അബുദാബി ഇന്ത്യൻ സ്കൂൾ 50 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ഫെബ്രുവരി 1ന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അബുദാബി ഇന്ത്യൻ സ്കൂളിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
1975ൽ 59 കുട്ടികളുമായി പ്രവർത്തനം പ്രവർത്തനം ആരംഭിച്ച അബുദാബി ഇന്ത്യൻ സ്കൂൾ ഇന്ന് പ്രതിവർഷം 5000ത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു. ലോകമെമ്പാടുമായി രണ്ട് ലക്ഷത്തോളം പൂർവ്വ വിദ്യാർത്ഥികൾ. അക്കാദമിക് രംഗത്ത് മികവ് പുലർത്തുന്ന യുഎഇയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് അബുദാബി ഇന്ത്യൻ സ്കൂൾ. കൂടാതെ പാഠ്യേതര വിഷയങ്ങളിലും മുൻനിരയിലാണ് സ്കൂളിന്‍റെ പ്രവർത്തനം.
ഫെബ്രുവരി 1ന് വൈകിട്ട് നാല് മുതൽ ആറ് വരെ അബുദാബി ഇന്ത്യൻ സ്കൂൾ ക്യാംപസിൽ നടക്കുന്ന ഗോൾഡൻ ജൂബിലി ചടങ്ങിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പടെ പങ്കെടുക്കുമെന്ന് വൈസ് ചെയർമാൻ ശരദ് ഭണ്ഡാരി അറിയിച്ചു. എഡ്യൂക്കേഷൻ ഹെഡ് ഷബീർ എം.എം., പ്രിൻസിപ്പൽ ഋഷി പടേഗാവ്കർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.