ഷാർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം. ഷാർജ എക്സ്പോ സെന്‍ററില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ 2350 പ്രസാധകർ ഭാഗമാകും. ഷാർജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് പുസ്തകമേള നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്ന് 1126 അതിഥികള്‍ ഉള്‍പ്പടെ 1224 അതിഥികള്‍ മേളയുടെ ഭാഗമാകും. ഗ്രീക്കാണ് അതിഥി രാജ്യം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യ ജീവിതത്തിന് അംഗീകാരമായി ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ മുഹമ്മദ് സല്‍മാവിയെ സാംസ്കാരിക വ്യക്തിത്വമായി ആദരിക്കും.
ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത് ഇത്തവണ പുസ്തകമേളയിലെത്തും. നവംബർ 14 നാണ് വില്‍ സ്മിത്ത് വില്‍ സ്മിത്തിന്‍റെ സെഷന്‍.സിനിമ,സംഗീതം,എഴുത്ത് തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം സംവദിക്കും. പുസ്തകവും നിങ്ങളും തമ്മില്‍ എന്ന ആശയത്തിലാണ് ഇത്തവണ പുസ്തകമേള സംഘടിപ്പിക്കുന്നത്. എല്ലാത്തവണത്തേയും പോലെ ഇത്തവണയും നിരവധി പേർ പുസ്തകോത്സവത്തിനെത്തുമെന്നാണ് പ്രതീക്ഷ.
നവംബർ 8 മുതല്‍ 11 വരെയാണ് ന്യൂയോർക്കിലെ ത്രില്ലർ ഫെസ്റ്റിവലുമായി സഹകരിച്ച് ത്രില്ലർ ഫെസ്റ്റിവല്‍ നടക്കുന്നത്.വടക്കേ അമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 13 എഴുത്തുകാരും കുറ്റകൃത്യങ്ങൾ, നിഗൂഢതകൾ, മനഃശാസ്ത്ര ത്രില്ലറുകൾ എന്നിവയിലെ വിദഗ്ധരും ത്രില്ലർ ഫെസ്റ്റിവലിന്‍റെ ഭാഗമാകും. കനേഡിയൻ എഴുത്തുകാരി ജെന്നിഫർ ഹില്ലിയർ, അമേരിക്കൻ എഴുത്തുകാരായ ക്രിസ് പാവോൺ, ഡാനിയേൽ ജെ. മില്ലർ, നോർഡിക് ക്രൈം എഴുത്തുകാരായ റാഗ്നർ ജോനാസൺ, ഇവാ ബ്ജോർഗ് എഗിസ്ഡോട്ടിർ, ബ്രിട്ടീഷ് എഴുത്തുകാരി അരമിന്‍റ ഹാൾ, ഇന്ത്യൻ എഴുത്തുകാരൻ എസ്. ഹുസൈൻ സൈദി, പാകിസ്ഥാൻ എഴുത്തുകാരൻ ഒമർ ഷാഹിദ് ഹമീദ്, മിർണ അൽ മഹ്ദി തുടങ്ങിയവരും അതിഥികളായെത്തും.
750 വർക്ക് ഷോപ്പുകള്‍ ഉള്‍പ്പടെ 1200 ഓളം പരിപാടികള്‍ പുസ്തകമേളയിലുണ്ടാകും. അറബിക് ഗ്രീക്ക് ഇംഗ്ലീഷ് റഷ്യന്‍ ഉറുദു പഞ്ചാബി മലയാളം തഗലോഗ് ഭാഷകളില്‍ പോയട്രി കഫേയുമുണ്ടാകും. പോപ് അപ് അക്കാദമി, യുകെസ് പോയട്രി ഫാർമസി, പോഡ്കാസ്റ്റ് സ്റ്റേഷന്‍ എന്നിവയാണ് ഇത്തവണത്തെ പുതുമകള്‍.