മൂന്ന് തവണ മത്സരിച്ചവര്‍ നിയമസഭയിലേക്കും വേണ്ടെന്ന് ലീഗ്; കൂടുതല്‍ സീറ്റ് ആവശ്യപ്പെടും;കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും

മൂന്ന് തവണ മത്സരിച്ചവര്‍ നിയമസഭയിലേക്കും വേണ്ടെന്ന് ലീഗ്; കൂടുതല്‍ സീറ്റ് ആവശ്യപ്പെടും;കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും
SakkirPhotography

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനം നിയമസഭയിലേക്കും മാനദണ്ഡമാകുമെന്ന് സൂചന. പികെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവരൊഴികെ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കിയേക്കില്ല. എം പി സ്ഥാനം ഒഴിവാക്കി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. വേങ്ങര മണ്ഡലത്തില്‍ തന്നെ ജനവിധി തേടാനാണ് സാധ്യത.

പി കെ അബ്ദുറബ്ബ്, കെഎന്‍എ ഖാദര്‍, അഡ്വക്കറ്റ് എം ഉമ്മര്‍, മഞ്ഞളാംകുഴി അലി, സി മമ്മൂട്ടി, പികെ ഇബ്രാഹിം കുഞ്ഞ്, ടിഎ അഹമ്മദ് കബീര്‍, പിഎ ഉബൈദുള്ള എന്നിവര്‍ക്ക് സീറ്റ് നല്‍കിയേക്കില്ല. പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനുമൊപ്പം കെപിഎ മജീദിനും ഇളവ് നല്‍കിയേക്കും. പികെ ഇബ്രാഹിംകുഞ്ഞ് വീണ്ടും മത്സരിച്ചാല്‍ യുഡിഎഫിന് ക്ഷീണമാകുമെന്ന അഭിപ്രായം മുസ്ലിംലീഗില്‍ തന്നെയുണ്ട്. പാലാരിവട്ടം പാലം അഴിമതി തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാവാനും ഇത് ഇടയാക്കുമെന്ന് മുസ്ലിംലീഗിനെ അശങ്കപ്പെടുത്തുന്നു. പിഎ ഉബൈദുള്ളയുടെ പ്രകടനം മോശമാണെന്നാണ് ലീഗ് വിലയിരുത്തിയിട്ടുള്ളത്.

24 സീറ്റിലാണ് നിലവില്‍ മുസ്ലീംലീഗ് മത്സരിക്കുന്നത്. ആറ് സീറ്റുകള്‍ കൂടി ആവശ്യപ്പെടും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ജനതാദള്‍ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ വിട്ടുപോയതിന് ശേഷം ഒഴിവ് വന്ന സീറ്റുകള്‍ പങ്കുവെയ്ക്കണമെന്നാണ് ലീഗിന്റെ ആവശ്യം. പൂഞ്ഞാര്‍, കരുനാഗപ്പള്ളി, അമ്പലപ്പുഴ, പേരാമ്പ്ര, കൂത്തുപറമ്പ്, കല്‍പ്പറ്റ എന്നീ സീറ്റുകളാണ് ആവശ്യപ്പെടുക. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തും പട്ടാമ്പിയിലും ശക്തിയുണ്ടെന്നാണ് മുസ്ലിംലീഗ് വിലയിരുത്തുന്നത്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് യൂത്ത് ലീഗിന്റെ കാലങ്ങളായുള്ള ആവശ്യം ഇത്തവണ പരിഗണിക്കണമെന്നാണ് മുസ്ലിംഗീഗിന്റെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in