Around us

‘ചെയ്തത് പരാതിക്ക് നമ്പറിടുക മാത്രം’; മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന പ്രചരണം തെറ്റെന്ന് മനുഷ്യാവകാശ കമ്മീഷന്‍ 

കയ്യടിച്ചാല്‍ വൈറസും ബാക്ടീരിയയും ഇല്ലാതാകാന്‍ സാധ്യതയെന്ന അശാസ്ത്രീയ പരാമര്‍ശത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന പ്രചരണം തെറ്റെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നടനെതിരെ കേസെടുത്തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കമ്മീഷന്‍ പിആര്‍ഒ ബിനുകുമാര്‍ ദ ക്യുവിനോട് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ഓണ്‍ലൈന്‍ ആയി ലഭിച്ച പരാതിയില്‍ സ്വാഭാവിക നടപടിക്രമം എന്ന നിലയില്‍ നമ്പറിടുക മാത്രമാണ് ചെയ്തത്. ഏത് പരാതി ലഭിച്ചാലും അതിന് നമ്പറിട്ടുനല്‍കും. ഓഫീസില്‍ പരാതി ലഭിച്ചുവെന്ന് അറിയിച്ചുള്ള മറുപടി മാത്രമാണത്. പതിവുപോലെ തപാല്‍ വിഭാഗത്തില്‍ വന്ന പരാതിക്ക് ജീവനക്കാര്‍ നമ്പറിട്ടു. അക്കാര്യം പരാതിക്കാരനെ അറിയിച്ചു. അതിന് പരാതി സ്വീകരിച്ചുവെന്ന് അര്‍ത്ഥമില്ല. കമ്മീഷന്‍ പരാതി പരിശോധിച്ച ശേഷമാണ് സ്വീകരിക്കണോ കേസെടുക്കണോയെന്നൊക്കെ തീരുമാനിക്കുക. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഓഫീസ് ഈമാസം 31 വരെ അവധിയാണ്. ഏപ്രില്‍ ഒന്നിന് മാത്രമേ കമ്മീഷന്റെ മുന്‍പാകെ പരാതി വരികയുള്ളൂ. തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് ശേഷമേ അതിന്‍മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കൂവെന്നും ബിനുകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായ ദിനു വെയില്‍ ആണ് മോഹന്‍ലാലിന്റെ പ്രസ്താവനയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇതുകൂടാതെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നുവെന്ന് ദിനു ദ ക്യുവിനോട് വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പടരുന്ന ഭയജനകമായ സാഹചര്യത്തില്‍ അശാസ്ത്രീയവും തെറ്റായതുമായ വാദഗതികള്‍ നടത്തിയെന്നായിരുന്നു നടനെതിരായ ദിനുവിന്റെ പരാതി. മനോരമ ന്യൂസിനോട് മോഹന്‍ലാല്‍ നടത്തിയ അഭിപ്രായ പ്രകടനം അതില്‍ വിശദീകരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിവരങ്ങള്‍ ലഭിക്കാന്‍ ആളുകള്‍ ടെലിവിഷനെ പ്രധാന മാധ്യമമായി ഉപയോഗപ്പെടുത്തുമ്പോള്‍, അശാസ്ത്രീയ വാദങ്ങള്‍ വിശദീകരിക്കുന്നത് സമൂഹത്തിലേക്ക് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍

ഒരുപാട് പേര്‍ ഇത് സീരിയസ്സായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

ഒരുമിച്ച് കയ്യടിക്കുമ്പോഴുള്ള ശബ്ദതരംഗത്തില്‍ കൊറോണാ വൈറസ് ഇല്ലാതാകുമെന്ന വ്യാജവാദത്തെ തള്ളി നേരത്തേ കേന്ദ്രസര്‍ക്കാരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 22ന് വൈകിട്ട് അഞ്ച് മണിക്ക് ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി കയ്യടിക്കാന്‍ ആഹ്വാനം ചെയ്തത് ആരോഗ്യമേഖലയില്‍ നിസ്വാര്‍ത്ഥ സേവനം തുടരുന്നവര്‍ക്ക് വേണ്ടിയാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം