Videos

പുതിയ യുദ്ധത്തില്‍ തരൂരാണ് ആയുധം | Shashi Tharoor

sreejith mk

കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റ് വെട്ടി കേന്ദ്ര സര്‍ക്കാരിന്റെ രാജ്യാന്തര ദൗത്യസംഘത്തില്‍ ശശി തരൂരിനെ എന്തുകൊണ്ട് തലവനാക്കുന്നു? ശശി തരൂര്‍ സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍-മോദി അനുകൂല നിലപാടുകള്‍ മാത്രമാണോ കാരണം? കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കാന്‍ തരൂരിനെ കരുവാക്കുകയാണോ ബിജെപി. അതിന് ആയുധമാകാന്‍ തരൂര്‍ എന്തുകൊണ്ട് നിന്നുകൊടുക്കുന്നു? എന്തുകൊണ്ട് കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റ് വെട്ടി സര്‍ക്കാരിന്റെ ദൗത്യസംഘത്തില്‍ തരൂരിനെ തലവനാക്കുന്നു?

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏഴ് സംഘങ്ങളെ അയക്കാന്‍ തീരുമാനിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളാണ് സംഘാംഗങ്ങള്‍. അതിനായി പ്രതിപക്ഷ പാര്‍ട്ടികളോട് അംഗങ്ങളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നല്‍കിയത് നാല് പേരുകള്‍. എന്നാല്‍ അവയില്‍ ഇല്ലാതിരുന്ന ശശി തരൂരിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നു, ഒരു സംഘത്തിന്റെ തലവനായിത്തന്നെ. തരൂരിനെക്കൂടാതെ ബിജെപി അംഗങ്ങളായ രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവില്‍ നിന്ന് സഞ്ജയ് കുമാര്‍ ഝാ, ഡിഎംകെ പ്രതിനിധി കനിമൊഴി എന്‍സിപിയിലെ സുപ്രിയ സുലെ, ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ എന്നിവരാണ് മറ്റ് ദൗത്യസംഘങ്ങളെ നയിക്കുന്നത്. ഇതില്‍ തരൂരിന്റെ കാര്യത്തില്‍ മാത്രം ഒരു രാഷ്ട്രീയ വിവാദം എങ്ങനെ ഉണ്ടാകുന്നു എന്നതാണ് വിഷയം.

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അല്ലാതെ ഇത്തരം വിഷയങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള, എടുത്തു പറയാവുന്ന നേതാക്കള്‍ ബിജെപിയില്‍ വളരെ കുറവാണെന്നത് യാഥാര്‍ത്ഥ്യമാണ്. അങ്ങനെയാണെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിനെ ഇത്തരമൊരു ദൗത്യത്തില്‍ മുന്നില്‍ നിര്‍ത്തുന്ന ശീലം ബിജെപിക്കില്ല. ശശി തരൂരിന്റെ കാര്യത്തില്‍ ബിജെപി അടുത്തിടെ സ്വീകരിക്കുന്ന മൃദു സമീപനവും നമുക്ക് അറിയാവുന്നതാണ്. അടുത്ത കാലത്ത് ശശി തരൂര്‍ സ്വീകരിച്ച വേറിട്ട നിലപാടുകളും അഭിപ്രായ പ്രകടനങ്ങളും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചപ്പോള്‍ ശക്തവും കൃത്യമായി പ്ലാന്‍ ചെയ്തതുമെന്ന് പറഞ്ഞ്, കേന്ദ്രസര്‍ക്കാരിനെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട് തരൂര്‍ വ്യത്യസ്തനാകാന്‍ ശ്രമിച്ചു. ദേശീയ സുരക്ഷാ വിഷയത്തില്‍ വളരെ സൂക്ഷ്മതയോടെ നിലപാടെടുക്കുന്ന കോണ്‍ഗ്രസിനെ മറികടന്ന് തരൂര്‍ നടത്തിയ അഭിപ്രായ പ്രകടനവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി പലപ്പോഴും നിര്‍ണ്ണായക ഘട്ടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിക്കരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് തരൂരിനോട് പറയേണ്ടി വന്നു.

ഇനി ജയ്‌റാം രമേഷിന്റെ ഒരു ട്വീറ്റ് നോക്കാം. കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന സര്‍വ്വകക്ഷി സംഘത്തിലേക്ക് നാല് എംപിമാരുടെ പേരുകള്‍ നിര്‍ദേശിക്കണമെന്ന് മെയ് 16ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. അതനുസരിച്ച് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗോഗോയ്, രാജ്യസഭാ എംപി ഡോ.സയിദ് നസീര്‍ ഹുസൈന്‍, ലോക്‌സഭാ എംപി രാജാ ബ്രാര്‍ എന്നിവരുടെ പേരുകള്‍ ഉച്ചയോടെ നല്‍കിയെന്ന് എക്‌സ് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. തരൂരിന്റെ പേര് കോണ്‍ഗ്രസ് ഔദ്യോഗികമായി നല്‍കിയിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. സര്‍ക്കാര്‍ ക്ഷണത്തില്‍ താന്‍ ബഹുമാനിതനായെന്ന് പറഞ്ഞുകൊണ്ട് തൊട്ടുപിന്നാലെ തരൂരിന്റെ ട്വീറ്റ് വരുന്നു. ദേശീയ താല്‍പര്യത്തില്‍, തന്റെ സേവനം ആവശ്യമായി വന്നാല്‍ അവിടെയുണ്ടാകും എന്ന് തരൂര്‍ പറയുന്നു. തരൂരിനെ കോണ്‍ഗ്രസ് തള്ളിയെന്ന് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പോസ്റ്റുകള്‍ ഒഴുക്കുന്നു.

ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ട്വീറ്റ് കൂടി ഇതിനൊപ്പം വായിക്കണം. തരൂരിന്റെ വാഗ്മിത്വവും യുഎന്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവ പരിചയവും വിദേശ നയത്തില്‍ അദ്ദേഹത്തിന്റെ ആഴത്തിലുള്ള വീക്ഷണവും ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നിട്ടും സര്‍വ്വകക്ഷി സംഘത്തിലേക്ക് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും എന്തുകൊണ്ട് തരൂരിന്റെ പേര് നിര്‍ദേശിച്ചില്ല എന്നാണ് മാളവ്യയുടെ ചോദ്യം. അസൂയയോ ഹൈക്കമാന്‍ഡിനെ മറികടക്കുന്നതിലുള്ള അസഹിഷ്ണുതയാണോ ഇതിന് പിന്നിലെന്ന് മാളവ്യ ചോദിക്കുന്നു. രാഷ്ട്രീയം വ്യക്തമാണ്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ പാകിസ്താനെതിരെ ഇന്ത്യ സ്വീകരിച്ച നിലപാടുകള്‍ യുഎന്നിലും പ്രധാനപ്പെട്ട വിദേശ രാജ്യങ്ങളിലും വിശദീകരിക്കാനുള്ള സംഘത്തെ തീരുമാനിക്കുന്ന നടപടി വരെ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. കോണ്‍ഗ്രസിനെ അടിക്കാന്‍ വടിയാക്കുന്നത് വിശ്വപൗരനെന്ന് വിളിപ്പേരുള്ള തരൂരിനെ. ബിജെപി അതിന് ശ്രമിക്കുമെന്നത് ആര്‍ക്കും മനസിലാകു. പക്ഷേ തരൂര്‍ അതിന് എന്തിന് നിന്നുകൊടുക്കുന്നു എന്നതാണ് സുപ്രധാന ചോദ്യം.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT