കപ്പെടുക്കാനും കലിപ്പടക്കാനും വന്ന കേരള ബ്ലാസ്റ്റേഴ്‌സിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? സ്റ്റേഡിയത്തിന്റെ പേരിലാണെങ്കിലും ഇപ്പോള്‍ അടുത്ത സീസണ്‍ കളിക്കാനുള്ള ലൈസന്‍സ് പോലും ക്ലബ്ബിന് കിട്ടിയിട്ടില്ല. ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ ടീമിന് പുറത്തു പോകേണ്ടി വന്നു. ടീമിനുള്ളില്‍ താരങ്ങള്‍ തമ്മിലുണ്ടായ പൊരുത്തക്കേടുകളും കളിക്കളത്തിലേക്ക് വരെ നീണ്ട സംഘര്‍ഷവും വലിയ പ്രതീക്ഷകളോടെ എത്തിച്ച കോച്ച് സീസണിനിടെ പുറത്തു പോയതുമെല്ലാം ബ്ലാസ്റ്റേഴ്‌സിനെ ബാധിച്ചു.
ഡിഫന്‍സിലുണ്ടായ വീഴ്ചകളും പരിക്കിന്റെ പിടിയിലായ ഗോളി സച്ചിന്‍ സുരേഷില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ലഭിക്കാതിരുന്നതും ക്യാപ്റ്റനാണെങ്കിലും ഏഡ്രിയന്‍ ലൂണയും കഴിഞ്ഞ സീസണില്‍ കാര്യമായ പ്രകടനം കാഴ്ചവെച്ചില്ല. ആറ് സീസണില്‍ ക്ലബ്ബിനൊപ്പമുണ്ടായിരുന്ന രാഹുല്‍ കെപിയും ഫ്രഞ്ച് താരമായ അലക്‌സാന്‍ഡര്‍ കോഫും ക്ലബ്ബ് വിടുകയും ചെയ്തു. ഇതിനിടയില്‍ ടീമിന് എന്നും പിന്തുണയുമായി നിന്നിരുന്ന മഞ്ഞപ്പടയെന്ന ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിനെ കൈവിട്ടതാണ് മറ്റൊരു ദുരന്തം. ഇതുവരെ ഒരു കപ്പോ ഷീല്‍ഡോ നേടാനാകാത്ത ടീമിനെ ഇനിയന്തെിന് പിന്തുണക്കണം എന്നായിരുന്നു ആരാധകരുടെ ചോദ്യം.
കൊച്ചി വിട്ട് കോഴിക്കോടേക്ക് ചേക്കേറാന്‍ ഒരു ശ്രമം ഇതിനിടെ ക്ലബ്ബ് നടത്തിയിരുന്നു. കപ്പ് എടുക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. സന്തുലിതമല്ലാത്ത ടീം. ഇവാന്‍ വുകാമനോവിച്ചിന് ശേഷം സ്ഥിരമായി ഒരു ഹെഡ് കോച്ചിനെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ. ഇപ്പോള്‍ ലൈസന്‍സുമില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് അടുത്ത സീസണിലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചു വരാനാകുമോ?