പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ കരാര്‍ ടാറ്റ ഗ്രൂപ്പിന്, ചെലവ് 861 കോടി
Around us

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ കരാര്‍ ടാറ്റ ഗ്രൂപ്പിന്, ചെലവ് 861 കോടി

THE CUE

THE CUE

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ കരാര്‍ ടാറ്റ പ്രൊജക്ട്‌സിന്. 861.90 കോടി രൂപ ചെലവില്‍ കെട്ടിടം പൂര്‍ത്തീകരിക്കാനാണ് കരാര്‍. 21 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇപ്പോള്‍ നടക്കുന്ന വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തികള്‍ ആരംഭിക്കുമെന്നാണ് വിവരം. എല്‍ ആന്‍ഡ് ടി, ടാറ്റ പ്രൊജക്ട്‌സ്, ഷപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനി എന്നീ കമ്പനികളാണ് അവസാനഘട്ട ലേലത്തില്‍ ഉണ്ടായിരുന്നത്. 865 കോടിയാണ് എല്‍ ആന്‍ഡ് ടി മുന്നോട്ടുവെച്ചത്.

ലേലത്തില്‍ പങ്കടുക്കാന്‍ തല്‍പ്പരരായ കമ്പനികളുടെ ചുരുക്കപ്പട്ടിക കേന്ദ്രസര്‍ക്കാര്‍ നേരത്തേ തയ്യാറാക്കിയിരുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പാര്‍ലമെന്റ് കെട്ടിടം പുനര്‍നിര്‍മ്മിക്കുന്നത്. ഇപ്പോഴത്തേത് ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ചതാണ്. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന വിപുലമായ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. ത്രികോണാകൃതിയിലാകും പാര്‍ലമെന്റ് മന്ദിരം, അതിനോട് ചേര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം നിര്‍മ്മിക്കുന്ന തരത്തിലാണ് പദ്ധതി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിജയ് ചൗക്ക് ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയുടെ മുഖഛായ തന്നെ മാറുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. രാഷ്ട്രപതിഭവന്‍ ,ഉപരാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്താകും. അതേസമയം രാഷ്ട്രപതി ഭവന്‍ ഇപ്പോഴത്തേത് തന്നെ തുടരും. ഇപ്പോഴത്തെ പാര്‍ലമെന്റ് കെട്ടിടം, നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃക കേന്ദ്രങ്ങള്‍ എന്ന നിലയില്‍ സംരക്ഷിക്കും. അതേസമയം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കോടികള്‍ ചെലവഴിച്ചുള്ള അത്യാഡംബര പദ്ധതിയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

The Cue
www.thecue.in