മുന്നിലെ മേശമേല്‍ അളവെടുത്തുവിരിച്ച തുണിയില്‍ കൃത്യതയോടെ മോഹനനേട്ടന്‍റെ കത്രിക പതിഞ്ഞു, ദുബായ് ഖിസൈസിലെ തന്‍റെ തയ്യല്‍ കടയിലിരുന്ന് പോയകാലത്തെ ഒരു അപൂർവ്വ സൗഹൃദനിമിഷം ഓർത്തെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ണുകളില്‍ ആരാധനയുടെ തിളക്കം. കാലം മറവിയുടെ കത്രികയെടുത്ത് എത്രെ വെട്ടിക്കളയാന്‍ ശ്രമിച്ചാലും കൂടുതല്‍ മിഴിവോടെ മോഹനേട്ടന്‍റെ മനസിലേക്ക് ചേർന്ന് നില്‍ക്കുന്നുണ്ട് ആ കാലം, 1987.
ിസൈസിലെ കടയിലേക്ക് കയറിച്ചെല്ലുമ്പോള്‍ കാണാം, തയ്ച്ചതും അല്ലാത്തതുമായ തുണികള്‍ക്കിടയില്‍ ഓർമ്മയുടെ ശേഷിപ്പുപോലൊരുഫ്രെയിം. അതില്‍ ഒരുകാലത്തെ അടയാളപ്പെടുത്തുന്ന നിരവധി ക്ലിക്കുകള്‍. പോയകാലമേല്‍പിച്ച ക്ഷതങ്ങളിലും പ്രഭചോരാതെയുളളൊരു ചിരി നമ്മെ വീണ്ടും ആ ഫ്രെയിമിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കും, മെഗാസ്റ്റാർ എന്ന വിശേഷണം ആദ്യം ചാർത്തി തന്ന ദുബായിലേക്ക് നമ്മുടെ മമ്മൂക്കയെത്തിയ ആ കാലം. ഇന്ന് ഏതൊരു സ്റ്റൈലിസ്റ്റും ആഗ്രഹിക്കുന്ന തരത്തിലൊരു ക്ലിക്ക്. മോഹനേട്ടന്‍റെ അളവ് ടാപിനുമുന്നില്‍ നിറഞ്ഞ പുഞ്ചിരിയോടെ മമ്മൂട്ടി. ജെമിനിയും എഐയും, എന്തിന് നല്ലൊരുസ്മാർട്ട്ഫോണ്‍ തന്നെ ഇല്ലാത്തകാലത്ത് സൗഹൃദകൂട്ടത്തിലെ ആരോ പകർത്തിയ അപൂർവ്വ ഫോട്ടോ.
1980 കളിലാണ്, അന്ന് മമ്മൂട്ടിയുടെ സുഹൃത്തായ പോള്‍ ദുബായ് ഖിസൈസിലെ ഷെയ്ഖ് കോളനിയിലായിരുന്നു താമസം. പോള്‍ മുഖേനയാണ് അന്ന് മമ്മൂട്ടി ദുബായിലെത്തുന്നത്. പോള്‍ സ്ഥിരമായി തന്‍റെ അടുത്ത് നിന്ന് സ്യൂട്ട് തയ്പിക്കാറുണ്ടായിരുന്നു. അന്ന് ഖിസൈസില്‍ തന്നെ മറ്റൊരു കടയായിരുന്നു. പോളുമായുളള സൗഹൃദത്തിലാണ് ഇരുവരുമൊരുമിച്ച് ആ കടയിലേക്ക് വന്നത്. തയ്ച്ചുവച്ച സ്യൂട്ട് പോള്‍ ധരിച്ചുനോക്കി. അപ്പോഴാണ് മമ്മൂട്ടിയ്ക്കും ഒരു സ്യൂട്ട് തയ്ച്ചുകൊടുക്കാന്‍ താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. അങ്ങനെയാണ് അളവെടുത്തത്, മോഹനന്‍ പറയുന്നു.
അളവെടുക്കുന്ന സമയത്ത് സുഹൃത്തുക്കളിലാരോ ഒരു ക്യാമറയുമായി ഓടിവന്നു. 3 പീസ് സ്യൂട്ടാണ് തയ്ചുകൊടുത്തത്. അന്ന് താമസിച്ചിരുന്ന ഹോട്ടലിലെത്തിയാണ് സ്യൂട്ട് നല്കിയത്. ധരിച്ചുനോക്കി ഇഷ്ടപ്പെട്ടു. നല്ലവാക്കുകള്‍ പറഞ്ഞു. അതില്‍ വലിയ സന്തോഷം. പിന്നീട് മമ്മൂക്ക ദുബായിലെത്തിയപ്പോള്‍ കാണാനായി ശ്രമിച്ചിരുന്നു.രണ്ട് തവണ കണ്ടു. പിന്നീടൊരിക്കല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് താമസിച്ച ഹോട്ടലിലെത്തി,അന്ന് മോഹന്‍ലാലിനെ മാത്രമെ കാണാന്‍ കഴിഞ്ഞുളളൂ. പിന്നെ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ തിരക്കില്‍ സാധിച്ചില്ല, അദ്ദേഹത്തിന്‍റെ തിരക്കും താരപ്രഭയും നമ്മളും മനസിലാക്കണമല്ലോ.ഇനിയും കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. അന്നത്തെ പോലെ അളവെടുത്തൊരു സ്യൂട്ട് തയ്ച്ചുകൊടുക്കണം, നടക്കില്ലെന്ന് അറിയാമെങ്കിലും ആഗ്രഹിക്കുന്നതിന് തടസ്സങ്ങളേതുമില്ലല്ലോ, മോഹനന്‍ പറയുന്നു.
ഇന്ദ്രന്‍സുമായും സൗഹൃദമുണ്ട് മോഹനന്. കാണാന്‍ പോവാറുണ്ട്. 1990 കളില്‍ യുഎഇയില്‍ പരിപാടികള്‍ക്കായി വരുമ്പോള്‍ വസ്ത്രം തയ്ച്ചു നല്‍കിയിട്ടുണ്ട്. വല്ലപ്പോഴും വിളിക്കും, സൗഹൃദം പുതുക്കും. മുകേഷിനും ജഗദീഷിനുമെല്ലാം വസ്ത്രം തയ്ച്ചുനല്‍കിയിട്ടുണ്ട്.അതെല്ലാം ഒരു കാലം. തൃശൂർ സ്വദേശിയായ മോഹനന്‍ 1979 ലാണ് യുഎഇയിലെത്തുന്നത്. ബോംബെയില്‍ തയ്യല്‍ കടയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ് ദുബായില്‍ നിന്ന് ജോലി അവസരമെത്തുന്നത്. അങ്ങനെ പ്രവാസിയായി. ദുബായുടെ വളർച്ച കണ്‍മുന്നില്‍ കണ്ടവരില്‍ ഒരാളാണ് മോഹനന്‍. വർഷങ്ങള്‍ കടന്നുപോയി, എത്രയോ പേർക്ക് അളവെടുത്ത് വസ്ത്രം തയ്ച്ചു. ഈ കടയും ഇവിടവുമാണ് ലോകം.
അവസരം ലഭിച്ചാല്‍ ഒരിക്കല്‍ കൂടി മമ്മൂക്കയെ ഒന്ന് കാണണം.അത്രയും മതി. ഒരുമിച്ച് വീണ്ടുമൊരു ഫോട്ടോ, മനസില്‍ ആഴത്തില്‍ പതിഞ്ഞുപോയ ആ ഫ്രയിമിലേക്ക് ചേർത്തുവയ്ക്കാന്‍ എന്നെങ്കിലുമൊരിക്കല്‍ മമ്മൂക്കയെത്തുമെന്ന പ്രതീക്ഷ മോഹനന്‍റെ കണ്ണുകളില്‍ കാണാം. മമ്മൂട്ടിയെന്ന താരത്തെ സംബന്ധിച്ച് കടന്നുപോയ ഒരുപാട് മുഖങ്ങളില്‍ ഒന്നുമാത്രമാണ് താന്‍, പക്ഷെ തനിക്ക്, അല്ല നമ്മള്‍ മലയാളികള്‍ക്ക്, ഒരേയൊരു മമ്മൂക്കയല്ലേ ഉളളൂ...അതുകൊണ്ട് ഒരുമിച്ചൊരുഫോട്ടോയെന്നത് ആഗ്രഹം മാത്രം, നടന്നില്ലെങ്കിലും നിരാശയില്ല, ബുദ്ധിമുട്ടിക്കാനുമില്ല, അന്നത്തെ സൗഹൃദനിമിഷങ്ങളുടെ കനലിപ്പോഴും കെടാതെ ബാക്കിയുണ്ട്. അതുമതി, പറഞ്ഞുനിർത്തി തയ്ച്ചത് വാങ്ങാനും തയ്പിക്കാനെത്തിയവരുടേയും തിരക്കിലേക്ക് തിരിഞ്ഞു മോഹനന്‍.കാലവും ദൂരവുമല്ല, ബന്ധങ്ങളുടെ ആഴമാണ് സൗഹൃദത്തിന്‍റെ അളവുകോലെന്ന് ഒരിക്കല്‍ കൂടി ഓർമ്മിപ്പിച്ചുകൊണ്ട്.