ഒരുപക്ഷെ നിറത്തിന്റെ പേരിലുള്ള തരംതിരിവുകൾ നമ്മളിൽ പലർക്കും ബാല്യകാലം മുതൽക്കു തന്നെ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും. ചെറുപ്പം മുതലേ നമ്മുടെയൊക്കെ മനസ്സിൽ കറുപ്പ് മോശമാണെന്ന് അടിച്ചേല്പിക്കപ്പെടുന്നു. സമൂഹത്തിൽ, സിനിമകളിൽ, എന്തിന് പാഠപുസ്തകങ്ങളിൽ പോലും കറുത്ത നിറമെന്നാൽ കുറവായോ, മോശക്കാരായോ ചിത്രീകരിക്കപ്പെടുന്നത് ഇന്നും അവസാനിച്ചിട്ടില്ല. അത്തരത്തിൽ വർണവിവേചനം നേരിടുന്ന ഒരു സമൂഹത്തെ, അതെത്രത്തോളം ഭീകരമായി മനുഷ്യരെ ബാധിക്കുന്നു എന്നതിനെ പത്തു മിനിറ്റ് ദൈർഘ്യം വരുന്ന ചായങ്ങൾ എന്ന ഹ്രസ്വ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് മിഥുൻ മധുസൂദനൻ എന്ന സംവിധായകൻ.
ഒരു വീടും പിന്നെ അതിന്റെ പരിസരത്തു കളിക്കുന്ന കുറെ കുട്ടികളും, അവർക്കിടയിലെ അപ്പു എന്ന കുട്ടിക്ക് നിറം കറുത്തതിന്റെ പേരിൽ ഒരുപാട് അവഗണനകളും പരിഹാസങ്ങളും നേരിടേണ്ടി വരുന്നുണ്ട്. കളിക്കുന്നതിനിടെ ആ വീട്ടിലെ മുറിയിൽ ഒളിക്കാൻ തുടങ്ങുന്ന അപ്പുവിന്റെ മനസിലേക്കെത്തുന്ന അവൻ കേട്ട കളിയാക്കലുകൾ അവന്റെ മനസ്സിൽ അപകർഷതാബോധമുണ്ടാക്കുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം. ചിത്രത്തിന്റെ ആദ്യത്തെ രണ്ടു ഷോർട്ടുകളിൽ കാണിക്കുന്നത് ഒരു അലമാരക്കു മുകളിൽ വച്ചിരിക്കുന്ന ഒരു പൗഡറും പിന്നെ ഒരു കണ്ണാടിയുമാണ്. അവിടെ തന്നെ ചിത്രം എന്തിനെ കുറിച്ചാണ് പറയാൻ പോകുന്നതെന്ന കാര്യം വ്യക്തമാണ്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്ന മഹേഷ് വി നാരായണൻ ആണ്. വിജു ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം ചിത്രത്തിൻറെ വൈകാരിക തീവ്രത വർധിപ്പിക്കുന്നു. സംവിധായകൻ മിഥുൻ തന്നെയാണ് ചിത്രത്തിൻറെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. പ്രത്യുഷ് പ്രകാശ് ആണ് ചിത്രത്തിൻറെ എഡിറ്റിങ് നിരവഹിച്ചിരിക്കുന്നത്. ഭുവനേഷ് അജിത്കുമാർ ഷീബയാണ് ക്രീയേറ്റീവ് ഡയറക്ടർ. ശ്രീ വിഷ്ണു ജെ എസ് ആണ് സൗണ്ട് ഡിസൈനർ. അപ്പുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ബാലന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ചിത്രം ക്യൂ സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.