Entertainment

ഷാജി എന്‍ കരുണ്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍

THE CUE

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിനെ സര്‍ക്കാര്‍ നിയമിച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം. രാജ്യാന്തര ശ്രദ്ധ നേടിയ ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ കേരളാ ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ കൂടിയാണ്. ആദ്യ ചിത്രമായ പിറവിക്ക് കാന്‍ ചലച്ചിത്രമേളയില്‍ കാമറ ദി ഓര്‍ ലഭിച്ചിരുന്നു. ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും പിറവി സ്വന്തമാക്കി. കലാ-സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നല്കുന്ന 'ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്' പുരസ്‌കാരവും 2011-ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും ചലച്ചിത്ര അക്കാദമിയുടെയും വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ചലച്ചിത്രകാരന്‍ കൂടിയാണ് ഷാജി എന്‍ കരുണ്‍. ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ രൂപമാറ്റത്തിനായി നിയോഗിച്ച കമ്മിറ്റിയുടെ തലപ്പത്തും ഷാജി എന്‍ കരുണ്‍ ഉണ്ടായിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ചലച്ചിത്രമേളയില്‍ മത്സരിച്ചിട്ടുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്വര്‍ണമെഡലോടുകൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടിയ ഷാജി എന്‍ കരുണ്‍ കെഎസ്എഫ്ഡിസി രൂപീകരണ വേളയില്‍ കോര്‍പ്പറേഷന്റെ ഭാഗമായിരുന്നു. ഫിലിം ഓഫീസര്‍ പദവിയിലായിരുന്നു അന്നത്തെ നിയമനം. ആദ്യ ചെയര്‍മാന്‍ പിആര്‍എസ് പിള്ളയ്‌ക്കൊപ്പം ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഭാവിപദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന അധ്യക്ഷനാണ് നിലവില്‍ ഷാജി എന്‍ കരുണ്‍. ടിഡി രാമകൃഷ്ണന്റെ രചനയില്‍ ഷെയിന്‍ നിഗത്തെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ഓള് ആണ് ഒടുവില്‍ പുറത്തുവന്ന സിനിമ.

ജി അരവിന്ദന്‍ സിനിമകളുടെ ഛായാഗ്രാഹകനായാണ് സിനിമയില്‍ സജീവമായത്. കാഞ്ചന സീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍ തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഷാജി എന്‍ കരുണ്‍ ആണ്. കെ ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ഹരിഹരന്റെ നഖക്ഷതങ്ങള്‍, പദ്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്നീ സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു ഷാജി എന്‍ കരുണ്‍.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ പദവി ഷാജി എന്‍ കരുണ്‍ ഏറ്റെടുക്കുന്നതോടെ കോര്‍പറേഷന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ വേഗവും കാര്യക്ഷമതയും കൈവരിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായി മന്ത്രി എകെ ബാലന്‍ പറഞ്ഞു.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT