'ചെലോര്‍ടെ റെഡ്യാവും ചെലോര്‍ടെ റെഡ്യാവില്ല, എങ്ങനെ ആയാലും കൊയപ്പൂല്ല്യ'; നാലാം ക്ലാസുകാരന്റെ 'വേറെ ലെവല്‍' വീഡിയോ

'ചെലോര്‍ടെ റെഡ്യാവും ചെലോര്‍ടെ റെഡ്യാവില്ല, എങ്ങനെ ആയാലും കൊയപ്പൂല്ല്യ'; നാലാം ക്ലാസുകാരന്റെ 'വേറെ ലെവല്‍' വീഡിയോ

'ചെലോര്‍ടെ റെഡ്യാവും ചെലോര്‍ടെ റെഡ്യാവില്ല, എന്റേത് റെഡ്യായില്ല. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പൂല്ല്യ', നാലാം ക്ലാസുകാരനായ ഫായിസിന്റെ മോട്ടിവേഷന്‍ വേറെ ലെവലെന്നാണ് ഈ വീഡിയോ കണ്ടവര്‍ പറയുന്നത്. പേപ്പര്‍ ഉപയോഗിച്ച് പൂവ് ഉണ്ടാക്കുകയായിരുന്നു ഫായിസ്. എന്നാല്‍ വിചാരിച്ചത് പോലെ അതത്ര ശരിയായില്ല. പക്ഷെ ചിലരുടെ ശരിയാകും ചിലരുടെ ശരിയാകില്ല, അതിനൊന്നും കുഴപ്പമില്ല എന്ന് പറഞ്ഞ് കൊണ്ടാണ് നാലാം ക്ലാസുകാരന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചുരുങ്ങിയ സമയം കൊണ്ടാണ് കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ മുഹമ്മദ് ഫായിസിന്റെ വീഡിയോ വൈറലായത്. തോറ്റുപോയെന്ന് തോന്നുന്നവര്‍ക്ക് ഫായിസിനേക്കാള്‍ വലിയൊരു മോട്ടിവേറ്റര്‍ ഇല്ലെന്ന കുറിപ്പുമായാണ് വീഡിയോ പങ്കുവെക്കപ്പെടുന്നത്.

ഉച്ചഭക്ഷണം കഴിക്കാതെ ഒഴിഞ്ഞുമാറി, ഉമ്മയുടെ മൊബൈല്‍ ഫോണെടുത്ത് ആരും കാണാതെ ചിത്രീകരിച്ചതാണ് വീഡിയോ. പുസ്തകങ്ങള്‍ അട്ടിവെച്ച് ഉയരമുണ്ടാക്കി, അതിന്മേല്‍ ഫോണ്‍ വെച്ചായിരുന്നു വീഡിയോ എടുത്തത്.

'ഇന്ന് ഞമ്മള്ണ്ടാക്കാന്‍ പോകുന്നത് പൂവാണ്' എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. കടലാസ് എങ്ങനെയാണ് മടക്കേണ്ടതെന്നും, കത്രിക ഉപയോഗിച്ച് എങ്ങനെയാണ് മുറിക്കേണ്ടതെന്നുമെല്ലാം വീഡിയോയില്‍ പറയുന്നുണ്ട്. വെട്ടിക്കഴിഞ്ഞ് തുറന്ന് നോക്കിയപ്പോള്‍ വിചാരിച്ച രൂപം കിട്ടിയില്ല. ഒട്ടും പതറാതെ ചിലരുടെ മാത്രമേ ശരിയാകുള്ളൂ, ഞമ്മക്ക് ഒരു കൊയപ്പൂല്ല്യ എന്ന് കൂളായി പറയുന്നതായിരുന്നു ഫായിസിന്റെ വീഡിയോ.

ചില ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത വീഡിയോ, നാട്ടുകാരിലേക്കും എത്തി. അങ്ങനെയാണ് ഫായിസിന്റെ ആദ്യത്തെ വീഡിയോ തന്നെ തരംഗമായത്. നടി റിമ കല്ലിങ്കല്‍ ഉള്‍പ്പടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. കുഴിമണ്ണ ഇസ്സത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫായിസ്.

Related Stories

No stories found.
logo
The Cue
www.thecue.in