സന്നദ്ധ സേവന മേഖലയിലേക്ക് 100 കോടി രൂപ നല്‍കി ജോയ് ആലുക്കാസ്; പദ്ധതി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

സന്നദ്ധ സേവന മേഖലയിലേക്ക് 100 കോടി രൂപ നല്‍കി ജോയ് ആലുക്കാസ്; പദ്ധതി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
Published on: 

100 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് ജോയ് ആലുക്കാസ്. ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് സ്ഥാപകനായ ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. മുഖ്യമന്ത്രി വി.ഡി.സതീശന്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. നിര്‍ധനരും നിരാലംബരുമായവരുടെ ഇടയില്‍ സന്നദ്ധ സേവനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക സഹായത്തിനുമായാണ് ഈ തുക വിനിയോഗിക്കുക. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വയോജനക്ഷേമം, പാവപ്പെട്ടവര്‍ക്കുള്ള ചികിത്സ, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവക്കായാണ് പദ്ധതി നടപ്പാക്കുക. അര്‍ഹരായവരിലേക്ക് ഇതിന്റെ പ്രയോജനം എത്തുന്നതിനായി സുതാര്യമായതും നീതിയുക്തമായതുമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജോയ് ആലുക്കാസ് അറിയിച്ചു.

എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മാതൃകാപരമായ സംഭാവന നല്‍കുകയാണ് ജോയ്ആലുക്കാസ് ലക്ഷ്യമിടുന്നത് എന്ന് ഡോ.ജോയ് ആലുക്കാസ് പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയിലൂടെ മാത്രമേ യഥാര്‍ത്ഥ വികസനം സാധ്യമാകൂ. രാജ്യമൊട്ടാകെ ഈ മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജോയ് ആലുക്കാസിന് സാധിച്ചതായും വരും വര്‍ഷങ്ങളില്‍ വിപുലമായ പദ്ധതികളാണ് പാവപ്പെട്ടവര്‍ക്കായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതെന്നും ഡോ.ജോയ് ആലുക്കാസ് കൂട്ടിച്ചേര്‍ത്തു.

ഡയാലിസിസ് രോഗികള്‍ക്കുള്ള സാമ്പത്തിക പിന്തുണ, ഹൃദ്രോഗികള്‍ക്ക് സൗജന്യ പേസ്‌മേക്കറുകള്‍, മറ്റു മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ജോയ്ആലുക്കാസിന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 550ല്‍ അധികം വീടുകളും നിരവധി വിദ്യാര്‍ഥികള്‍ക്ക് 'ജോയ് ഓഫ് ഹോപ്പ്' സ്‌കോളര്‍ഷിപ്പുകളും നല്‍കിയിട്ടുണ്ട്. വനിതകള്‍ക്കായി സംരംഭകത്വ ശാക്തീകരണ ക്ലാസുകള്‍, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള 'ജോയ്‌ഫോര്‍ എര്‍ത്ത്' എന്നിവയ്ക്ക് പുറമെ സംസ്ഥാനം അഭിമുഖീകരിച്ച പ്രളയം, കോവിഡ് മഹാമാരി, ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍ സഹായമെത്തിക്കാനും ജോയ്ആലുക്കാസിന് കഴിഞ്ഞിട്ടുണ്ട്

കൊച്ചിയില്‍ നടന്ന ജന്മദിനാഘോഷത്തില്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, നാദിര്‍ഷ, ആന്റണി പെരുമ്പാവൂര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വ്യവസായ പ്രമുഖരായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഗോകുലം ഗോപാലന്‍, ടി.എസ് പട്ടാഭിരാമന്‍, നവാസ് മീരാന്‍, മന്ത്രി മോന്‍സ് ജോസഫ്, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ഉമാ തോമസ്, ടി ജെ വിനോദ്, രാജന്‍ പല്ലന്‍, കൊച്ചി മേയര്‍ മിനിമോള്‍ വി കെ, തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ തുടങ്ങി സിനിമ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.