യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വ്യാഴാഴ്ച രാത്രി ശക്തമായ കാറ്റും മഴയും. ഇടിമിന്നലോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് രാജ്യത്തുടനീളം അധികൃതർ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ദുബായ് മുതൽ അബുദാബി വരെയും വടക്കൻ എമിറേറ്റുകളിലും ശക്തമായ മഴയാണ് ലഭിച്ചത്. കിഴക്കൻ മേഖലകളായ ഫുജൈറയിലാണ് മഴ കൂടുതൽ ബാധിച്ചത്.ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായാണ് യുഎഇ ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ മഴ ലഭിക്കുന്നത്.
ദുബായ്, ഷാർജ, അജ്മാന്‍, റാസല്‍ഖൈമ ഉള്‍പ്പടെ എമിറേറ്റുകളിലെ റോഡുകളില്‍ ശക്തമായ വെളളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ഷാർജയിൽ കനത്ത മഴയെ തുടർന്ന് വാദികൾ നിറഞ്ഞൊഴുകിയതിനാൽ മലീഹ-ഷൗക്ക റോഡിലെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. അൽ തവീൻ (47.9mm), അൽ മർജാൻ (39.7mm), ഖോർഫക്കാൻ (33.3mm), ഖതം അൽ ഷക്‌ല (31.6mm) എന്നിവിടങ്ങളിലാണ് ഉയർന്ന മഴ ലഭിച്ചത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അറേബ്യൻ ഗൾഫിലും ഒമാൻ തീരത്തും കടൽ പ്രക്ഷുബ്ധമായിരിക്കും.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും മരങ്ങൾ, പരസ്യ ബോർഡുകൾ എന്നിവയുടെ അരികിൽ നിൽക്കരുതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണം.