സ്വര്‍ണ്ണക്കടത്തില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍, ശിവശങ്കര്‍ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് തെറിച്ചു

സ്വര്‍ണ്ണക്കടത്തില്‍ പ്രതിരോധത്തിലായി സര്‍ക്കാര്‍, ശിവശങ്കര്‍ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് തെറിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറെ മാറ്റി. എം വൈ സഫീറുള്ളയാണ് പുതിയ ഐടി സെക്രട്ടറി. എം ശിവശങ്കര്‍ ദീര്‍ഘ അവധിയിലേക്ക് പോയതിന് പിന്നാലെയാണ് സഫീറുള്ളയുടെ നിയമനം. നേരത്തെ സ്പ്രിംഗ്‌ളര്‍ വിവാദത്തിലും ശിവശങ്കറിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ഥന്‍ കൂടിയാണ് എം ശിവശങ്കര്‍.

സ്വര്‍ണക്കടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിക്കുന്നത്. സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്നാണ് സിപിഐഎം നിലപാട്.

തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍ ഡി എഫിന്റെ മോ, സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങള്‍ മാത്രമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി.

Related Stories

No stories found.
logo
The Cue
www.thecue.in