രാജ്യത്താദ്യം ; നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നടപ്പാക്കി കൃഷിവകുപ്പ്, സമൂഹം നല്‍കുന്ന ആദരമെന്ന് വി.എസ് സുനില്‍കുമാര്‍
Around us

രാജ്യത്താദ്യം ; നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നടപ്പാക്കി കൃഷിവകുപ്പ്, സമൂഹം നല്‍കുന്ന ആദരമെന്ന് വി.എസ് സുനില്‍കുമാര്‍

By കെ. പി. സബിന്‍

Published on :

നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി തുക ലഭ്യമാക്കുന്ന നവീന പദ്ധതി യാഥാര്‍ത്ഥ്യമാക്കി കൃഷിവകുപ്പ്. നിലം ഉടമകളുടെ അക്കൗണ്ടില്‍ രണ്ടായിരം രൂപ നേരിട്ടെത്തും. സെപ്റ്റംബര്‍ 11 മുതല്‍ ഇതിനായി അപേക്ഷിക്കാം. 40 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയല്‍റ്റി. രണ്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്തിന്റെ ഉടമകള്‍ക്കാണ് ആദ്യ വര്‍ഷം റോയല്‍റ്റി ലഭിക്കുക. നെല്‍വയലുകള്‍ രൂപ മാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകള്‍ക്കുള്ള സമൂഹത്തിന്റെ അംഗീകാരം എന്ന നിലയിലാണ് പദ്ധതി സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

നെല്‍കൃഷി പ്രോത്സാഹനമാണ് ലക്ഷ്യം. നെല്‍വയലിന്റെ പ്രകൃതിദത്തമായ ധര്‍മ്മം നിര്‍വഹിക്കുന്നതിന് വേണ്ടി അതിനെ സംരക്ഷിക്കുന്നവര്‍ക്കുള്ള സര്‍ക്കാരിന്റെ ആദരമാണിത്. ഒരാള്‍ക്ക് നെല്‍വയലുണ്ടെങ്കില്‍ അതിന്റെ ഗുണം സമൂഹത്തിനാണ്. അത് നികത്താതിരിക്കുമ്പോള്‍ ഭൂഗര്‍ഭ ജലം സംരക്ഷിക്കപ്പടുന്നതടക്കം പരിസ്ഥിതിയുടെയും കൃഷിയുടെയും സംരക്ഷണമാണ് യാഥാര്‍ത്ഥ്യമാകുന്നത്. നെല്‍വയല്‍ തരിശിടാതിരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയെന്നതും ലക്ഷ്യമാണ്. തരിശിട്ടവര്‍ക്കും ഇപ്പോള്‍ റോയല്‍റ്റിതുക നല്‍കും. പക്ഷേ മൂന്ന് വര്‍ഷത്തിനകം ആ ഭൂമിയില്‍ കൃഷി ചെയ്യണമെന്നും മന്ത്രി ദ ക്യുവിനോട് പറഞ്ഞു.

നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍,എള്ള് ,നിലക്കടല തുടങ്ങി ഹ്രസ്വകാല വിളകള്‍ ചെയ്യുന്ന ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹതയുണ്ട്. നെല്‍വയല്‍ വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത എന്നിവയില്‍ ഗണ്യമായ വര്‍ദ്ധനവാണ് കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ ഉണ്ടായതെന്ന് മന്ത്രി അറിയിച്ചു. ഉത്പാദനത്തില്‍ മാത്രം 2 ലക്ഷം മെട്രിക് ടണ്‍ വര്‍ദ്ധനവ് ഉണ്ടായി. നെല്ല് സംഭരണത്തിലും റെക്കോഡ് വര്‍ധനവാണ് ഇക്കാലയളവിലുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റോയല്‍റ്റിക്കായുള്ള അപേക്ഷകള്‍ www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. കൃഷിക്കാര്‍ക്ക് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം. കരം അടച്ച രസീത് അല്ലെങ്കില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ അഥവാ അംഗീകാരമുള്ള മറ്റൊരു തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന പാസ്ബുക്ക് പേജിന്റെ പകര്‍പ്പ്, എന്നിവയാണ് അപേക്ഷയോടൊപ്പം വെയ്‌ക്കേണ്ടത്. നെല്‍വയലുകളുടെ ഭൗതിക പരിശോധനയും അപ്ലോഡ് ചെയ്ത രേഖകളുടെ ഓണ്‍ലൈന്‍ പരിശോധനയും നടത്തിയാണ് റോയല്‍റ്റി അനുവദിക്കുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രകടന പത്രികയില്‍, കാര്‍ഷിക മേഖലയില്‍ പരാമര്‍ശിച്ച ഒരു വാഗ്ദാനം കൂടി നിറവേറ്റുകയാണെന്ന് മന്ത്രി പറഞ്ഞു. 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനുശേഷം നെല്‍വയലുകളുടെ സംരക്ഷണത്തിനുതകുന്ന ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ നെല്‍വയലിന്റെ ഉടമകള്‍ക്കു റോയല്‍റ്റി നല്‍കിക്കൊണ്ട് ഉടമസ്ഥര്‍ക്കു കൂടി പ്രോത്സാഹനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ്‌. 2020-21 ലെ ബജറ്റില്‍ നെല്‍കൃഷി വികസനത്തിനായി 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെടുത്തിയിരുന്ന ഒരു ഘടകമായിരുന്നു നെല്‍വയല്‍ ഉടമകള്‍ക്കുള്ള റോയല്‍റ്റിയെന്നും മന്ത്രി ദ ക്യുവിനോട് പറഞ്ഞു.

The Cue
www.thecue.in