അക്കാഫ് ഇവന്‍റ്സിന്‍റെ സാഹിത്യ വിഭാഗം പുറത്തിറക്കിയ മൂന്ന് പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മേളയിലെ മെയിൻ ഹാൾ ബാൾറൂമിൽ നടന്ന ചടങ്ങിൽ വയലാർ അവാർഡ് ജേതാവ് ആർ. രാജശ്രീ, എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം, മോഹൻകുമാർ എന്നിവർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാർ, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഷാഹുൽ ഹമീദ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അക്കാഫ് പ്രസിഡന്‍റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ എന്നിവർ ആർ. രാജശ്രീ, സന്തോഷ് ഏച്ചിക്കാനം, പ്രഫ. അലിയാർ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും മൊമന്‍റോ കൈമാറുകയും ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി അജിത് കണ്ടല്ലൂർ സ്വാഗതം പറഞ്ഞു.
അക്കാഫ് നടത്തിയ 35 വയസ്സുവരെയുള്ളവരുടെ കഥാമത്സരത്തിലെ മികച്ച 15 കഥകൾ ഉൾപ്പെടുത്തിയ ’കഥാമാപിനി’, അക്കാഫ് അംഗങ്ങളുടെ കലാലയ ഓർമക്കുറിപ്പുകൾ സമാഹരിച്ച ‘വേരുകളിലേക്ക് ഒരു വരി ദൂരം’, യുഎഇയിലെ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഇംഗ്ലീഷ് കഥാമത്സരത്തിലെ മികച്ച 35 കഥകൾ ഉൾപ്പെടുത്തിയ ‘ദി മിറർ’ എന്നിവയാണ് പ്രകാശനം ചെയ്തത്. പ്രഫ. വർഗീസ് ഉമ്മൻ സ്മാരക അവാർഡിനുവേണ്ടിയാണ് യുവാക്കൾക്കായുള്ള കഥാമത്സരം സംഘടിപ്പിച്ചത്. അഡ്വ. ഹാഷിക് തൈക്കണ്ടി, ബക്കർ അലി, മനോജ് കെ.വി., ഷിബു മുഹമ്മദ്, രഞ്ജിത് കോടോത്ത്, വിദ്യ പുതുശ്ശേരി, അർഷാദ് ബത്തേരി, സുധി സാഹിബ് എന്നിവർ ആശംസകൾ നേർന്നു. അജിത് വള്ളോലി, അക്ബർ ആലിക്കര, മഞ്ജു ശ്രീകുമാർ എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.