‘കൊവിഡിന്റെ മറവില്‍ ചെങ്ങോട്ടുമല തുരക്കാന്‍ നീക്കം’; പാരിസ്ഥിതിക അനുമതി അപേക്ഷ തള്ളണമെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ 

‘കൊവിഡിന്റെ മറവില്‍ ചെങ്ങോട്ടുമല തുരക്കാന്‍ നീക്കം’; പാരിസ്ഥിതിക അനുമതി അപേക്ഷ തള്ളണമെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ 

കൊവിഡ് 19 വ്യാപനത്തിന്റെ മറവില്‍, കോഴിക്കോട്ടെ ചെങ്ങോട്ടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാന്‍,അണിയറയില്‍ വഴിവിട്ട നീക്കങ്ങളെന്ന് ഖനനവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍. വ്യവസായ വകുപ്പിന് കീഴില്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ ഏകജാലക ബോര്‍ഡിന്റെ യോഗം ലോക്ക് ഡൗണ്‍ നിലനില്‍ക്കെ മെയ് 20 ന് ചൊവ്വാഴ്ച വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. ഖനനത്തിനുള്ള പാരിസ്ഥിതിക അനുമതിക്കായി പത്തനംതിട്ട ആസ്ഥാനമായ ഡല്‍റ്റ റോക്ക്‌സ് പ്രൊഡക്ട്‌സ് സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ചാണ് യോഗം. മുഴുവന്‍ രേഖകളുമായി യോഗത്തിനെത്താന്‍ കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഏകജാലക ബോര്‍ഡ് നിര്‍ദേശിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. പാരിസ്ഥിതിക അനുമതിക്കായി ഖനന കമ്പനി സമര്‍പ്പിച്ച അപേക്ഷ തള്ളണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

‘കൊവിഡിന്റെ മറവില്‍ ചെങ്ങോട്ടുമല തുരക്കാന്‍ നീക്കം’; പാരിസ്ഥിതിക അനുമതി അപേക്ഷ തള്ളണമെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ 
ലോക്ക് ഡൗണ്‍ മറയാക്കി പെരിയാറിലേക്ക് വന്‍തോതില്‍ രാസമാലിന്യം, എടയാറിലെ സ്വകാര്യ കമ്പനികളുടെ പരിസ്ഥിതി മലിനീകരണം

ഈ സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കുകയുമാണ് ആക്ഷന്‍ കൗണ്‍സില്‍. തിങ്കളാഴ്ച മുതല്‍ സമരസമിതി അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. പകല്‍ രണ്ട് സ്ത്രീകളും രാത്രിയില്‍ രണ്ട് പുരുഷന്‍മാരുമാണ് നിരാഹാര സമരം നയിക്കുന്നത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖല തുരന്നെടുക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കെ രാജേഷ് ദ ക്യുവിനോട് പറഞ്ഞു. കൊവിഡ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുകയാണ്. അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ലെന്നിരിക്കെയാണ് യോഗം ചേരുന്നത്. ഇതില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വാഹനത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഇവിടെ നിന്ന് പുറപ്പെടുകയാണെങ്കില്‍ തടയാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനമെന്നും രാജേഷ് വ്യക്തമാക്കി.

‘കൊവിഡിന്റെ മറവില്‍ ചെങ്ങോട്ടുമല തുരക്കാന്‍ നീക്കം’; പാരിസ്ഥിതിക അനുമതി അപേക്ഷ തള്ളണമെന്ന് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ 
ചെങ്ങോട്ടുമല തുരക്കാന്‍ ദൂരം തിരുത്തി; വനംവകുപ്പ് രേഖ തള്ളിയ മുന്‍ജില്ലാ കളക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് പ്രദേശവാസികള്‍ 

അതീവ ജൈവ വൈവിധ്യ മേഖലയാണ് ചെങ്ങോട്ടുമല. ഇവിടെ നൂറേക്കറിലാണ് ഖനനത്തിന് ശ്രമം നടക്കുന്നത്. ഖനനാനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ നേരത്തേ കോട്ടൂര്‍ പഞ്ചായത്ത് നിരസിച്ചിരുന്നു. നേരത്തേ കളക്ടറേറ്റില്‍ ചേര്‍ന്ന ഏകജാലക ബോര്‍ഡും ഇതേ തീരുമാനമാണ് കൈക്കൊണ്ടത്. ജില്ലാ കളക്ടര്‍ സാംബശിവറാവു നിയോഗിച്ച വിദഗ്ധ സമിതിയും ഖനനം പാടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കൂടുതല്‍ വിശകലനത്തിനായി വിഷയം സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിക്ക് വിടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഖനന നീക്കങ്ങള്‍ക്ക് ചീഫ് സെക്രട്ടറി കുടപിടിക്കുകയാണെന്ന് സമര സമിതി ആരോപിക്കുന്നു. മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ നിന്ന് ഖനന പ്രദേശത്തേക്കുള്ള ദൂരം നിര്‍ദിഷ്ട പത്ത് കിലോമറ്ററില്‍ കുറവാണ്. ഇത് വനംവകുപ്പ് ശരിവെച്ചിട്ടുണ്ട്. ഖനനം ഉരുള്‍പൊട്ടലിനും കടുത്ത കുടിവെള്ള ക്ഷാമത്തിനും വഴിവെയ്ക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ മേഖലയിലെ ആദിവാസികളുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ ശാസ്ത്രജ്ഞനായിരുന്ന ഡോ. കെവി തോമസ് അധ്യക്ഷനായിരുന്ന സംഘമാണ് ഇക്കാര്യങ്ങളില്‍ പഠനം നടത്തിയത്.

ഖനന നീക്കത്തിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞയിടെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വീടുകളില്‍ ചെങ്ങോട്ടുമല സംരക്ഷണ സമരജ്വാല തെളിയിച്ചിരുന്നു. എഴുത്തുകരായ ടിപി രാജീവന്‍, വീരാന്‍ കുട്ടി തുടങ്ങിവരും ഇതിന് നേതൃത്വം നല്‍കി.

Related Stories

No stories found.
The Cue
www.thecue.in