Videos

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുകളുടെ ആരംഭം | WATCH Kerala Congress History Part-3

നിസാം സെയ്ദ്

ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. തെരഞ്ഞെടുപ്പിന് മുമ്പുള്ള ധാരണയനുസരിച്ച് മന്ത്രിസഭയില്‍ ഇടം പിടിക്കുന്നതിനായുള്ള നീക്കങ്ങള്‍ കേരള കോണ്‍ഗ്രസ് തുടങ്ങി. മന്ത്രിസഭയില്‍ ചേരാന്‍ കേരള കോണ്‍ഗ്രസിന് തടസ്സമില്ലെന്ന് കെ എം ജോര്‍ജ് പ്രസ്താവനയിറക്കി. അദ്ദേഹത്തിന്റെ ദൂതനായി ഡല്‍ഹിയിലെത്തിയ ഇ ജോണ്‍ ജേക്കബ് അപമാനിതനായാണ് മടങ്ങിയെത്തിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തിയത് ഇ ജോണ്‍ ജേക്കബായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസിന് കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കും എന്നൊരു ധാരണ അവര്‍ തമ്മിലുണ്ടായിരുന്നു. ആ ധാരണയെ കുറിച്ച് പ്രധാമന്ത്രിതീര്‍ന്ന ഇന്ദിര ഓര്‍മ്മിച്ചതേയില്ല. കേരള കോണ്‍ഗ്രസ് പിന്തിരിപ്പന്‍ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഇന്ദിരാഗന്ധി ഇ. ജോണ്‍ ജേക്കബിനോട് മുഖത്തടിച്ച് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഈ സമീപനം കേരള കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. മൂന്ന് എംപിമാര്‍ ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടി രാഷ്ട്രീയമായി അനാഥമായി. പിന്നീട് കേരള കോണ്‍ഗ്രസ് ചെയര്‍മാനായ ജോര്‍ജ് ജെ. മാത്യുവിന്റെ വാക്കുകളില്‍ 1971ല്‍ കേരള കോണ്‍ഗ്രസ് മുക്കാലും ചത്ത ഒരു കുതിരയായിരുന്നു. വികാരപരമായി പാര്‍ട്ടിയോടോ ബന്ധമുള്ള കുറെ ജനങ്ങളുണ്ട്. പക്ഷെ സാമ്പത്തികമായും സംഘടനാ പരമായും പാര്‍ട്ടിയുടെ അവസ്ഥ പരമ ദയനീയമായിരുന്നു.

പാര്‍ട്ടിയുടെ തളര്‍ച്ചയ്ക്ക് കാരണം വാര്‍ദ്ധക്യഗ്രസ്തമായ നേതൃത്വത്തിന്റെ കഴിവുകേടാണ് എന്ന് വിശ്വസിച്ച താരമ്യേന ചെറുപ്പക്കാരായ നേതാക്കള്‍ ചേര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു ഒമ്പതംഗ ഗ്രൂപ്പ് ഉണ്ടാക്കി. കെഎം മാണി, കെവി കുര്യന്‍, പിജെ ജോസഫ്, വിടി സെബാസ്റ്റ്യന്‍, ഒ ലൂക്കോസ്, തോമസ് കുതിരവട്ടം, ടിഎം ജേക്കബ്, സിഎഫ് തോമസ്, ജോര്‍ജ് ജെ മാത്യൂ, എന്നിവരായിരുന്നു ആ സംഘത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് പിസി ജോസഫിനെയും ഈ ഗ്രൂപ്പിന്റെ ഭാഗമാക്കി. അവര്‍ തുടര്‍ച്ചയായി യോഗങ്ങളില്‍ കൂടി. കെഎം ജോര്‍ജ് ഉള്‍പ്പടെയുള്ള നേതൃത്വത്തിന് ഒരു സംശയത്തിനും ഇടനല്‍കാതെ അവര്‍ക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. അന്ന് പാര്‍ട്ടി ട്രഷറര്‍ ആയിരുന്ന ജോര്‍ജ് ജെ മാത്യുവിന്റെ കൂട്ടിക്കലിലെ വീട്ടില്‍വച്ചായിരുന്നു ഗ്രൂപ്പ് യോഗങ്ങള്‍ പലതും നടന്നത്.

ജോര്‍ജ് ജെ മാത്യു

അങ്ങനെ അവിടെ വെച്ച് നടന്ന ഒരു യോഗത്തില്‍ കെ എം മാണിയെ ഗ്രൂപ്പ് ലീഡറായി തെരഞ്ഞെടുത്തു. അപ്പോള്‍ അദ്ദേഹം കെ.വി. കുര്യന്‍ മുഖേന ഒരാവശ്യം മുന്നോട്ടുവെച്ചു. അന്നെല്ലാവരും അദ്ദേഹത്തെ കുഞ്ഞുമാണി എന്നായിരുന്നു വിളിച്ചിരുന്നത്. ഒരു ഗ്രൂപ്പ് ലീഡര്‍ക്ക് കുഞ്ഞുമാണി എന്ന പേര് ഭൂഷണമല്ലെന്നും അതുകൊണ്ട് ഇനി അദ്ദേഹത്തെ കുഞ്ഞ് എന്ന് ചേര്‍ത്ത് വിളിക്കരുതെന്നും പകരം മാണിസാര്‍ എന്ന് വിളിക്കണമെന്നുമുളള ആവശ്യം അദ്ദേഹം കെവി കുര്യനിലൂടെ യോഗത്തില്‍ അവതരിപ്പിച്ചു. യോഗം അത് അംഗീകരിച്ചു. അങ്ങനെ കുഞ്ഞുമാണി ഔദ്യോഗികമായി മാണി സാര്‍ ആയി. അടുത്ത അഞ്ച് പതിറ്റാണ്ട് രാഷ്ട്രീയ കേരളം അദ്ദേഹത്തെ മാണി സാര്‍ എന്ന് വിളിച്ചു.

കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം പാര്‍ട്ടിക്കുള്ളിലെ ആദ്യത്തെ ശക്തിപരീക്ഷണമായിരുന്നു. ഒമ്പതംഗ സംഘം ഒ.ലൂക്കോസിനെ സ്ഥാനാര്‍ഥിയാക്കി. മറുഭാഗത്ത് മാത്തച്ചന്‍ കരുവിനാകുന്നേല്‍ ജെ.എ.ചാക്കോയെ മത്സരിപ്പിച്ചു. മൃഗീയ ഭൂരിപക്ഷത്തോടെ ഒ.ലൂക്കോസ് ജയിച്ചു. വിജയം രുചിച്ച ഒമ്പതംഗ ഗ്രൂപ്പ് പാര്‍ട്ടിയില്‍ പിടിമുറുക്കാനുള്ള ശ്രമം ആരംഭിച്ചു. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാള്‍ ആയിക്കൂടാ എന്ന പ്രമേയം പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ചു. ഈ ഗ്രൂപ്പിന്റെ നീക്കങ്ങളെ മാത്തച്ചന്‍ കരുവിനാക്കുന്നേലിന്റെയും ജെ.എ.ചാക്കോയുടെയും നേതൃത്വത്തില്‍ പ്രതിരോധിച്ചു. ഭേദഗതി പരാജയപ്പെട്ടു. എങ്കിലും പിന്‍വാങ്ങാന്‍ ഒമ്പതംഗം സംഘം തയ്യാറായില്ല. കെ.എം. ജോര്‍ജിനെ പിണക്കാതെ മറ്റുള്ളവരെ ഒറ്റപ്പെടുത്തുകയായിരുന്നു തന്ത്രം. ഈ ഗ്രൂപ്പിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കെഎം ജോര്‍ജ് തോമസ് രാജനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. നില്‍ക്കക്കള്ളിയില്ലാതെ മാത്തച്ചനും ചാക്കോയും കേരള കോണ്‍ഗ്രസ് വിട്ടു.

കോണ്‍ഗ്രസ് നിഷേധാത്മക സമീപനം കാഴ്ച വെച്ചതോടെ കേരള കോണ്‍ഗ്രസിനെ സിപിഎമ്മുമായി അടുപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. ആലുവയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ഇടതുപക്ഷാഭിമുഖ്യമുള്ള സാമ്പത്തിക പ്രമേയം അവതരിപ്പിച്ചു. ഈ നയങ്ങളുടെ അടിസ്ഥാനത്തില്‍ യോജിക്കാന്‍ കഴിയുന്ന പാര്‍ട്ടികളുമായി യോജിക്കുക എന്ന നയവും പ്രഖ്യാപിച്ചു. ഈ നീക്കങ്ങളോട് സിപിഎം ആശാവഹമായാണ് പ്രതികരിച്ചത്. അവര്‍ കേരള കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

പക്ഷെ സിപിഎമ്മുമായി അടുക്കാനുള്ള നീക്കം കേരള കോണ്‍ഗ്രസില്‍ വലിയ കലാപത്തിനാണ് വഴി തെളിയിച്ചത്. അപ്പര്‍ കുട്ടനാട് കര്‍ഷകസംഘം പ്രസിഡന്റ്, കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന കേരള കോണ്‍ഗ്രസിന്റെ തിരുവല്ല എംഎല്‍എ ആയിരുന്ന ഇ. ജോണ്‍ ജേക്കബ് ആണ് കലാപം നയിച്ചത്. ഇലഞ്ഞിക്കല്‍ ബേബി എന്നറിയപ്പെട്ടിരുന്ന ജോണ്‍ ജേക്കബിന് കമ്യൂണിസ്റ്റുകാരുമായുള്ള എതിര്‍പ്പ് ചരിത്രപരമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരും സിപിഎമ്മിന്റെ നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളികളും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങളുണ്ടായിരുന്നു. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീയപുരത്ത് ഇലഞ്ഞിക്കല്‍ ബേബിയുടെ പാടത്ത് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കൊയ്ത്ത് നടത്താന്‍ വന്ന അപ്പര്‍ കുട്ടനാട് കര്‍ഷകരെ തടയാന്‍ മൂവായിരത്തോളം വരുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷക തൊഴിലാളികള്‍ സംഘടിച്ചതിനെ തുടര്‍ന്ന് ലാത്തിച്ചാര്‍ജും വെടിവെപ്പും ഉണ്ടായി. ആ സംഭവങ്ങളുടേ പേരില്‍ ജോണ്‍ ജേക്കബ് അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ മോചിതനായ അദ്ദേഹം മാര്‍ക്‌സിസ്റ്റുകാരെ അധികാരത്തില്‍നിന്ന് ഇറക്കിയാലല്ലാതെ താന്‍ താടി വടിക്കില്ലെന്ന് പ്രഖ്യാപിച്ചു. നമ്പൂതിരിപ്പാട് മന്ത്രിസഭ രാജിവെച്ച ദിവസം അനേകം കര്‍ഷകരുടെ സാന്നിധ്യത്തില്‍ ആണ് ജോണ്‍ ജേക്കബ് താടിയെടുത്തത്.

ഇ. ജോണ്‍ ജേക്കബ്

അങ്ങനെയുള്ള ഇലഞ്ഞിക്കല്‍ ബേബി കേരള കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായുള്ള ഒരു സഖ്യവും അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. 1974 ജൂണ്‍ മാസത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക ഫെഡറേഷന്‍ പുതിയ നിലപാട് പ്രഖ്യാപിക്കുന്നതിനായി തൃശൂരില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി. കര്‍ഷക ഫെഡറേഷനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാക്കാനും തെരഞ്ഞൈടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കണ്‍വെന്‍ഷനില്‍ കര്‍ഷകവര്‍ഗ താല്‍പര്യം സംരക്ഷിക്കുന്നതിന് തക്കസമയത്ത് വേണ്ട രാഷ്ട്രീയ ലൈന്‍ സ്വീകരിക്കണണെന്ന പ്രമേയം അവതരിപ്പിച്ചു. അപ്പോള്‍ കേരള കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുന്നവര്‍ക്കെതിരെ രക്തം ചീന്തുമെന്ന് പറഞ്ഞു ലോനപ്പന്‍ നമ്പാടന്‍ ഒരു ബ്ലേഡ് എടുത്ത് തന്റെ ഇടതുകൈ കീറി മുറിച്ചു. പക്ഷെ അതിനും ജോണ്‍ ജേക്കബ്ബിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രസ്താവനകളിറക്കി അദ്ദേഹം കേരള കോണ്‍ഗ്രസ് വിട്ടു. 1974 ഒക്ടോബര്‍ 17ന് ഇ ജോണ്‍ ജേക്കബിന്റെ കാര്‍മികത്വത്തില്‍ ജെ എ ചാക്കോ ചെയര്‍മാനും കെ ആര്‍ സരസ്വതിയമ്മ, തോമസ് രാജന്‍, എന്നിവര്‍ സെക്രട്ടറിമാരുമായി ഒറിജിനല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യത്തെ പിളര്‍പ്പായിരുന്നു അത്. വരാനിരിക്കുന്ന ഒട്ടേറെ പിളര്‍പ്പുകളുടെ നാന്ദി മാത്രമായിരുന്നു അതെന്ന് അന്ന് അറിയില്ലായിരുന്നു. മുസ്ലീം ലീഗിന്റെ പിളര്‍പ്പിനെ തുര്‍ടന്ന് അച്യുതമേനോന്‍ മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോള്‍ ഒറിജിനല്‍ കേരള കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ മന്ത്രിസഭയ്ക്ക് പിന്തുണ നല്‍കി മന്ത്രിസഭയെ നിലനിര്‍ത്തി.

ഇത്തരം കനത്ത തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്നതിനിടയില്‍ കേരള കോണ്‍ഗ്രസിന് പിടിവള്ളിയായത് കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ സമരമാണ്. സര്‍ക്കാര്‍ കോളേജുകളിലെയും സ്വകാര്യ കോളേജുകളിലെയും ഫീസുകള്‍ ഏകീകരിക്കണമെന്ന ആവശ്യവുമായി ആരംഭിച്ച സമരം ഫലത്തില്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാറി. കോണ്‍ഗ്രസിലെ വിദ്യാര്‍ത്ഥി യുവജന വിഭാഗങ്ങളും അവയെ പിന്തുണയ്ക്കുന്ന എ.കെ.ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഒരുഭാഗത്തും ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ മറുഭാഗത്തുമായി അണിനിരന്നു. വിദ്യാഭ്യാസ രംഗത്ത് പുരോഗനമപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് വേണ്ടി താല്‍ക്കാലികമായ നഷ്ടങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നതായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ഇത് കേരള കോണ്‍ഗ്രസിന് കച്ചിത്തുരുമ്പായി. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ബിഷപ്പുമാരും സഭയും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുകണ്ടപ്പോള്‍ കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ക്ഷീണിച്ചുകൊണ്ടിരുന്ന കേരള കോണ്‍ഗ്രസിന് ഒരു ശക്തമായ വിഭാഗത്തിന്റെ പിന്തുണ കിട്ടി.

ഈ കോണ്‍ഗ്രസ് വിരുദ്ധ വികാരം സിപിഎമ്മുമായുള്ള സംഖ്യത്തിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. 1975 അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ച കേരള കോണ്‍ഗ്രസും സിപിഎമ്മും സഖ്യകക്ഷികളുമായി അനേകവട്ടം നടന്നു. അഞ്ചംഗങ്ങള്‍ അടങ്ങിയ ഒരു കമ്മിറ്റിയായിരുന്നു ഈ ചര്‍ച്ചകളില്‍ കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്. 1975 ജൂണ്‍ 24-ാം തിയതി എറണാകുളത്ത് നടന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസിന് 30 സീറ്റുകള്‍ എന്ന ഏകദേശ ധാരണയായി.

എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് ജൂണ്‍ 25-ാം തിയ്യതി ഇന്ദിരാഗാന്ധി രാജ്യത്ത് ആഭ്യന്തര അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭവിഷ്യത്തുകളെ പറ്റിയോ, പ്രത്യാഘാതങ്ങളെ കുറിച്ചോ കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പോലെ കേരള കോണ്‍ഗ്രസിനും വലിയ ധാരണകളില്ലായിരുന്നു. രാജ്യമെമ്പാടും പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിലായി തുടങ്ങിയതോടെയാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. അടിയന്തരാവസ്ഥയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സമരങ്ങളില്‍ പങ്കെടുക്കണമെന്നുമായിരുന്നു കേരള കോണ്‍ഗ്രസിന്റെ ആദ്യ തീരുമാനം. പക്ഷെ, താമസിയാതെ കെ.എം. ജോര്‍ജും ആര്‍.ബാലകൃഷ്ണപിള്ളയും അറസ്റ്റിലായി. ജയില്‍വാസം പരിചിതമല്ലാത്ത ഇരുവര്‍ക്കും അത് കഠിന പരീക്ഷണമായി. കെ.എം.മാണി ഒളിവില്‍ പോയി. കെഎം ജോര്‍ജിനെയും ബാലകൃഷ്ണപിള്ളയെയും താമസിയാതെ ജയിലില്‍ നിന്ന് മോചിപ്പിച്ചെങ്കിലും അപ്പോഴും അവര്‍ക്ക് അടിയന്തരാവസ്ഥയോടുള്ള എതിര്‍പ്പ് അലിഞ്ഞില്ലാതായിരുന്നു. ഇതിനിടയില്‍ കെഎം ജോര്‍ജും അച്യുതമേനോനും കരുണാകരനുമായി ഒരു കൂടിക്കാഴ്ച നടന്നു.

ആയിടക്കാണ് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ ഡല്‍ഹിയിലെത്തി ഇന്ദിരാഗാന്ധിയെ കണ്ടത്. ചര്‍ച്ചകളില്‍ കേരള കോണ്‍ഗ്രസ് വിഷയവും ചര്‍ച്ചയായി. കേരള കോണ്‍ഗ്രസ് ഭരണമുന്നണിയിലേക്ക് വരുന്നതിനെ ഇന്ദിര സ്വാഗതം ചെയ്തു. ദീപികയും ആ നിലപാട് എടുത്തു. ദീപികയുടെ പത്രാധിപര്‍ ആയിരുന്ന ഫാ. കൊളംബിയര്‍ നീക്കങ്ങള്‍ക്ക് മുന്‍കൈ എടുത്തു. കേരള കോണ്‍ഗ്രസുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇന്ദിര നിയോഗിച്ചത് ഡല്‍ഹിയില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്മാരെ ആയിരുന്നു. പി.ജെ.ജോസഫ്, കെവി കുര്യന്‍, ജോര്‍ജ് ജെ മാത്യു എന്നിവര്‍ കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണ ആയിരുന്നു വിലപേശല്‍ ചര്‍ച്ചകളിലെ കേരള കോണ്‍ഗ്രസ് ആയുധം. അവര്‍ 30 നിയമസഭാ സീറ്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കേരള കണ്‍ഗ്രസ് അവകാശപ്പെട്ടു. ചര്‍ച്ചകള്‍ പലവട്ടം കേരളത്തില്‍വച്ച് നടന്നു. അവസാനവട്ടം ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ വച്ച് വേണമെന്ന് ഐബി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. കരാറുകളില്‍ ഒപ്പിടാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎം ജോര്‍ജും ഉണ്ടായിരിക്കണമന്നും അവര്‍ നിര്‍ദേശിച്ചു. ചര്‍ച്ചയെ ഡല്‍ഹിയില്‍ ആക്കുന്നതിനോട് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വൈമനനസ്യം ഉണ്ടായിരുന്നു. അവസാനം കോയമ്പത്തൂരില്‍വച്ച് ഒപ്പിടാമെന്ന് ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പക്ഷെ, ചര്‍ച്ചകള്‍ക്കായി കോയമ്പത്തൂരില്‍ എത്തിയ കേരള കോണ്‍ഗ്രസ് നേതാക്കന്മാരായ കെ.എം. ജോര്‍ജ്, കെ.വി. കുര്യന്‍, പി.ജെ. ജോസഫ് ജോര്‍ജ് ജെ. മാത്യു എന്നിവരെ നിര്‍ബന്ധപൂര്‍വം ബാംഗ്ലൂര്‍ വഴി ഡല്‍ഹിയിലെത്തിച്ചു. അവിടെ ഇന്റലിജന്‍സ് ബ്യൂറോയുടെ ഗസ്റ്റ് ഹൗസിലെത്തിച്ചു. ആര്‍ ബാലകൃഷ്ണപിള്ളയെ അറിയിക്കാതെയാണ് ഈ ഡല്‍ഹിയാത്ര നടത്തിയതെങ്കിലും എങ്ങനയോ വിവരം അറിഞ്ഞ അദ്ദേഹം ഡല്‍ഹിയില്‍ പറന്നെത്തി. അന്ന് അദ്ദേഹം എംപിയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കെ.സി.പന്തുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹവും പങ്കെടുത്തു. നിങ്ങള്‍ക്ക് അധികാരം വേണോ ജയില്‍ വേണോ എന്ന പന്തിന്റെ ചോദ്യത്തിന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംശയമേതുമില്ലായിരുന്നു. അധികാരം മതിയെന്ന് അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു. ഇതേ ചോദ്യം അന്ന് പ്രതിപക്ഷത്തായിരുന്ന അഖിലേന്ത്യാ ലീഗുകാരോടും ചോദിച്ചിരുന്നു. അവര്‍ ജയില്‍ മതിയെന്ന് പറഞ്ഞ് അവിടെതന്നെ തുടര്‍ന്നു എന്നതും നാം ഓര്‍ക്കണം. എന്തായാലും ആര്‍ ബാലകൃഷ്ണപിള്ളയുടെ അമിതാവേശവും വിടുവായത്തവും കാരണം ചര്‍ച്ചയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് കേരള കോണ്‍ഗ്രസിന് അമിതമായ ആനുകൂല്യം നല്‍കുന്നതില്‍ അസ്വസ്ഥരായ കേരളത്തിലെ മുന്നണി നേതാക്കള്‍ ഇടപെട്ട് കരാര്‍ ഒപ്പുവെക്കുന്നത് തടഞ്ഞുവെന്നുമാണ് ആ ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ പിന്നീട് പറഞ്ഞത്. ഏതായാലും ചര്‍ച്ചകള്‍ തുടര്‍ന്നും നടന്നു. 1975 ഓഗസ്റ്റില്‍ ആരംഭിച്ച ചര്‍ച്ചകള്‍ അവസസാനിച്ച് കരാര്‍ ഒപ്പുവെക്കുന്നത് ഡിസംബര്‍ 23നാം തിയതിയാണ്. കരാര്‍ അനുസരിച്ച് കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനവും ഒരു സ്പീക്കറും ഉറപ്പുനല്‍കപ്പെട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളും കരാര്‍ പ്രകാരം അവര്‍ക്ക് ലഭിക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ബറുവയും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം ജോര്‍ജുമാണ് കരാറില്‍ ഒപ്പുവെച്ചത്.

മന്ത്രിസഭാ പ്രവേശനം ഉറപ്പായതോടെ അടുത്ത നീക്കം മന്ത്രിമാരെ തീരുമാനിക്കുക എന്നതായി. പാര്‍ട്ടി ചെയര്‍മാനായ കെ എം ജോര്‍ജ് സ്വാഭാവികമായും മന്ത്രിയാണെന്ന് എല്ലാവരും വിശ്വസിച്ചു. എംപിയായ തനിക്ക് ആറ് മാസത്തേക്ക് മന്ത്രിയാകണമെന്ന് ആര്‍ ബാലകൃഷ്ണപിള്ളയും നിലപാടെടുത്തു. കെഎം മാണി ഉള്‍പ്പെട്ട ഒമ്പതംഗ ഗ്രൂപ്പിന്റെ ആദ്യ തീരുമാനം കെഎം ജോര്‍ജ് മന്ത്രിയാകുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം കെഎം മാണിക്ക് നല്‍കണമെന്ന് ആവശ്യപ്പെടുക എന്നതായിരുന്നു. പക്ഷെ ആ ആവശ്യത്തിന് വഴങ്ങാന്‍ കെഎം ജോര്‍ജ് തയ്യാറായിരുന്നില്ല. ഇതിനിടയില്‍ കെഎം മാണിയും നിലപാട് മാറ്റി. തനിക്ക് ചെയര്‍മാന്‍ ആകേണ്ട മന്ത്രിയായാല്‍ മതി എന്നായി അദ്ദേഹം. അവസാനം ദീപികയില്‍ വച്ച് ഫാദര്‍ കൊളംബിയറിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് താന്‍ മന്ത്രിയാകുന്നില്ല, ചെയര്‍മാനായി തുടര്‍ന്നുകൊള്ളാമെന്നും തന്റെ നോമിനിയായ ആര്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിയാക്കണമെന്നും കെ.എം.ജോര്‍ജ് അറിയിച്ചു. അങ്ങനെ കെഎം മാണിയും ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രിമാരാകാന്‍ തീരുമാനിച്ചു. മന്ത്രിമാരെ നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ച പാര്‍ട്ടിയിലെ ഭിന്നത അപരിഹാര്യമായ വിധം രൂക്ഷമാക്കി. സ്പീക്കര്‍ സ്ഥാനം എസി ചാക്കോക്ക് നല്‍കണണെന്ന് കെഎം ജോര്‍ജ് ആവശ്യപ്പെട്ടെങ്കിലും സാമുദായിക പ്രാതിനിധ്യം ഉയര്‍ത്തിക്കാട്ടി മറു ഗ്രൂപ്പ് ടി.എസ്.ജോണിനുവേണ്ടി ആസ്ഥാനം നേടിയെടുത്തു. 1975 ഡിസംബര്‍ 26-ാം തീയ്യതി കെ എം മാണിയും ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കെ എം മാണിക്ക് ധനകാര്യവും ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഗതാഗതം, ജയില്‍ എന്നീ വകുപ്പുകളും ലഭിച്ചു.

മന്ത്രിമാരെ നിര്‍ണയിച്ചതിനു ശേഷം ഔപചാരികമായ പിളര്‍പ്പ് ഒരു സ്വാഭാവിക പരിണതിയായിരുന്നു. താമസിയാതെ തന്നെ കെ എം മാണി വിഭാഗം കെ നാരായണക്കുറുപ്പിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. പാര്‍ട്ടി രണ്ടായി. കോണ്‍ഗ്രസിലെ എ കെ ആന്റണി വിഭാഗം കെ എം മാണി വിഭാഗത്തോട് അനുഭാവം പുലര്‍ത്തിയപ്പോള്‍ കരുണാകരന്റെ പിന്തുണ കെ എം ജോര്‍ജിനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അതായിരുന്നു പ്രധാനം.

ബാലകൃഷ്ണപിള്ള ആറ് മാസത്തിന് ശേഷം മന്ത്രിസഥാനം ഒഴിഞ്ഞപ്പോള്‍ മാണി വിഭാഗം കെ എം ജോര്‍ജിനെ മന്ത്രിയാക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അവര്‍ കെ നാരായണക്കുറുപ്പിനെ മന്ത്രിയാക്കണമെന്ന് രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പക്ഷെ ഇ. ജോണ്‍ ജേക്കബിനൊപ്പം ഡല്‍ഹിക്കുപോയ കെ എം ജോര്‍ജ് കരുണാകരന്റെ പിന്തുണയോടെ മന്ത്രിക്കസേര സ്വന്തമാക്കി. അദ്ദേഹത്തെ സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള നിര്‍ദേശം ഇന്ദിര നല്‍കി. അദ്ദേഹം മന്ത്രിയായി. താമസിയാതെ ഇലക്ഷന്‍ കമ്മിഷന്‍ കെ എം ജോര്‍ജ് വിഭാഗത്തെ ഔദ്യോഗിക കേരള കോണ്‍ഗ്രസ് ആയി അംഗീകരിച്ചു. പതാകയും അവര്‍ക്ക് സ്വന്തമായി. പിളര്‍പ്പ് പൂര്‍ണമായതോടെ ഇരുകൂട്ടരും ശക്തി തെളിയിക്കാനുള്ള നീക്കം ആരംഭിച്ചു. നിലനില്‍പ്പിനായി ഇരുവര്‍ക്കും ഇന്ദിരാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ദയാദാക്ഷിണ്യങ്ങള്‍ വേണമായിരുന്നു.

ഇന്ദിരാഗാന്ധിയുടെ ഇരുപതിന സാമ്പത്തിക പരിപാടിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ പരസ്പരം മത്സരം ആരംഭിച്ചു. ജൂലൈ 15ന് ജോര്‍ജ് ഗ്രൂപ്പ് വമ്പിച്ച പ്രകടനം നടത്തി. ഈ പ്രകടനത്തിന് വകുപ്പ് മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഉപയോഗിച്ചുവെന്നും പൊലീസ് സഹായം നേടിയെന്നും മാണി ഗ്രൂപ്പുകര്‍ ആരോപിച്ചു. അവരും ആഗസ്റ്റ് 22ന് കോട്ടയത്ത് പ്രകടനം സംഘടിപ്പിച്ചു. പക്ഷെ പ്രവര്‍ത്തകരുമായി വന്ന ബസ്സുകള്‍ പലതും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം വഴിയില്‍ തടഞ്ഞു. ജാഥ പൊളിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഉണ്ടായി. എങ്കിലും ജാഥ നടന്നു. ഇരുജാഥകളിലും പൊതുവായി ഉയര്‍ന്ന മുദ്രാവാക്യം 'ഇരുപതിനത്തിന് രൂപം നല്‍കിയ ഇന്ദിരാഗാന്ധി സിന്ദാബാദ്' എന്നായിരുന്നു.

കോട്ടയത്ത് കുര്യാക്കോസ് കുന്നശ്ശേരി പിതവിന്റെ മധ്യസ്ഥതയില്‍ അദ്ദേഹത്തിന്റെ അരമനയില്‍ വെച്ച് ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ടി.എസ്. ജോണ്‍ സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞ് കെ. നരായണകുറുപ്പിന് ആ സ്ഥാനം നല്‍കി പുനരേകീകരണത്തിന് വഴിയൊരുക്കണം എന്നതായിരുന്നു ആ യോഗത്തിന്റെ തീരുമാനം. ടി എസ് ജോണ്‍ ആദ്യം അതിന് വഴങ്ങിയെങ്കിലും തന്റെ കൂറ് മാണി ഗ്രൂപ്പില്‍നിന്നും ജോര്‍ജ് ഗ്രൂപ്പിലേക്ക് മാറി അദ്ദേഹം സ്ഥാനം സംരംക്ഷിച്ചു.

ഈ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി 1976 ഡിസംബര്‍ 11ന് കെ എം ജോര്‍ജ് അന്തരിക്കുന്നത്. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. അദ്ദേഹത്തിന് 57 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിളര്‍പ്പും തുടര്‍ന്നുണ്ടായ സംഭവങ്ങളും അദ്ദേഹത്തിന് കനത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതേ തുടര്‍ന്നായിരുന്നു മരണം.

ജോര്‍ജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുളള വിലാപയാത്രയിലും മൂവാറ്റുപഴയിലെ ശവസംസ്‌കാര ചടങ്ങിലും ഗ്രൂപ്പിസം എല്ലാ പരിധികളും ലംഘിക്കപ്പെട്ടു. കോട്ടയത്ത് വച്ച് കെ എം ജോര്‍ജിന്റെ മൃതദേഹത്തില്‍ മാണി സമര്‍പ്പിച്ച റീത്ത് ബാലകൃഷ്ണപിള്ള വലിച്ചെറിഞ്ഞു. വൈകുന്നേരം മൂവാറ്റുപുഴയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ മാണിയെ വേദിയിലിരുത്തി ജോര്‍ജ് സാറിന്റെ ഘാതകന്‍ ഇവിടെത്തന്നെയുണ്ട് എന്ന് ബാലകൃഷ്ണപിള്ള തുറന്നടിച്ചു.

കെ എം ജോര്‍ജിന്റെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഒരു യുഗം അവസാനിക്കുകയാണ്. പാര്‍ട്ടി രൂപീകരണം മുതല്‍ തന്റെ മരണം വരെ അതിന്റെ ചെയര്‍മാനായിരുന്നു കെഎം ജോര്‍ജ്. എല്ലാ വെല്ലുവിളികളെയും നേരിട്ട് പാര്‍ട്ടിയുടെ വ്യക്തിത്വം അദ്ദേഹം നിലനിര്‍ത്തി. പലഘട്ടങ്ങളിലും പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ മതമേലധ്യക്ഷന്മാരുള്‍പ്പടെയുള്ളവര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ അദ്ദേഹം വിജയരകരമായി അതിജീവിച്ചു. പക്ഷെ പാര്‍ട്ടിയിലെ പിളര്‍പ്പുമൂലം ഉണ്ടാക്കിയ സമ്മര്‍ദം അദ്ദേഹത്തിന് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ അകാല നിര്യാണത്തിലേക്കാണ് ആ സംഭവ വികാസങ്ങള്‍ എത്തിച്ചേര്‍ന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT