‘ഒറീസയ്ക്ക് സാധിക്കുമെങ്കില്‍ നമുക്കാവില്ലേ ?’; പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്നു തിരിച്ചറിയണമെന്ന് മോഹന്‍ലാല്‍ 

‘ഒറീസയ്ക്ക് സാധിക്കുമെങ്കില്‍ നമുക്കാവില്ലേ ?’; പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്നു തിരിച്ചറിയണമെന്ന് മോഹന്‍ലാല്‍ 

പ്രകൃതി ദുരന്തങ്ങളെ നേരിടുന്ന മുന്നൊരുക്കത്തിന്റെ കാര്യത്തില്‍ ഒറീസയെ മാതൃകയാക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍. 2003ലെ ഫാലിന്‍ ചുഴലിക്കാറ്റിലെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഒറീസ നടത്തിയ തയ്യാറെടുപ്പുകള്‍ ചൂണ്ടിക്കാട്ടി തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.

1999ല്‍ ഒറീസയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പതിനായിരം മനുഷ്യരാണ് മരിച്ചത്. എന്നാല്‍ അതേ സ്ഥാനത്ത് 2003ല്‍ ഫാലിന്‍ ചുഴലിക്കാറ്റ് വന്നപ്പോള്‍ 25 പേരെ മരിച്ചുളളൂ. സാറ്റ്‌ലൈറ്റ് ഇമേജുകളുപയോഗിച്ചും കടല്‍ത്തിരമാലകളുടെയും കാറ്റിന്റെയും വേഗമളന്നും മഴയുടെ പതന ശേഷി അളന്നും സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചിട്ടയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

ഒറീസയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും സാധിക്കില്ലേ ? രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് എല്ലാ തരത്തിലും മാറേണ്ടതുണ്ട്. ഒരുപാട് കരുതലുകള്‍ എടുക്കേണ്ടതുണ്ട്. പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്നു തിരിച്ചറിയേണ്ടതുണ്ട്. മഴ പെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിനുമുന്‍പ് ആധുനിക ശാസ്ത്രസംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ നമുക്ക് സാധിക്കില്ലേ ?

മോഹന്‍ലാല്‍

ഇതിനെല്ലാം വേണ്ട ഒരു പ്രധാനകാര്യം എല്ലാവരും അവരവരുടെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്യുക എന്നതാണെന്നും മോഹന്‍ലാല്‍ കുറിച്ചു. നന്ദി, വിനയം, സമര്‍പ്പണം, കടമ അനുതാപം ഇവയെല്ലാം നമുക്ക് കുറഞ്ഞു വരുകയാണെന്ന് തനിക്ക് തോന്നാറുണ്ട്. പ്രകൃതിയോട് നമുക്ക് വിനയം വേണം, സഹജീവികളുടെ ജീവിതത്തോട് അനുതാപം വേണം, ചെയ്യാനുള്ള ജോലിയോട് പ്രതിബദ്ധത വേണം. ലഭിക്കുന്ന നന്മകളോട് നന്ദി വേണം ഇവയെല്ലാം എവിടെയൊക്കെയോ ചോര്‍ന്ന് പോകുന്നു. എല്ലാവരും അവരവരുടെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്താല്‍ ജീവിതത്തിലെ എല്ലാ ദുരിതങ്ങളെയും വലിയ ഒരളവില്‍ മറികടക്കാന്‍ സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

The Cue
www.thecue.in