കരൂര്‍ ദുരന്തത്തില്‍ നടന്‍ വിജയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് നടന്നു വരുന്നത്. സിനിമാ മേഖലയില്‍ നിന്ന് വിമര്‍ശനം ഉയരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയ്ക്ക് എതിരെ രംഗത്തെത്തുന്നു. കരൂരില്‍ വിജയ് എന്തുകൊണ്ടാണ് പ്രതിസ്ഥാനത്ത് വരുന്നത്? ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? ഉച്ചക്ക് 12 മണിക്ക് എത്തുമെന്ന് പറഞ്ഞ വിജയ് കരൂരിലെ റാലി നടക്കുന്ന സ്ഥലത്ത് എത്തിയത് രാത്രി 7 മണിക്ക് ശേഷം. വിജയിനെ കാണാന്‍ ജനങ്ങള്‍ രാവിലെ 10 മണി മുതല്‍ അവിടെയെത്തിയിരുന്നു. കനത്ത വെയിലില്‍ കാത്തിരുന്ന അവര്‍ വെള്ളവും ആഹാരവും പോലുമില്ലാതെയാണ് മണിക്കൂറുകളോളം അവിടെ ചെലവഴിച്ചത്.
അവരെല്ലാവരും തന്നെ തളര്‍ന്നിരുന്നു. വിജയ് എത്തി പ്രസംഗം ആരംഭിച്ചപ്പോള്‍ അവിടെ ദുരന്തവും സംഭവിച്ചു കഴിഞ്ഞിരുന്നു. വിക്രവാണ്ടിയില്‍ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടന്നപ്പോഴും ഭക്ഷണവും വെള്ളവും കിട്ടാതെ പലരും കുഴഞ്ഞു വീണിരുന്നതാണ്. അതിന് ശേഷം നടന്ന മധുര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വെള്ളവും ഭക്ഷണവും കിട്ടി. എന്നാല്‍ ജില്ലാ പര്യടനങ്ങള്‍ ആരംഭിച്ചപ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ കുടിവെള്ളം എത്തിക്കാനോ ഒരു ശ്രമവും ടിവികെയുടെ ഭാഗത്തു നിന്നുണ്ടായില്ല. അതിന് അറിവുള്ളവര്‍ കൂടെയില്ല എന്നതാണ് വാസ്തവം. തിരുച്ചിറപ്പള്ളിയിലെ റാലിയിലും ജനങ്ങളെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തിയിട്ടാണ് വിജയ് എത്തിയത്.
റാലികള്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാഷ്ട്രീയമാണെന്ന് ആരോപിച്ച് കോടതിയില്‍ പോകുകയാണ് ടിവികെ ചെയ്തത്. കരൂരില്‍ 10,000 പേര്‍ പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി ചോദിച്ചിട്ട് എത്തിയത് പത്ത് ഇരട്ടിയിലേറെ ആളുകള്‍. 500 പൊലീസുകാര്‍ മാത്രമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. പക്ഷേ വിജയ് എവിടെയും സുരക്ഷിതനാണ്. വൈ കാറ്റഗറിയും ബൗണ്‍സര്‍ സുരക്ഷയുമുണ്ട്. കാത്തിരിക്കുന്ന ആരാധകര്‍ക്ക് അവരുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. വിജയ് എന്തുകൊണ്ടാണ് ജനങ്ങളെ പൊരിവെയിലില്‍ കാത്തു നിര്‍ത്തുന്നത്?