Short Films

മലര്‍ന്ന് കിടന്ന് തുപ്പുന്ന ‘വഴുതന’ 

സന്ദീപ് ദാസ്

രചന നാരായണന്‍കുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഷോര്‍ട്ട്ഫിലിമാണ് 'വഴുതന'. ശ്യാം വര്‍ക്കല രചിച്ച് അലക്‌സ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെയും സദാചാരബോധത്തെയും കണക്കിന് പരിഹസിക്കുന്ന സൃഷ്ടി എന്ന അവകാശവാദത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ പലരുടെയും കണ്ണുതുറപ്പിക്കും എന്ന് പറയുന്ന 'വഴുതന' മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ദുരന്തമാണ് !

ഷോര്‍ട്ട്ഫിലിമിന്റെ കഥ വളരെ ലളിതമാണ്. രചന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സീത എന്നാണ്.തന്റെ അയല്‍പക്കത്തെ വീട്ടില്‍ നിന്ന് സീത ഒരു വഴുതന മോഷ്ടിക്കുകയാണ്.'സെക്‌സി(?)' ആയ എക്‌സ്പ്രഷന്‍സ് മോഷണസമയത്ത് വാരിവിതറുന്നുണ്ട്. സീതയുടെ അയല്‍ക്കാരന്‍ ഒരു ഞരമ്പുരോഗിയാണ്. സീത വഴുതന മോഷ്ടിച്ചത് സ്വയംഭോഗം ചെയ്യുന്നതിനുവേണ്ടിയാണെന്ന് അയാള്‍ ഊഹിക്കുന്നു.

എന്നാല്‍ പിന്നീടാണ് കഥയില്‍ ഗംഭീര ട്വിസ്റ്റ് വരുന്നത്.കഥാനായിക ഒരു നിര്‍ധന കുടുംബത്തിലെ അംഗമാണ്. ഭര്‍ത്താവ് തൊഴില്‍രഹിതനാണ്.സ്‌കൂളില്‍ പഠിക്കുന്ന ഒരു മകളുമുണ്ട്. സീതയുടെ വീട്ടിലാണെങ്കില്‍ ഒരു മണി അരിപോലുമില്ല. മകളുടെ വിശപ്പുമാറ്റുന്നതിനുവേണ്ടിയാണ് പാവം സീത മോഷ്ടിച്ചത് ! ഈ ട്വിസ്റ്റ് വരുന്നതോടെ പ്രേക്ഷകര്‍ മൊത്തത്തില്‍ ചമ്മിപ്പോകുന്നു !

സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഉള്ളിലിരുപ്പിനെ ഇങ്ങനെ സംഗ്രഹിക്കാം-

‘’ഞങ്ങളുടെ നായിക വഴുതന മോഷ്ടിച്ചപ്പോള്‍ അവരുടെ ഉദ്ദ്യേശം സ്വയംഭോഗമാണെന്ന് നിങ്ങള്‍ കരുതിയില്ലേ? എന്നാല്‍ സീത അത്തരം ചീത്തക്കാര്യങ്ങളൊന്നും ചെയ്യില്ല.അവര്‍ നല്ലൊരു സ്ത്രീയാണ്...’’

സത്രീ ദൈവമാണെന്നും ദേവിയാണെന്നും ഒക്കെ തള്ളിവിടുന്ന പ്രത്യേകതരം പുരോഗമനവാദികളുണ്ട്. വഴുതനയുടെ അണിയറപ്രവര്‍ത്തകര്‍ അത്തരക്കാരാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സ്വയംഭോഗം പാപമാണെന്ന് അവര്‍ക്ക് തോന്നുന്നത്. വികാരങ്ങളും വിചാരങ്ങളും ഉള്ള സാധാരണ മനുഷ്യജീവിയായി പെണ്ണിനെ കാണാന്‍ ഇവരെല്ലാം എന്നാണ് പഠിക്കുക?

ഇതുപോലുള്ള ആളുകളുടെ മനസ്സിലെ 'ഉത്തമസ്ത്രീ' ലക്ഷണങ്ങള്‍ പറഞ്ഞുതരാം-

ആണുങ്ങളോട് കയര്‍ത്തുസംസാരിക്കാത്തണ്ടണ്ടവള്‍.

കുടുംബത്തിനുവേണ്ടി മെഴുകുതിരി പോലെ ഉരുകിത്തീരുന്നവള്‍.

പട്ടിണി കിടന്നാലും മറ്റുള്ളവരെ ഊട്ടുന്നവള്‍.

അടുക്കളജോലി ചെയ്യുന്നതിനുവേണ്ടി പഠിപ്പും ജോലിയും ഉപേക്ഷിക്കുന്നവള്‍.

വിവേചനങ്ങള്‍ സ്‌നേഹത്തിന്റെ ഭാഗമാണെന്ന് കരുതുന്നവള്‍.

ഭര്‍ത്താവ് തല്ലുമ്പോള്‍ 'അക്കരെ അക്കരെ അക്കരെ' എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ ചിരിച്ചുകൊണ്ട് മറുകരണം കാണിച്ചുകൊടുക്കുന്നവള്‍.

'അന്യപുരുഷന്റെ' മുഖത്തുപോലും നോക്കാത്തവള്‍ (സ്ത്രീ-പുരുഷ ബന്ധമെന്നാല്‍ സെക്‌സ് മാത്രമാണല്ലോ!)

ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീകളെ നൈസായി ഒതുക്കാനുള്ള എല്ലാ കാര്യങ്ങളും ആ പട്ടികയില്‍ വരും. വ്യാജമായ പ്രശംസകള്‍ ചൊരിഞ്ഞ് അവളെ അടുക്കളയില്‍ തന്നെ നിര്‍ത്താനുള്ള സൈക്കളോജിക്കല്‍ മൂവ് !

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വയംഭോഗം എന്നത് പാപമല്ല. ശാരീരികമായും മാനസികമായും സന്തോഷം തരുന്ന പ്രക്രിയയാണത്. ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്യാത്ത ആരെങ്കിലും ഉണ്ടാകുമോ? പിന്നെ എന്തിനാണ് സ്ത്രീ സ്വയംഭോഗം പാപമായി ചിത്രീകരിക്കുന്നത്? എന്തിനാണ് അവളെ വികാരങ്ങളില്ലാത്ത ദിവ്യശക്തിയായി അവരോധിക്കുന്നത്?

വഴുതനയിലെ നായികയുടെ പേര് 'സീത' എന്ന് ആയതുപോലും യാദൃശ്ചികമോ നിഷ്‌കളങ്കമോ ആണെന്ന് തോന്നുന്നില്ല.സര്‍വ്വവും സഹിക്കുന്നവളാണല്ലോ സീത !

വഴുതന മോഷ്ടിക്കുന്ന സമയത്ത് രചന കാഴ്ച്ചവെച്ച ഭാവാഭിനയം അസഹനീയമായിരുന്നു.വിശപ്പുമൂലം മോഷ്ടിക്കുന്ന ഒരാളുടെ മുഖത്ത് എന്തിനാണ് ലൈംഗികതയുടെ സൂചനകള്‍?

ഈ സംവിധായകന് വിശപ്പെന്താണെന്ന് അറിയാമോ? മധു എന്ന ആദിവാസി യുവാവിനെ ഓര്‍മ്മയുണ്ടോ അയാള്‍ക്ക്? ഒന്നും വേണ്ട.ഷോര്‍ട്ട്ഫിലിം തുടങ്ങുമ്പോള്‍ കലാഭവന്‍ മണിയുടെ ചിത്രം ആദരസൂചകമായി കാണിക്കുന്നുണ്ട്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ വിശപ്പിന്റെ ‘സുഖം’ എന്താണെന്ന് ആ സംവിധായകന് പറഞ്ഞുകൊടുക്കുമായിരുന്നു !

കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് മറ്റൊരു ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു.ഷോള്‍ ഇടാത്ത പ്രണയിനിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഷോള്‍ വാങ്ങിപ്പിക്കുന്ന 'കലിപ്പനായ' കാമുകന്റെ കഥ.ഷോള്‍ ഇട്ടില്ലെങ്കില്‍ അടുത്ത നിമിഷം കൊല്ലും എന്ന മട്ടിലാണ് കലിപ്പന്റെ നില്പ് ! ഷോള്‍ വാങ്ങാന്‍ ചെല്ലുന്ന പെണ്‍കുട്ടിയോട് സെയില്‍സ് ഗേള്‍ ചോദിക്കുന്നത് ''ചെക്കന്‍ ഭയങ്കര കെയറിങ്ങാണല്ലേ'' എന്നാണ് ! ശരിക്കും പകച്ചുപോയി ഞാന്‍ !

ഇങ്ങനെയുള്ള കലിപ്പന്‍മാരാണ് പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. കാമുകിയും ഒരു സ്വതന്ത്രവ്യക്തിയാണെന്ന് മനസ്സിലാക്കാത്ത വിഡ്ഢികള്‍ ഈ സമൂഹത്തില്‍ ഒരുപാടുണ്ട്.'ഉയരെ' എന്ന സിനിമയില്‍ ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ് എന്ന കഥാപാത്രം അങ്ങനെയുള്ള ഒരാളായിരുന്നു.എന്നിട്ടും ഗോവിന്ദിനെ ന്യായീകരിക്കാന്‍ എത്രപേരാണ് എത്തിയത്!

ഗോവിന്ദുമാര്‍ നല്ലവര്‍ ആണെന്ന് സ്ത്രീകഥാപാത്രങ്ങളെക്കൊണ്ട് തന്നെ പറയിക്കും. ചൂഷണം ഒളിപ്പിക്കാനുള്ള ഏറ്റവും സമര്‍ത്ഥമായ മാര്‍ഗ്ഗമാണല്ലോ അത് !

വിഷയം വേറൊന്നുമല്ല. ഇപ്പോഴത്തെ സ്ത്രീകള്‍ക്ക് നട്ടെല്ലുണ്ട്.അവര്‍ സെക്‌സും ആര്‍ത്തവവും ഒക്കെ നിര്‍ഭയം ചര്‍ച്ചചെയ്യുന്നു. മെയില്‍ ഷോവനിസ്റ്റുകളെ നിര്‍ദ്ദയം പുച്ഛിച്ചുതള്ളുന്നു. ചില പുരുഷകേസരികള്‍ക്ക് ഇതിലൊക്കെ വലിയ നിരാശയുണ്ട്. അതാണ് ഇത്തരം ഹ്രസ്വചിത്രങ്ങളിലൂടെ പുറത്തുവരുന്നത്.'സ്ത്രീപക്ഷം' എന്ന ലേബല്‍ ഒട്ടിച്ചാല്‍ ആര്‍ക്കും ഒന്നും മനസ്സിലാവില്ല എന്നാണ് പാവങ്ങളുടെ ധാരണ !

സീത നീട്ടിത്തുപ്പുന്ന ഒരു രംഗത്തോടെയാണ് 'വഴുതന' അവസാനിക്കുന്നത്.''മുഖത്ത് തുപ്പല്‍ വീണവര്‍ മാത്രം അങ്ങ് തുടച്ചേര് '' എന്ന പ്രസ്താവന കൂടി വെച്ചിട്ടുണ്ട്. ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരു കാര്യമേ പറയാനുള്ളൂ.തുപ്പിക്കോളൂ. പക്ഷേ മലര്‍ന്ന് കിടന്നുകൊണ്ട് അത് ചെയ്യരുത്.ദോഷം നിങ്ങള്‍ക്കുതന്നെയാണ്....

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT