ലോക്ക് ഡൗണ്‍ മറയാക്കി പെരിയാറിലേക്ക് വന്‍തോതില്‍ രാസമാലിന്യം, എടയാറിലെ സ്വകാര്യ കമ്പനികളുടെ പരിസ്ഥിതി മലിനീകരണം

ലോക്ക് ഡൗണ്‍ മറയാക്കി പെരിയാറിലേക്ക് വന്‍തോതില്‍ രാസമാലിന്യം, എടയാറിലെ സ്വകാര്യ കമ്പനികളുടെ പരിസ്ഥിതി മലിനീകരണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുള്‍പ്പടെ നിശ്ചലമായപ്പോള്‍, ഈ അവസരം മുതലെടുത്ത് പരിസ്ഥിതി മലിനീകരണം യഥേഷ്ടം തുടരുകയാണ് കൊച്ചി എടയാറിലെ ഒരു വിഭാഗം സ്വകാര്യ കമ്പനികള്‍. മാലിന്യങ്ങള്‍ പുഴയിലൊഴുക്കാനുള്ള സുവര്‍ണാവസരമായാണ് ഈ കമ്പനികള്‍ ലോക്ക് ഡൗണിനെ കാണുന്നതെന്ന് മലീനീകരണ വിരുദ്ധ സമിതി നേതാവ് പുരുഷന്‍ ഏലൂര്‍ ദ ക്യുവിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും എടയാര്‍ മേഖലയിലെ കമ്പനികള്‍ പ്രവര്‍ത്തനം തുടരുകയാണ്. അതിഥി തൊഴിലാളികളാണ് കമ്പനിയിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും. ഇവരെ കമ്പനിയുടെയുള്ളില്‍ താമസിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനം തുടരുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ചീഫ് എന്‍ജീനിയര്‍ ബൈജുവിനെ സമീപിച്ചിരുന്നുവെന്നും, എന്നാല്‍ തങ്ങള്‍ അനുമതി നല്‍കിയിട്ടില്ല, കളക്ടറുടെ അനുമതി പ്രകാരമാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ലഭിച്ച മറുപടിയെന്നും പുരുഷന്‍ ഏലൂര്‍ പറയുന്നു.

കളക്ടറുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ചില കമ്പനികള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗുരുതര പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എല്ലുപൊടി കമ്പനികള്‍ക്കുള്‍പ്പടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് എന്‍ജിനീയര്‍ അറിയിച്ചു. എന്നാല്‍ ഇതിന്റെ മറവില്‍ മറ്റുപല കമ്പനികളും എടയാറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസിലായതെന്നും പുരുഷന്‍ ഏലൂര്‍ ദ ക്യുവിനോട് പറഞ്ഞു.

ശക്തമായ പരിശോധനകളൊന്നും മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് മുമ്പും ഇവിടെ ഉണ്ടായിട്ടില്ല. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പരിശോധനകള്‍ തീരെ ഇല്ലാതായി. ഈ അവസരം മുതലെടുത്താണ് പെരിയാര്‍ തീരത്തുള്ള ഭൂരിഭാഗം കമ്പനികളും അവരുടെ മാലിന്യങ്ങള്‍ പൂര്‍ണമായി പുഴയിലേക്ക് ഒഴുക്കിയത്. കഴിഞ്ഞ ഒന്നര ആഴ്ചയായി അതിരൂക്ഷമായ മലിനീകരണത്തിനാണ് ഇത് വഴിവെച്ചിരിക്കുന്നത്.

പാതാളം ബണ്ടിന് മുകളില്‍ കറുത്ത കുറികിയ നിറത്തിലാണ് വെള്ളം. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മാലിന്യങ്ങള്‍ പുഴയുടെ അടിത്തട്ടിലും പരന്നതോടെ മണ്ണിരകളുള്‍പ്പടെ ചത്തുപൊങ്ങുന്ന അവസ്ഥയാണ്. വളരെ രൂക്ഷമായ രാസമലിനീകരണം ഈ ദിവസങ്ങളില്‍ സംഭവിച്ചു എന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. പെരിയാറിനോട് അനുബന്ധിച്ചുള്ള കുടിവെള്ള സ്രോതസുകളിലേക്കും രാസമാലിന്യങ്ങള്‍ കലരാനുള്ള സാധ്യത കൂടുതലാണെന്നും പുരുഷന്‍ ഏലൂര്‍ പറയുന്നു. ഇനിയും മനിലീകരണം തുടര്‍ന്നാല്‍ അത് ജനങ്ങളുടെ ആരോഗ്യത്തിനും പുഴയുടെ ആവാസ വ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക എന്നും പുരുഷന്‍ ഏലൂര്‍ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in