിര്‍പ്പുയര്‍ത്തിയിരുന്നു. ബിജെപിയുടെ അജണ്ടയില്‍ മുസ്ലിംലീഗും യുഡിഎഫും വീണുവെന്നായിരുന്നു വിമര്‍ശനം.

Related Stories

No stories found.
logo
The Cue
www.thecue.in