Videos

എംഎല്‍എ ആയിരിക്കെ കൊലചെയ്യപ്പെട്ട ആദ്യത്തെയാള്‍; നിലമ്പൂരിന് ആരായിരുന്നു സഖാവ് കുഞ്ഞാലി?

sreejith mk

രണ്ടാം ലോകയുദ്ധത്തില്‍ സൈനികനായിരുന്ന കമ്യൂണിസ്റ്റ്. കൊണ്ടോട്ടിയില്‍ ജനിച്ചെങ്കിലും നിലമ്പൂരുകാരനായി അറിയപ്പെട്ട തൊഴിലാളി നേതാവ്. എംഎല്‍എ സ്ഥാനത്തിരിക്കുമ്പോള്‍ കൊല ചെയ്യപ്പെട്ട ആദ്യത്തെയാള്‍. സഖാവ് കുഞ്ഞാലിയെന്ന കെ.കുഞ്ഞാലി

56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1969 ജൂലൈ 26ന് നിലമ്പൂര്‍ ചുള്ളിയോട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ വെച്ചാണ് അന്ന് എംഎല്‍എ ആയിരുന്ന കുഞ്ഞാലി വെടിയേറ്റ് വീഴുന്നത്. ചുള്ളിയോട് സിപിഎം പാര്‍ട്ടി ഓഫീസിന് എതിര്‍ വശത്തായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസ്. ആ ദിശയില്‍ നിന്നാണ് വെടിയുതിര്‍ക്കപ്പെട്ടത്. നിലമ്പൂരില്‍ എഐടിയുസി, ഐഎന്‍ടിയുസി തൊഴിലാളി യൂണിയനുകള്‍ക്കിടയിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള സംഘര്‍ഷമായി മാറിയ കാലത്തായിരുന്നു ഈ സംഭവം. നിലമ്പൂരിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്നത് ആര്യാടന്‍ മുഹമ്മദ്. സിപിഎമ്മിന്റെ തലപ്പത്ത് കുഞ്ഞാലിയും. സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തില്‍ രണ്ട് പാര്‍ട്ടി ഓഫീസുകളിലും പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. രാത്രി കുഞ്ഞാലി ഓഫീസില്‍ നിന്ന് മടങ്ങാന്‍ ഇറങ്ങുമ്പോഴാണ് വെടിയേറ്റത്. ആര്യാടന്‍ അടക്കമുള്ള നേതാക്കള്‍ ഈ സമയത്ത് കോണ്‍ഗ്രസ് ഓഫീസിലുണ്ടായിരുന്നു. ജൂലൈ 28ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് കുഞ്ഞാലി മരിച്ചു. മരണത്തിന് മുന്‍പ് തന്നെ വെടിവെച്ചതിന് പിന്നില്‍ ആര്യാടനാണെന്ന് കുഞ്ഞാലി പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ ആര്യാടന്‍ ഒന്നാം പ്രതിയാക്കപ്പെടുകയും ഒരു വര്‍ഷത്തോളം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു. പിന്നീട് കെട്ടിടത്തിന്റെ മുകള്‍ നിലയിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഓഫീസില്‍ നിന്നല്ല വെടിയുതിര്‍ക്കപ്പെട്ടതെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ആര്യാടനെ കോടതി വെറുതെ വിട്ടു.

1965ലാണ് കുഞ്ഞാലി നിലമ്പൂരില്‍ ആദ്യമായി എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞു കൊണ്ടായിരുന്നു അന്ന് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് രൂപീകരിക്കപ്പെട്ട സിപിഐഎമ്മിന്റെ പ്രവര്‍ത്തകരെ ചൈനീസ് ചാരന്‍മാര്‍ എന്ന് ആരോപിച്ച് തടവിലാക്കിയിരുന്നു. അങ്ങനെ ജയിലില്‍ അടക്കപ്പെട്ടതായിരുന്നു കുഞ്ഞാലിയും. ആ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ വിജയിച്ച് സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 36 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു. 133 സീറ്റുകളുണ്ടായിരുന്ന കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. പിന്നീട് 1967ല്‍ നടന്ന തെരഞ്ഞെടുപ്പിലും നിലമ്പൂരില്‍ നിന്ന് കുഞ്ഞാലി തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വര്‍ഷത്തിന് ശേഷം 42-ാമത്തെ വയസില്‍ കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടു.

കൊണ്ടോട്ടിക്കാരനായിരുന്ന കുഞ്ഞാലി നിലമ്പൂര് കാരനായാണ് അറിയപ്പെട്ടത്. 1924ല്‍ ജനിച്ച കുഞ്ഞാലി വളരെ ചെറുപ്പത്തില്‍ തന്നെ അമ്മയ്‌ക്കൊപ്പം ബീഡിക്കമ്പനിയില്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. ഇവിടെനിന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്തത്. 1942ല്‍ കുഞ്ഞാലി സൈന്യത്തില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കെതിരെ റഷ്യയും ബ്രിട്ടനും ഒരുമിച്ച് പോരാടിക്കൊണ്ടിരുന്ന കാലം. നാസികള്‍ക്കെതിരെ സൈനികനാകുകയെന്നത് കമ്യൂണിസ്റ്റ് പ്രവര്‍ത്തനമായി കണ്ടുകൊണ്ട് കുഞ്ഞാലിയും സൈനികനായി. 1945ല്‍ യുദ്ധം അവസാനിച്ചതോടെ ഇന്ത്യക്കാരായ സൈനികരെ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടാതായി. കമ്യൂണിസ്റ്റുകാരെന്ന് മുദ്രകുത്തി സൈനികരെ പിരിച്ചുവിട്ടതിനൊപ്പം കുഞ്ഞാലിയും പിരിച്ചുവിടപ്പെട്ടു. പിന്നീട് മൈസൂരില്‍ ബീഡിത്തൊഴിലാളികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കാനായി പാര്‍ട്ടി കുഞ്ഞാലിയെ നിയോഗിച്ചു. അവിടെ നിന്നാണ് നിലമ്പൂരിലെ തോട്ടം മേഖലയില്‍ കുഞ്ഞാലി നിയോഗിക്കപ്പെടുന്നത്. ഇതോടെ കാളികാവിലേക്ക് അമ്മയുമായി കുഞ്ഞാലി താമസം മാറുകയും നിലമ്പൂരുകാരനായി മാറുകയുമായിരുന്നു.

ജന്മിമാര്‍ തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ കുഞ്ഞാലി ശക്തമായ പോരാട്ടം നടത്തി. തൊഴിലാളികളെ ആക്രമിക്കുന്ന തോട്ടം മാനേജര്‍മാരും ഉടമകളും കുഞ്ഞാലിയുടെ കൈക്കരുത്ത് നേരിട്ടറിഞ്ഞു. തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുന്നവര്‍ക്കെതിരെയും കുഞ്ഞാലിയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളുണ്ടായി. ആരെയും നേരിട്ട് വെല്ലുവിളിക്കുന്ന കുഞ്ഞാലിയുടെ പ്രകൃതം പ്രദേശത്തെ തൊഴിലാളികളില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കി. എംഎല്‍എ ആയിരിക്കുമ്പോഴും പ്രവര്‍ത്തകര്‍ക്കൊപ്പം സംഘര്‍ഷ മേഖലകളില്‍ നേരിട്ട് ചെല്ലാന്‍ കുഞ്ഞാലി ശ്രമിക്കുമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന് വെടിയേല്‍ക്കുന്നതും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് നിലമ്പൂര്‍ എന്ന് രാഷ്ട്രീയ കേരളം ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സിപിഎം ഇവിടെ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോഴും എതിര്‍പക്ഷം വെല്ലുവിളി ഉയര്‍ത്തുമ്പോഴും സഖാവ് കുഞ്ഞാലിയുടെ പേരാണ് ആദ്യം ഉയര്‍ന്ന് കേള്‍ക്കുന്നത്.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT