Videos

പഠിച്ച് അവതരിപ്പിച്ച വിവരങ്ങള്‍; രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത് എന്ത്?

ശ്രീജിത്ത് എം.കെ.

അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രമുള്ള വോട്ടര്‍മാര്‍. എഴുപതും എണ്‍പതും പിന്നിട്ട കന്നി വോട്ടര്‍മാര്‍. ഒന്നിലേറെ ബൂത്തുകളില്‍ വോട്ടവകാശമുള്ളവര്‍. വീട്ടു നമ്പറിന്റെ സ്ഥാനത്ത് പൂജ്യം രേഖപ്പെടുത്തിയിരിക്കുന്നവര്‍. വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പുറത്തു വിട്ടത് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന കഴിഞ്ഞ ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം സാധാരണ മട്ടിലുള്ള ഒന്നായിരുന്നില്ല. കണക്കുകളും വാദങ്ങളും ഒരു പ്രസന്റേഷനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. അതില്‍ ഒരു പ്രധാനപ്പെട്ട കാര്യം വോട്ടര്‍ പട്ടികയുടെ ഡേറ്റ ആവശ്യപ്പെട്ടിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഹാര്‍ഡ് കോപ്പിയായിട്ടാണ് എന്നതായിരുന്നു. വലിയൊരു കെട്ട് പേപ്പറുകളുടെ ചിത്രം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഇത് പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡേറ്റ തന്നിരുന്നെങ്കില്‍ വിവരങ്ങള്‍ മനസിലാക്കാന്‍ നിമിഷങ്ങള്‍ മാത്രം വേണ്ടിയിരുന്നിടത്ത് ഈ പേപ്പര്‍ കെട്ടില്‍ നിന്ന് എന്തൊക്കെ കൃത്രിമങ്ങളാണ് നടന്നിരിക്കുന്നതെന്ന് വളരെ ക്ഷമാപൂര്‍വ്വമുള്ള പരിശ്രമം വേണ്ടി വന്നുവെന്ന് വ്യക്തം. അതൊരു പഠനത്തിന്റെ സൂക്ഷ്മതയുള്ള പ്രവര്‍ത്തനമായിരുന്നു.

രാജ്യം ഭരിക്കുന്ന ബിജെപിയെയും സ്വതന്ത്രമെന്ന് ഭരണഘടനാപരമായി വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയുമാണ് രാഹുല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹരിയാന-മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും വലിയ തോതില്‍ കൃത്രിമത്വം നടന്നുവെന്ന് ഉദാഹരണങ്ങളിലൂടെ രാഹുല്‍ ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ട് കണക്കുകള്‍ ഉദ്ധരിച്ചാണ് രാഹുല്‍ വിശദീകരിക്കുന്നത്. വോട്ട് മോഷണം എന്ന വാക്കാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് നടന്ന അവസരങ്ങളില്‍ രാഹുല്‍ ഇതേ ആരോപണം ഉയര്‍ത്തിയിരുന്നതാണ്. ക്രമക്കേടുകള്‍ സംബന്ധിച്ച് ഒരു ലേഖനവും രാഹുല്‍ എഴുതിയിരുന്നു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരാതികള്‍ ഉയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം കാണിക്കുന്നുവെന്നതായിരുന്നു പ്രധാന പരാതി. ആ പരാതി പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെയാണ് പുതിയ ആരോപണം ഉയര്‍ന്നത്. ഇതുവരെ ഇല്ലാത്ത വിധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്വതന്ത്ര സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയും സംശയവും ഉയര്‍ത്തിയിരിക്കുന്നത് ലോക്‌സഭാ പ്രതിപക്ഷനേതാവാണ്. ഇലക്ടറല്‍ ഡെമോക്രസി, അഥവാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ കുറ്റമറ്റ വോട്ടര്‍പട്ടികയെന്നത് ഏറ്റവും അടിസ്ഥാനമാണ്. അത് ഉറപ്പു വരുത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്നതാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. അത് മാത്രമല്ല, തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആ പട്ടികയെ മാനിപ്പുലേറ്റ് ചെയ്തുവെന്നും രാഹുല്‍ ആരോപിക്കുകയാണ്. അത് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കാന്‍ സാധിക്കുന്നുവെന്നതിന് പിന്നില്‍ വലിയ അധ്വാനമുണ്ട്. വലിയൊരു എഫര്‍ട്ടാണ് അത്. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാഹുല്‍ ഒരു ശ്രമം നടത്തിയിരിക്കുന്നു എന്ന് പറയാവുന്ന ഒന്ന്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിക്ക് എതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന ആരോപണം ഉയര്‍ന്നിരുന്നു. പുല്‍വാമയും സര്‍ജിക്കല്‍ സ്‌ട്രൈക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നത് അടക്കമാണ് പ്രധാനമന്ത്രിക്ക് എതിരെ ആരോപണം ഉയര്‍ന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടായില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. ഇതില്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തിയെങ്കിലും പരാതികളൊന്നും എങ്ങും എത്തിയില്ല.

മറ്റൊരു പ്രധാന വിഷയം മാധ്യമങ്ങളുടെ മൗനമാണ്. ദേശീയ മാധ്യമങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്‍കിട കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പരിശ്രമത്തിന് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ കൊടുത്തില്ല എന്നതാണ് വാസ്തവം. വോട്ടര്‍ പട്ടിക പോലെ പൊതുസമൂഹത്തിന് മുന്നിലുള്ള ഒരു ഡോക്യുമെന്റിലുണ്ടാകുന്ന പിഴവുകള്‍ സാധാരണ മട്ടിലുള്ള ഒരു അന്വേഷണത്തിലൂടെ തെളിയിക്കാന്‍ എല്ലാ സൗകര്യങ്ങളുമുള്ള മാധ്യമങ്ങള്‍ അതിന് ശ്രമിക്കാതെ വന്നതും രാഹുല്‍ ഗാന്ധിയെ ഇങ്ങനെയൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകണം. എന്നും പ്രതിപക്ഷമായി നില്‍ക്കേണ്ട മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് എതിരെ നില്‍ക്കുന്ന കാലമായതിനാലാകാം രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിനും വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല. രാഹുല്‍ ഗാന്ധി തുറന്നു വിട്ടിരിക്കുന്നത് ഒരു ചെറിയ ഭൂതത്തെയല്ല. അതിന്റെ തുടര്‍ ചലനങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

'അഭിനയിക്കാന്‍ ആര്‍ക്കാണ് സഹോദരാ ഇഷ്ടമല്ലാത്തത്..' സുമതി വളവില്‍ തന്നെ കാസ്റ്റ് ചെയ്തതതിനെക്കുറിച്ച് അഭിലാഷ് പിള്ള

കൃഷാന്തിന്‍റെ സംഭവ വിവരണം നാലര സംഘം വെബ് സീരീസുകളുടെ സീന്‍ മാറ്റും: വിഷ്ണു അഗസ്ത്യ

ഒറ്റ രാത്രിയിൽ സംഭവിച്ചത്; ത്രില്ലടിപ്പിച്ച് 'കാഷ്വാലിറ്റി' ഷോർട്ട് ഫിലിം

കിങ്ഡത്തിലെ ഇന്‍ട്രോ സീനില്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത് വിജയ് സേതുപതിയുടെ ആ പെര്‍ഫോമന്‍സ്: വെങ്കിടേഷ്

ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് 'സിനിമ കൊള്ളാലോ' എന്ന് തോന്നിയത്: ഹരിശ്രീ അശോകന്‍

SCROLL FOR NEXT