ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നാളെ അവസാനിക്കും. ഷാർജ എക്സ്പോ സെന്‍ററില്‍ നവംബർ 5 നാണ് പുസ്തകോത്സവം ആരംഭിച്ചത്. പുസ്തകോത്സവത്തിന്‍റെ 44 മത് പതിപ്പാണ് ഇത്തവണത്തേത്. പതിവുപോലെ മലയാള പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും വായനക്കാരുടെയും ആഘോഷത്തിന്‍റെ വേദി കൂടിയായി ഷാർജ പുസ്തകോത്സവം.
ഷാർജ പുസ്തകോത്സവത്തിലെ ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തില്‍ ഇത്തവണവും നിരവധി പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ദിവസവും 25 പുസ്തകങ്ങള്‍ക്കാണ് പ്രകാശനം ചെയ്യുന്നത്. ഇത്തവണയും പതിവുപോലെ 250 ലധികം പുസ്തകങ്ങളാണ് പ്രകാശനത്തിനായി എത്തിയത്.
മലയാളത്തില്‍ നിന്ന് എല്ലാത്തവണത്തേയും പോലെ അതിഥികള്‍ എത്തിയില്ലെങ്കിലും കെ ആർ മീരയുടെയും സച്ചിദാനന്ദന്‍റെയും വാക്കുകള്‍ കേള്‍ക്കാന്‍ നിരവധി പേരെത്തി. ഇ.പി. ജയരാജന്‍റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’, നടൻ കൃഷ്ണപ്രസാദിന്‍റെ ‘ഹൃദയപൂർവം കർഷക നടൻ’ തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. അന്താരാഷ്ട്ര തലത്തിലുളള എഴുത്തുകാരെ കാണാനും സംവദിക്കാനുമുളള അവസരവും ഷാർജ പുസ്തകോത്സവം മുന്നോട്ടുവച്ചു.
അവസാന ദിവസങ്ങളോട് അനുബന്ധിച്ച് പുസ്തകങ്ങള്‍ക്ക് വമ്പന്‍ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. 20 മുതല്‍ 40 ശതമാനം വരെ വില ക്കിഴിവ് പ്രഖ്യാപിച്ച പ്രസാധകരുണ്ട്. അതേസമയം, കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് ഇതിലും വിലക്കിഴിവാണ് പല പ്രസാധകരും നല്‍കുന്നത്. വാരാന്ത്യ അവധിയായതിനാല്‍ ഇന്നും നാളെയും പുസ്തകോത്സവത്തില്‍ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.