Paranju Varumbol

ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മാരുതി 800

അലി അക്ബർ ഷാ

എഴുപതുകളുടെ തുടക്കത്തില്‍ വിദേശ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ സഹകരിച്ച് തുടങ്ങിയ കാലം. ഈ സമയത്താണ് 1971ല്‍ ഇന്ദിരാഗാന്ധി, 'പീപ്പിള്‍സ് കാര്‍' എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. ആ കൊല്ലം തന്നെ ഈ ലക്ഷ്യം മുന്‍നിര്‍ത്തി കമ്പനീസ് ആക്ട് പ്രകാരം മാരുതി മോട്ടോര്‍സ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കപ്പെട്ടു.

ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആയി സര്‍ക്കാര്‍ നിയമിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവാദങ്ങളുടെ രാജകുമാരന്‍ എന്ന വിളിപ്പേര് വീണ ഒരാളെയായിരുന്നു. ഇന്ധിരാ ഗാന്ധിയുടെ ഇളയ പുത്രന്‍ സഞ്ജയ് ഗാന്ധിയെ. വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും, കാര്‍ നിര്‍മാണത്തില്‍ മുന്‍ പരിചയമോ, ഏതെങ്കിലും കാര്‍ നിര്‍മ്മാതാക്കളുമായി ബന്ധമോ ഒന്നുമില്ലാതിരുന്ന സഞ്ജയ് ഗാന്ധിയെ തന്നെ ഇന്ത്യന്‍ ഗവണ്മെന്റ് ഇത്ര വലിയ ഒരു പ്രോജക്റ്റ് വിശ്വസിച്ച് ഏല്‍പ്പിച്ചു. ഇന്ത്യക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന, ഇന്ത്യന്‍ നിര്‍മിതമായ, ചെലവ് കുറഞ്ഞൊരു കാര്‍. ഇതായിരുന്നു സഞ്ജയ് ഗാന്ധിയുടെ സ്വപ്നം.

തന്റെ സ്വപ്ന വാഹനത്തിന്റെ സാങ്കേതിക സഹായങ്ങള്‍ക്കായി സഞ്ജയ് ആദ്യം സമീപിച്ചത് വോക്‌സ് വാഗണ്‍ കമ്പനിയെ ആയിരുന്നു. വോക്‌സ് വാഗന്റെ ബീറ്റില്‍ കാര്‍ ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കി വിജയകരമായി വിറ്റു പൊയ്‌ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. എന്നാല്‍ സഞ്ജയിയുടെ പദ്ധതി എങ്ങുമെത്തിയില്ല. നാല് പാട് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സഞ്ജയ് ആളുകളുടെ പണം തട്ടിയെന്നും പീപ്പിള്‍സ് കാര്‍ തട്ടിപ്പാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതോടെ ആളുകളെ വിശ്വസിപ്പിക്കാന്‍ ഷോ പീസ് ആയി ഒരു ടെസ്റ്റ് മോഡല്‍ മാരുതി പുറത്തിറക്കി. എന്നാല്‍ ഇത് റോഡിലിറക്കാന്‍ പ്രാപ്തമല്ല എന്ന് വിലയിരുത്തി പൊതുജനം തള്ളി.

വിവാദങ്ങള്‍ പുത്തരിയല്ലാതിരുന്ന സഞ്ജയ്ക്ക് മേല്‍ പീപ്പിള്‍സ് കാറും ഒരു പൊന്‍തൂവലായി. സ്വന്തം ജീവിതത്തെ പറ്റിയോ, ഒരു കാര്യം ചെയ്യുമ്പോള്‍ അതിന്റെ വരുംവരായ്കകള്‍ എന്താകും എന്നതിനെ പറ്റിയോ ഒന്നും ചിന്തിക്കാത്ത എടുത്തുചാട്ടക്കാരനായ ചെറുപ്പക്കാരനായിരുന്നു സഞ്ജയ്. ആ എടുത്തുചാട്ടം തന്നെയായിരുന്നു 1980ലെ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ നഷ്ടമാകുന്ന നിലയിലേക്ക് സഞ്ജയിയെ എത്തിച്ചതും.

സഞ്ജയ് ഇല്ലാതായതോടെ പീപ്പിള്‍സ് കാര്‍ എന്ന ഇന്ത്യ കണ്ട സ്വപ്നവും അവസാനിച്ചെന്ന് എല്ലാവരും കരുതി. എന്നാല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിര മകന്റെ സ്വപ്നം പൊടിതട്ടിയെടുത്തു. അങ്ങനെ 1983ല്‍ സഞ്ജയുടെ ജന്‍മദിനമായ ഡിസംബര്‍ 14ന സഞ്ജയ് കണ്ട സ്വപ്നം സത്യമായി മാറി. പീപ്പിള്‍സ് കാര്‍ പിറവിയെടുത്തു. പിന്നീട് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ ആ ഇന്ത്യന്‍ കാറിന്റെ പേരായിരുന്നു മാരുതി 800.

ഇന്നും സഞ്ജയ് ഗാന്ധിയെ പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് പല വിവാദങ്ങളും അഴിമതികളുമാണെങ്കിലും അതിനിടയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പേരാണ് പീപ്പിള്‍സ് കാര്‍. പറഞ്ഞുവരുമ്പോള്‍ ഇന്ത്യന്‍ വാഹന നിര്‍മാണ ചരിത്രത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ല് ഏതാണെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ അത് പീപ്പിള്‍സ് കാറിന്റെ പിറവി തന്നെയായിരിക്കും.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT