45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ വാരാന്ത്യങ്ങളിൽ ഇന്ത്യയിലെ എഴുത്തുകാരും വിവർത്തകരും ഇൻഫ്ളുവൻസർമാരും പങ്കെടുക്കും. നവംബർ 7 ശനിയാഴ്ച വൈകുന്നേരം 7:15 മുതൽ 9:30 വരെ ഇന്‍റലക്ച്വല്‍ ഹാളിൽ നടക്കുന്ന പരിപടിയിൽ കവികളും ഗാനരചയിതാക്കളുമായ പി. കെ. ഗോപിയും ബി. കെ. ഹരിനാരായണനും പങ്കെടുക്കും. 'കവിത ഒരു ഗാനമായി മാറുമ്പോൾ" എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ഇരുവരും ആസ്വാദകരുമായി സംവദിക്കും. രാത്രി 8:30 മുതൽ 9:30 വരെ ഫോറം 3-ൽ "ഭാഷകൾക്കപ്പുറം: സാഹിത്യ വിവർത്തന കലയെക്കുറിച്ച് ഡെയ്സി റോക്ക്‌വെൽ" എന്ന പേരിൽ നടക്കുന്ന പരിപടിയിൽ എഴുത്തുകാരിയും വിവർത്തകയും ബുക്കർ പുരസ്‌കാര ജേതാവുമായ ഡെയ്സി റോക്ക്‌വെൽ പങ്കെടുക്കും.
നവംബർ 14 ശനിയാഴ്ച വൈകുന്നേരം 7:15 മുതൽ 8:15 വരെ ഫോറം 3-ൽ ഇന്ത്യയിലെ ന്യൂ ജെൻ പ്രണയ കഥാകാരൻ ദുർജോയ് ദത്തയും ഇന്ത്യയിലെ എഴുത്തുകാരിയും സ്വതന്ത്ര മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ റിയ ചോപ്രയും പങ്കെടുക്കുന്ന '"പ്രണയം ജീവിതം- നാം പറയുന്ന കഥകൾ " എന്ന പരിപാടി നടക്കും. വൈകുന്നേരം 7:15 മുതൽ 9:30 വരെ ഇന്‍റലക്ച്വൽ ഹാളിൽ "മണ്ണിൽ വേരൂന്നിയ കഥകൾ: മനുഷ്യരുടെയും പ്രകൃതിയുടെയും ജീവിതത്തിന്‍റെയും ആഖ്യായികൾ' എന്ന ശീർഷകത്തിൽ നടക്കുന്ന സംവാദത്തിൽ മലയാളത്തിന്‍റെ എഴുത്തുകാരായ അശോകൻ ചരുവിലും അംബികാസുതൻ മാങ്ങാടും പങ്കെടുക്കും.രാത്രി 8:30 മുതൽ 9:30 വരെ ഫോറം 3-ൽ 'ജീവനക്കാർക്ക് മുൻഗണന: സ്ഥാപനങ്ങളെ രൂപപ്പെടുത്തുന്ന നേതൃത്വ ശൈലിയെക്കുറിച്ച് വിനീത് നായർ" എന്ന പരിപാടിക്ക് എച്ച്.സി.എൽ ടെക്നോളജീസ് മുൻ സി.ഇ.ഒയും സംരംഭകനും എഴുത്തുകാരനുമായ വിനീത് നായർ നേതൃത്വം നൽകും. നവംബർ 15 ഞായറാഴ്ച വൈകുന്നേരം 7:15 മുതൽ 8:15 വരെ ഫോറം 2-ൽ പ്രശസ്ത സഞ്ചാരിയും ജീവചരിത്ര എഴുത്തുകാരിയും അവതാരകയുമായ ഷെനാസ് ട്രഷറിവാല പങ്കെടുക്കുന്ന'യാത്രകൾ,കഥകൾ,ആത്മകഥനം: ഷെനാസ് ട്രഷറിവാലയ്ക്കൊപ്പം ഒരു സായാഹ്നം" എന്ന പരിപാടി നടക്കും