മാറുന്ന യുദ്ധസാഹചര്യങ്ങളും സാങ്കേതിക വെല്ലുവിളികളും നേരിടാൻ സൈനിക–സിവിൽ മെഡിക്കൽ മേഖലകൾ കൈകോർക്കണമെന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. യുഎഇ ആദ്യമായി ആതിഥ്യമരുളുന്ന ലോക സൈനിക മെഡിക്കൽ കോൺഗ്രസിൽ ആഗോള സൈനിക–സിവിൽ മെഡിക്കൽ പങ്കാളിത്തത്തിനുള്ള പുതിയ മാതൃകയും അദ്ദേഹം മുന്നോട്ടുവച്ചു.
ഒരുമിച്ചുള്ള തയാറെടുപ്പിലൂടെയും നവീകരണത്തിലൂടെയും സുസ്ഥിരമായ ആരോഗ്യപരിരക്ഷാ ശേഷി കെട്ടിപ്പടുക്കുന്നതിനുള്ള കർമപദ്ധതിയാണ് കോൺഗ്രസിന്റെ 46-ാം പതിപ്പിൽ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം അവതരിപ്പിച്ചത്. ‘ആവശ്യഘട്ടങ്ങളിൽ സജ്ജം, പരീക്ഷണങ്ങളിൽ കരുത്തുറ്റത്’ എന്ന പ്രമേയത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയവും അഡ്നെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 120-ലധികം രാജ്യങ്ങളിൽനിന്നുള്ള സൈനിക, സിവിൽ ആരോഗ്യവിദഗ്ധർ പങ്കെടുക്കുന്നുണ്ട്.
മാറുന്ന യുദ്ധരീതികളും സ്വകാര്യ മേഖലയുടെ പങ്കും
ഡ്രോൺ നിരീക്ഷണം, സൈബർ ആക്രമണങ്ങൾ, മെഡിക്കൽ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയ വെല്ലുവിളികൾ യുദ്ധക്കളത്തിലെ പരുക്കുകൾക്കപ്പുറത്തേക്ക് സൈനിക വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധ വ്യാപിപ്പിക്കുകയാണെന്ന് ഡോ. ഷംഷീർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിലും മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ സൈനിക–സിവിൽ മേഖലകളുടെ ഏകോപനം അനിവാര്യമാണ്. നൂതന ചികിത്സാസൗകര്യങ്ങൾ, സാങ്കേതികവിദ്യയും നവീകരണവും, അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണം, ദേശീയതലത്തിലുള്ള തയാറെടുപ്പുകൾ എന്നിവയിൽ സ്വകാര്യ ആരോഗ്യ മേഖലയ്ക്ക് നിർണായക സംഭാവനകൾ നൽകാനാകും. ആരോഗ്യസേവനങ്ങൾ നൽകുന്ന സ്ഥാപനം എന്ന നിലയിൽനിന്ന് മാറി ദേശീയ മെഡിക്കൽ സജ്ജീകരണങ്ങളിലെ തന്ത്രപ്രധാന പങ്കാളിയായി സ്വകാര്യ മേഖല വളരണമെന്നും അദ്ദേഹം പറഞ്ഞു. സൈനിക സ്ഥാപനങ്ങളുടെ പ്രവർത്തനച്ചുമതല നിലനിർത്തിക്കൊണ്ടുതന്നെ സ്വകാര്യ മേഖലയിലെ വൈദഗ്ധ്യവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനുഷിക ഇടപെടലുകളിൽ യുഎഇ മാതൃക
ഗാസയിൽനിന്നുള്ള രോഗികൾക്ക് ചികിത്സ നൽകുന്നതിനായി ഈജിപ്തിലെ അൽ അരിഷിൽ പ്രവർത്തിക്കുന്ന യുഎഇയുടെ ഫ്ലോട്ടിങ് ആശുപത്രി സൈനിക–സിവിൽ മെഡിക്കൽ സഹകരണത്തിന്റെ മികച്ച ഉദാഹരണമാണെന്ന് ഡോ. ഷംഷീർ പറഞ്ഞു. ചാഡിലെ ഫീൽഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ 49 പേർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയതും ദുരന്തസാഹചര്യങ്ങളിലെ ഏകോപനത്തിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഉണ്ടായശേഷമല്ല, അതിനു മുൻപുതന്നെ തയാറെടുപ്പുകൾ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനുഷിക സഹായരംഗത്ത് യുഎഇയുടെ സംഭാവനകളും അദ്ദേഹം വിശദീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2025-ൽ 146 കോടി ഡോളർ സഹായം നൽകി മാനുഷിക ദൗത്യങ്ങൾക്കായുള്ള ലോകത്തെ മൂന്നാമത്തെ വലിയ ദാതാവായി യുഎഇ മാറിയിരുന്നു. യെമനിൽനിന്നുള്ള ആയിരത്തോളം രോഗികൾക്ക് ഇന്ത്യയിൽ സങ്കീർണ ശസ്ത്രക്രിയകൾ ലഭ്യമാക്കിയതുൾപ്പെടെ 17-ലധികം രാജ്യങ്ങളിൽ ബുർജീൽ ഹോൾഡിങ്സ് ആരോഗ്യസേവനങ്ങൾ എത്തിച്ചിട്ടുണ്ട്. കമ്പനിയുടെ മാനുഷിക ഇടപെടലുകളിലൂടെ ഇതുവരെ 11.7 ലക്ഷത്തിലധികം രോഗികൾക്ക് സേവനം ലഭ്യമാക്കിയതായും ഡോ. ഷംഷീർ പറഞ്ഞു.അബുദാബിയിലെ അഡ്നെക് സെന്ററില് നടക്കുന്ന കോൺഗ്രസ് നവംബർ 13ന് സമാപിക്കും.