Movie Review

നൻപകൽ നേരത്ത് മയക്കം അഥവാ നാടകമേ ഉലകം

അരങ്ങിലെ നടനോടൊപ്പം പ്രേക്ഷകനിലും അനിവാര്യമായ ഒരു പരകായപ്രവേശം സംഭവിക്കുന്നുണ്ട്. നായകനോ നായികയോ മറ്റ് കഥാപാത്രങ്ങളോ ഒക്കെയായി കാണിയും മാറും. അരങ്ങിനോടൊപ്പം ചിരിച്ചും കരഞ്ഞും നെടുവീര്‍പ്പിട്ടും പ്രതിഷേധിച്ചും പ്രേക്ഷകന്‍ കൂടെ കൂടുന്നത് അതുകൊണ്ടാണ്. അപ്പോഴാണ് അതൊരു മികച്ച കലാസൃഷ്ടിയാകുന്നത്. ഇത് ജീവിതത്തിലുമുണ്ട്.

നമ്മളറിയാതെ അപരവ്യക്തിത്വത്തിലേക്ക് ചേക്കേറുന്ന എത്രയോ നിമിഷങ്ങള്‍. സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പാതിമയക്കത്തില്‍ നിന്ന് പ്രയാസപ്പെട്ട് സ്വയം വീണ്ടെടുക്കേണ്ടി വരുന്ന അനുഭവമില്ലാത്തവരുണ്ടാകില്ല. അത് ഞാന്‍ തന്നെയാണല്ലോ, അല്ലെങ്കില്‍ അത് ഞാനായിരുന്നെങ്കില്‍ എന്ന സംഘര്‍ഷം ചെറുതല്ല. അതിസങ്കീര്‍ണ്ണമായ ഈ മനുഷ്യാവസ്ഥയെ ലളിതമായി എന്നാല്‍ ഏറെ സംവാദസാധ്യതകള്‍ തുറന്ന് വെച്ച് അത്യപൂര്‍വ്വമായ ഒരു സിനിമാനുഭവമാക്കിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. ദേശത്തെയും കാലത്തെയും കൂട്ടിയോജിപ്പിച്ച് കഥകളിലൂടെയും നോവലിലൂടെയും പലകുറി വിസ്മയിപ്പിച്ചിട്ടുണ്ട് എസ്.ഹരീഷ്. ഈമയൗവിലും ജെല്ലിക്കെട്ടിലും ചുരുളിയിലും തുടങ്ങി തന്റെ സിനിമകളിലെല്ലാം സ്വന്തമായൊരു ദേശവും പൊതു ബോധത്തിന് പരിചിതരും അപരിചിതരുമായ മനുഷ്യരെയും കാണിച്ച് ഇതിന് മുന്‍പും ലിജോ അതിശയിപ്പിച്ചിട്ടുണ്ട്.

ഈ രണ്ട് പ്രതിഭകള്‍ ചേര്‍ന്ന് നമ്മളെ സാരഥി തിയേറ്റേഴ്‌സിന്റെ നാടകവണ്ടിയില്‍ കയറ്റുകയാണ്. ഒരിടത്ത് സാരഥി തിയറ്റേഴ്‌സിന്റെ നാടകമാണ്. നമ്മള്‍ പലരായി പരകായപ്രവേശം ചെയ്യുകയാണ്. അരങ്ങിലെ നടന്‍ അരങ്ങ് വിട്ടും മറ്റൊരു കഥാപാത്രമായി ജീവിക്കുന്നത് ആലോചിച്ചിട്ടുണ്ടോ?സഹനടന്‍മാര്‍/ജീവിതത്തിലെ പ്രിയപ്പെട്ടവര്‍ കാഴ്ചക്കാരായി മാത്രം നിസ്സഹായമാകുന്നത് അനുഭവിച്ചിട്ടുണ്ടോ? ഒടുവില്‍ ഭാഷയും വേഷവും ജീവിതവും എല്ലാം വ്യത്യസ്തമായ മറ്റൊരിടത്ത് നമ്മളെങ്ങിനെയെത്തി എന്ന് നെടുവീര്‍പ്പിട്ടുണ്ടോ? അവിടെ ഒറ്റ ഉത്തരമേയുള്ളു, സാരഥി തിയേറ്റേഴ്‌സിന്റെ ഡ്രൈവറുടെ ഉത്തരം. നാടകമേ ഉലകം.

അരങ്ങ് അതെവിടെയുമാകാം. നടനാകട്ടെ വേഷപ്പകര്‍ച്ചയില്‍ നിന്ന് കുതറിമാറാന്‍ കഴിയാതെ മറ്റൊരു ജീവിതം അല്‍പനേരത്തേക്കെങ്കിലും അനുഭവിക്കുന്നുണ്ട്. പക്ഷേ, ഇവിടെ സംവിധായകനെയും കഥാകൃത്തിനെയും മറികടക്കുന്നുണ്ട് മമ്മൂട്ടി എന്ന അതുല്യനടന്‍.

അയാള്‍ ജെയിംസില്‍ നിന്ന് അപരിചിതനായ സുന്ദരമാകുന്നുണ്ട്. താന്‍ കറന്നെടുത്ത പാല് നിഷേധിക്കുന്നവരുടെ മുന്നില്‍ നിസ്സഹായനായി പാല്‍ ഒഴുക്കി കളയേണ്ടി വരുമ്പോള്‍, രണ്ട് വര്‍ഷമായി താനറിയാതെ തന്റെ ഊരില്‍ കോവിലുയരുന്നതറിയുമ്പോള്‍, ഒടുവില്‍ തനിക്ക് സ്ഥിരമായി ഷേവ് ചെയ്ത് തരാറുള്ള ക്ഷുരകന്‍ ആറ് മാസം മുന്‍പ് മരിച്ചതറിയുമ്പോള്‍ അയാള്‍ തന്റെ ദേശം നഷ്ടപ്പെട്ടവനാകുന്നു.ആ നിമിഷം അയാളുടെ കണ്ണാടിക്കാഴ്ചയുണ്ടല്ലോ മമ്മൂട്ടിക്ക് മാത്രം സാധ്യമായ കാഴ്ചയാണത്. തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും ഇതെന്‍ ഊരല്ലേ എന്ന സുന്ദരത്തിന്റെ ചോദ്യം നമ്മുടെ കാതില്‍ മുഴങ്ങുന്നുണ്ടാകും. ആ അരങ്ങില്‍ മണ്ണിനെ തൊട്ട് മാനത്തേക്ക് നോക്കിയുള്ള

സുന്ദരത്തിന്റെ കിടപ്പില്‍ സിനിമ തുടങ്ങുമ്പോള്‍ നമ്മള്‍ കേട്ട പാട്ട് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.

'ഇരുക്കും ഇടത്തെ വിട്ട്

ഇല്ലാത്ത ഇടം തേടി

എങ്കങ്കോ അലയിന്‍ട്രാല്‍

ജ്ഞാനതങ്കമേ

അവര്‍ ഏതും അറിയാതടി

ജ്ഞാനതങ്കമേ..'

രണ്ട് വര്‍ഷം മുന്‍പ് ചന്തയിലേക്ക് പോയ സുന്ദരത്തെ പിന്നീട് ആ ഊരിലുള്ളവര്‍ കണ്ടിട്ടില്ല. അവിടേക്കാണ് ഉച്ചമയക്കത്തില്‍ നിന്നുണര്‍ന്ന് തന്റെ വണ്ടിയിലെ സഹയാത്രികരെയും പിന്നിട്ട് ജെയിംസ് എത്തുന്നതും വസ്ത്രം മാറ്റി സുന്ദരമായി മാറുന്നതും. മകനുണ്ടായാലുള്ള നേര്‍ച്ചയ്ക്കായാണ് മകന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജെയിംസും കുടുംബവും മറ്റുള്ളവരും വേളാങ്കണ്ണിയിലേക്കെത്തുന്നത്.

സിനിമയുടെ ദാര്‍ശനികതലം എത്രമാത്രം റിലേറ്റഡാണ്! അതേസമയം എത്രയെത്ര ആസ്വാദന സാധ്യതതകളാണ്!

സോഷ്യല്‍ മീഡിയ കാലത്ത് ഇത്തരമൊരു സിനിമയിറക്കുമ്പോള്‍ അതിനുണ്ടാകുന്ന വ്യാഖ്യാനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വിമര്‍ശനങ്ങളും ഏറെയാണ്. അതിലൂടെയൊക്കെയാണ് ഈ ചിത്രം വികസിക്കുന്നതും.സുന്ദരത്തില്‍ നിന്ന് ജെയിംസിലേക്കുള്ള തിരിച്ച് നടത്തത്തില്‍ ഭാര്യയും മകനും സംഘാംഗങ്ങളുമെല്ലാമുണ്ട്. ആ നടത്തത്തിന്റെ ചടുലതയും വേഗവും അടുത്ത അരങ്ങ് ലക്ഷ്യം വെച്ചുള്ളതാണ്. അമ്മയുടെ കണ്ണീരിലും ഭാര്യമാരുടെ നിസ്സഹായതയിലും ബാത്ത്റൂമിന് മുന്‍പില്‍ കൂടി നിന്ന് തങ്ങളനുഭവിച്ച അവഗണനയുടെ ഓര്‍മ്മകള്‍ തമാശയായി പറഞ്ഞ് ചിരിക്കുന്ന സ്ത്രീകളിലും ഇനിയും മാറാത്ത സമൂഹമുണ്ട്. പുരുഷന്റെ ലോകം ഇവിടെയും വിശാലമാണ്.

തമിഴന്റെ ജീവിതം എത്രമേല്‍ സാഹിത്യവും പാട്ടും സിനിമയുമായി കെട്ടുപിണഞ്ഞതാണെന്ന് സിനിമയുടെ പശ്ചാത്തലശബ്ദങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. ഒരേസമയം കാഴ്ചയില്‍ നിന്നും പശ്ചാത്തല ശബ്ദങ്ങളുടെ കേള്‍വിയില്‍ നിന്നും രണ്ട് വ്യത്യസ്തമായ അനുഭവങ്ങളുണ്ടാകുന്നു. പശ്ചാത്തലം മറ്റൊരു സിനിമ തന്നെയാണ്. അതേസമയം പ്രമേയവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതുമാണ്. കഥ നടക്കുന്ന കാലം പശ്ചാത്തലത്തിലെ പരസ്യങ്ങളിലൂടെയും റേഡിയോ ടിവി വാര്‍ത്തകളിലൂടെയും വ്യക്തമാണ്.

തമിഴ് സംസ്‌കാരത്തിലേക്കുള്ള യാത്ര തിരുക്കുറലില്‍ നിന്നാകാതെ തരമില്ല. സുനാമി ആഞ്ഞടിച്ചിട്ടും തകരാതെ നിന്ന കന്യാകുമാരിയിലെ പ്രതിമ മാത്രമാണ് ജെയിംസിന് തിരുവള്ളുവർ. പക്ഷേ, തമിഴ്‌നാടിന് അവരുടെ ജീവിതത്തിന്റെ അടിത്തറയാണത്. ഒരു സുനാമിക്കും മായ്ച്ച് കളയാനാകാത്ത മഹാകാവ്യം. ഉറക്കം മരണം പോലെയാണെന്നും ഉണരുന്നത് ജനനമാണെന്നുമുള്ള തിരുക്കുറലിലെ വരികളാണ് ഉറക്കം ശരിയായില്ല എന്ന ജെയിംസിന്റെ ആശങ്കയ്ക്ക് ലോഡ്ജിലെ റിസപ്ഷനിസ്റ്റിന്റെ ഓര്‍മ്മപ്പെടുത്തല്‍. തിരുക്കുറൽ നാടകത്തിന് പറ്റിയ പേരാണെന്ന് ജെയിംസ് പറയുന്നുണ്ട്. തുടര്‍യാത്രയിലെ മയക്കത്തിലേക്കും നാടകത്തിലേക്കും കൃത്യമായ സൂചന തുടക്കത്തിലേ നല്‍കുന്നുണ്ട്.

തേനി ഈശ്വറിന്റെ ക്യാമറ തമിഴ്ഗ്രാമീണ ജീവിതത്തെ എത്ര കൃത്യമായാണ് അടയാളപ്പെടുത്തുന്നത്! സ്റ്റെഡി ഷോട്ടുകളില്‍ ജീവിതം കൊണ്ടുവരിക എന്നത് നാടകത്തിലെപ്പോലെ സിനിമയില്‍ എളുപ്പമല്ല. മനുഷ്യാവസ്ഥകളുടെ സങ്കീര്‍ണ്ണതകളും അപ്രതീക്ഷിതമായി

മാറിപ്പോകുന്ന ജീവിതങ്ങളും സംഘര്‍ഷവും സങ്കടങ്ങളില്‍ ദേശ,ഭാഷ പരിഗണനകള്‍ക്കപ്പുറത്ത് പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്ന മനുഷ്യരും. അങ്ങിനെ വിശാലമാണ് സിനിമയുടെ രാഷ്ട്രീയം.

സാരഥി തിയേറ്റേഴ്സിന്റെ വണ്ടി വീണ്ടും യാത്ര പുറപ്പെടുന്നു, പശ്ചാത്തലത്തിലെ തമിഴ്ഗാനത്തിന്റെ അര്‍ത്ഥമിങ്ങനെ:

എന്തെല്ലാം കളി കളിച്ചു?

എന്തെല്ലാം പറഞ്ഞ് കൂട്ടി?

എന്തെല്ലാം ചേര്‍ത്തുവെച്ചു?

ബന്ധങ്ങള്‍ വീട് വരെ ഉണ്ടാകും

ഭാര്യ വീഥി എത്തുംവരെ ഉണ്ടാകും

സന്തതികള്‍ ചുട്കാട് വരെ ഉണ്ടാകും

അവസാനം വരെ ആരുണ്ടാകും?

ലിജോ അടുത്ത ദേശത്തേക്കുള്ള പുറപ്പാടിലാണെന്ന് ഉറപ്പ്. സുന്ദരത്തെ തിരിച്ചറിഞ്ഞ നായ പുറകെയുണ്ട്. എന്റെ ക്രെഡിറ്റിലെ റെഫറന്‍സുകളെല്ലാം നാടകമാണ്. തിലകനും ജോസ്‌ പെല്ലിശ്ശേരിയുമടക്കം നിരവധി നാടകപ്രവര്‍ത്തകര്‍ നിരവധി രംഗങ്ങള്‍ സ്റ്റില്‍സായി വന്നുപോകുന്നുണ്ട്. നന്‍പകൽ നേരത്ത് മയക്കം നാടകലോകത്തിനുള്ള സമര്‍പ്പണം തന്നെയാണ്.

(റഫറന്‍സ്-മുകേഷ്‌കുമാര്‍ m3db)

'കൂമൻ' ആവർത്തിക്കാൻ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ട്; 'മിറാഷ്' നാളെ തിയറ്ററുകളിലേക്ക്

ലോകയുടെ 10 കോപ്പികളെങ്കിലും ഉടൻ തന്നെ ബോളിവുഡിൽ കാണാം, അവിടെ നടക്കുന്നത് വില കുറഞ്ഞ അനുകരണം: അനുരാഗ് കശ്യപ്

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

SCROLL FOR NEXT