Videos

കേരള തൊഗാഡിയയില്‍ നിന്ന് മുഖ്യമന്ത്രിക്ക് മതനിരപേക്ഷനായി മാറിയ വെള്ളാപ്പള്ളി|Vellappally Natesan

sreejith mk

കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി, ആര്‍ എസ് എസിന്റെ നാവുകടമെടുത്ത വെള്ളാപ്പള്ളി, ബിജെപിയും കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കാന്‍ കാര്‍മികത്വം വഹിക്കുന്ന വെള്ളാപ്പള്ളി, ജാതിരാഷ്ട്രീയം പ്രോത്സാഹിപ്പിച്ച് വര്‍ഗീയതയ്ക്ക് മുതല്‍കൂട്ടാനുള്ള തന്ത്രം നടപ്പാക്കുന്ന ആര്‍എസ്എസ്-അമിത് ഷാ നേതൃത്വത്തിന്റെ ഉപകരണമായ വെള്ളാപ്പള്ളി. ഒരു ദശകത്തിന് മുന്‍പ് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് വെള്ളാപ്പള്ളി നടേശന്‍ എന്ന സമുദായ നേതാവിന്റെ വാക്കുകളെയും പ്രവൃത്തികളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നടത്തിയ രാഷ്ട്രീയ പ്രസ്താവനകളാണ് ഈ പറഞ്ഞത്. കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തിലായിരുന്നു അദ്ദേഹം കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുകയാണെന്നും വര്‍ഗ്ഗീയ വിഷം വമിപ്പിക്കുകയാണെന്നും പിണറായി പറഞ്ഞത്. വി.എസ്.അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ സംസാരിച്ച വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ നാവ് കടമെടുക്കുകയാണെന്ന് പിണറായി അന്ന് പറഞ്ഞു.

പത്തു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ചേര്‍ത്തലയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളിക്ക് സ്വീകരണം നല്‍കുന്ന വേദിയില്‍ മുഖ്യാതിഥി മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ സരസ്വതീ വിലാസം നാക്കിലുള്ള വ്യക്തിയായി വെള്ളാപ്പള്ളി മാറുന്നുണ്ട്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് സ്വീകരിച്ചയാളായി മാറുന്നുണ്ട്. വെള്ളാപ്പള്ളി നടത്തിയ നിലമ്പൂര്‍ പ്രസംഗം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരായി നടത്തിയ പരാമര്‍ശമായി മാത്രം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

അപരമത വിദ്വേഷം ഉയര്‍ത്തി സാഹോദര്യ അന്തരീക്ഷം തകര്‍ക്കാന്‍ രാജ്യത്ത് ശ്രമം നടക്കുന്നു. വെള്ളാപ്പള്ളി എല്ലാക്കാലത്തും മതനിരപേക്ഷ കാഴ്ചപ്പാട് ഉയര്‍ത്തിയ വ്യക്തിയാണ്. അദ്ദേഹം ഒരു മതത്തിന് എതിരായി നില്‍ക്കുന്ന വ്യക്തിയല്ലെന്ന് വെള്ളാപ്പള്ളിയെ അറിയുന്ന ആളുകള്‍ക്ക് അറിയാം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയാണ് വിമര്‍ശിച്ചത്. ആ പാര്‍ട്ടിയോട് പ്രത്യേക വിരോധമോ മമതയോ വെച്ചുകൊണ്ട് പറഞ്ഞ കാര്യമല്ല. ഇപ്പോഴുള്ള യാഥാര്‍ത്ഥ്യം പറഞ്ഞുവെന്നേയുള്ളു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ഒന്നിനെയും പേരെടുത്ത് പരാമര്‍ശിക്കില്ല. വിവാദമായാല്‍ അത് ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന് ന്യായീകരിക്കാന്‍ സൗകര്യമായതുകൊണ്ട് അടുത്തിടെ അദ്ദേഹം നടത്തിയ മലപ്പുറം പ്രസംഗത്തിലും ഒരു മയിലെണ്ണ തേച്ച വഴക്കമുണ്ടായിരുന്നു. പറയാനുള്ളത് പറയുകയും ചെയ്തു, പിന്നീട് വളരെ വിദഗ്ദ്ധമായി അതില്‍ നിന്ന് ഒഴിയുകയും ചെയ്തു. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്ന പ്രസ്താവനയില്‍ മതവിദ്വേഷം കാണാനില്ലെന്ന് പറഞ്ഞ് കേസെടുക്കാന്‍ പൊലീസും തയ്യാറായില്ല. വെള്ളാപ്പള്ളിയെ ന്യായീകരിക്കാന്‍ ആദ്യം രംഗത്തെത്തിയത് കെ.സുരേന്ദ്രനും കെ.പി.ശശികലയുമൊക്കെയായിരുന്നു. അത് സ്വാഭാവികവുമാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളിയുടെ പ്രസംഗത്തെ വ്യാഖ്യാനിക്കുകയും അതില്‍ കുഴപ്പമൊന്നും കാണാന്‍ കഴിയുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തത് ഇടത് അനുഭാവികളെപ്പോലും അതിശയപ്പെടുത്തിയെന്നതാണ് സത്യം

വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ എന്നും സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളവയായിരുന്നു. മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ മതനിരപേക്ഷമായ നിലപാട് വെള്ളാപ്പള്ളി ഏതെങ്കിലും ഘട്ടത്തില്‍ സ്വീകരിച്ചതായും കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് വരില്ല. നൗഷാദിന്റെ മരണത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തില്‍ വളരെ പ്രകടമായി അത് കാണാനാകും. പിന്നീട് തിരുത്തിയെങ്കിലും തന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്ന ന്യായീകരണമായിരുന്നു അന്ന് വെള്ളാപ്പള്ളി നടത്തിയത്. സംഘടനാ തലപ്പത്തു നിന്നുകൊണ്ട് അധികാരത്തില്‍ ഇരിക്കുവരുമായി രാഷ്ട്രീയ വിലപേശല്‍ നടത്താന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിരുന്നു. കണിച്ചുകുളങ്ങരയില്‍ സ്ഥിരം സന്ദര്‍ശകരായ കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹത്തിന് സ്ഥായിയായ ശത്രുതയോ വിമര്‍ശനമോ ഇല്ല. ബിജെപിയുമായുള്ള വിലപേശല്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായ ബിഡിജെഎസിലൂടെ സാധ്യമാകുന്നുണ്ട്. പാര്‍ട്ടി രൂപീകരണത്തിനായുള്ള ചര്‍ച്ചകളിലും പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തിലുമെല്ലാം നിറഞ്ഞുനിന്ന വെള്ളാപ്പള്ളി പിന്നീട് ബിഡിജെഎസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നു. എങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഒരു വിലപേശല്‍ സ്‌പേസുണ്ടാക്കാന്‍ ആ പാര്‍ട്ടിയുടെ രൂപീകരണത്തോടെ വെള്ളാപ്പള്ളിക്ക് സാധിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ഈ രാഷ്ട്രീയം തുറന്നു പറയാന്‍ ഇടതുപക്ഷത്തിന് മുന്‍പ് സാധിച്ചിരുന്നു. പിണറായി വിജയനും വി.എസ്.അച്യുതാനന്ദനും അടക്കമുള്ള നേതാക്കള്‍ വളരെ ശക്തമായിത്തന്നെ വെള്ളാപ്പള്ളിയെ വിമര്‍ശിക്കുകയും തുറന്നു കാട്ടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മലപ്പുറത്ത് ഒരു വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ ദിവസങ്ങള്‍ക്കുള്ളില്‍ ചേര്‍ത്തു നിര്‍ത്താന്‍ സാധിക്കുന്ന വിധത്തിലേക്ക് രാഷ്ട്രീയം മാറിയിരിക്കുന്നുവെന്നാണോ? മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചില ആളുകളുടെ സംസ്ഥാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞതിനെ വിദ്വേഷ പ്രസംഗമായിത്തന്നെ കണ്ടുകൊണ്ട്, അതിനെ വിമര്‍ശിച്ചുകൊണ്ട് വെള്ളാപ്പള്ളിയിലെ ഗുണങ്ങളെ കാണാനും പ്രകീര്‍ത്തിക്കാനും ആ വേദിയില്‍ മുഖ്യമന്ത്രി തയ്യാറാകണമായിരുന്നു. പത്തു വര്‍ഷം മുന്‍പ് അദ്ദേഹത്തിന് അത് സാധിക്കുമായിരുന്നു. പല വേദികളിലും പലരെയും നേരിട്ട് വിമര്‍ശിച്ചിട്ടുള്ളയാളാണ് പിണറായി വിജയന്‍. വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ മാത്രം അതുണ്ടായില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം മറ്റൊന്നാകുമായിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT