Movie Review

ഭീമനും വഴിവെട്ടുന്ന പെണ്ണുങ്ങളും

സൗന്ദര്യസങ്കല്‍പ്പവുമായി ബന്ധപ്പെട്ട വികലമായ ധാരണകളെ‘തമാശ’യില്‍ക്കൂടി അവതരിപ്പിച്ച അഷറഫ് ഹംസ ഇത്തവണ അതേ വഴിയുടെ തുടര്‍ച്ചയെന്ന പോലെ കുറച്ച് കൂടി വിശാലമായ ഒരു യാത്രയാണ്‌ ഭീമന്‍റെ വഴിയിലൂടെ നടത്തുന്നത്.കുഞ്ചാക്കോ ബോബന്‍റെ ഭീമന്‍,ജിനു ജോസഫിന്‍റെ കൊസ്തേപ്പ് എന്നിങ്ങനെ തുടങ്ങുന്ന കഥാപാത്രങ്ങളുടെ സൃഷ്ടിയാകട്ടെ പ്രമേയമാകട്ടെ കഥാപരിസരമാകട്ടെ സ്ഥിരമായി ലേബല്‍ ചെയ്യപ്പെടുന്ന ചിലതിനെയൊക്കെ തച്ചുടച്ച് കൊണ്ടുള്ള തികച്ചും പുതുമയുള്ള ഒരു വഴി വെട്ടുകയാണ് അഷറഫും ചെമ്പന്‍ വിനോദും ടീമും ഭീമന്‍റെ വഴിയിലൂടെ.

വീണുകാലൊടിഞ്ഞ അമ്മയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകേണ്ടി വന്നപ്പോഴാണ് വീട്ടിലേയ്ക്ക് വണ്ടി കയറുന്ന ഒരു വഴിയില്ലാത്തതിന്‍റെ പ്രശ്നങ്ങള്‍ ഭീമനെന്ന സഞ്ജീവ് തിരിച്ചറിഞ്ഞുതുടങ്ങുന്നത്.വഴി ആവശ്യമുള്ള മറ്റുവീട്ടുകാരുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് വഴി വീതി കൂട്ടാനുള്ള ധാരണയായി.തുടര്‍ന്ന് വഴിയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിന്‍റെ ഭാഗമായുണ്ടാകുന്ന തര്‍ക്കങ്ങളും ചില ‘വഴിമുടക്കി’കളുമായുള്ള കലഹങ്ങളും ഒടുവില്‍ അതെങ്ങനെ പരിഹരിയ്ക്കപ്പെടുന്നു എന്നുമൊക്കെയാണ് സിനിമയുടെ പ്രമേയം.

Bheemante Vazhi Review

കഥാപാത്രസൃഷ്ടിയിലെ പുതുമയും കൗതുകവും കേന്ദ്രകഥാപാത്രമായ ഭീമനില്‍ നിന്നുതന്നെ തുടങ്ങുന്നു.കുഞ്ചാക്കോ ബോബന്‍റെ ഇതുവരെയുള്ള കാമുകന്‍ ഇമേജിനെ ‘റി ഡിഫൈന്‍’ചെയ്യുന്ന ക്യാരക്ടരാണ് ഭീമനെന്ന സഞ്ജീവ്. ഭീമന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഇരുപത്തഞ്ചുലക്ഷം സ്ത്രീധനമൊക്കെ വാങ്ങാവുന്ന,നല്ല ശമ്പളമുള്ള,സുന്ദരനും സുമുഖനും സത്സ്വഭാവിയുമായ യുവാവ്.പെണ്ണ്,പ്രണയം,ലൈംഗികത എന്നീ കാര്യങ്ങളില്‍ ഭീമന്‍റെ ധാരണകളും ചിലയിടങ്ങളില്‍ ആ വഴി പോലെ ഇടുങ്ങിയതാണ്.

സ്ത്രീകളോട് വൈകാരികമായിഅടുപ്പമൊന്നും ഉണ്ടാക്കാതെയുള്ള,ശാരീരികമായ അന്വേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമാണ് ഭീമന് താല്പര്യം.മദ്യവും സെക്സുമാണ് തനിയ്ക്ക് ഏറ്റവും കിക്കെന്ന് പറയുമ്പോഴും ഓരോ ബന്ധം മുറിയുമ്പോഴും ഭീമന്‍ ആ പെയിന്‍ ഫീല്‍ ചെയ്യുന്നുമുണ്ട്.പെണ്ണിലേയ്ക്കും പ്രണയത്തിലേയ്ക്കുമുള്ള വഴിയറിയാതെ കുഴയുന്ന അവസ്ഥയില്‍ ആ തിരിച്ചറിവിലേയ്ക്ക് ഭീമനെ കൊണ്ടുവരുന്നതും ഭീമന്‍റെ പെണ്ണുങ്ങള്‍ തന്നെയാണ് താനും.

Bheemante Vazhi Review

കോഴി,തേപ്പ് എന്നൊക്കെയുള്ള പ്രയോഗങ്ങളെ മറ്റൊരു ആങ്കിളില്‍ നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുണ്ട്.ഭീമനും സ്ത്രീകളും ബന്ധത്തിലാകുന്നതും അവരതനുഭവിയ്ക്കുന്നതും അതില്‍ നിന്ന് കടന്നുപോകുന്നതും പരസ്പ്പബോദ്ധ്യത്തോടെയാണ്.ഒരു ബന്ധം മുറിയുന്നതിന്‍റെ അനിവാര്യമായ വേദന അതിലുണ്ടെങ്കിലും ബാദ്ധ്യതകളുടെ ഭാരം പരസ്പ്പരം അടിച്ചേല്‍പ്പിയ്ക്കാതെ,പഴി ചാരാനോ പക വീട്ടാനോ നില്‍ക്കാതെ അവര്‍ ഇറങ്ങി നടക്കുകയോ സ്വന്തം ജീവിതവുമായി മുന്നോട്ടുപോവുകയോ ചെയ്യുന്നത് പുതുമയുള്ള കാഴ്ചയാണ്.അവിടെയും കുറച്ചെങ്കിലും ‘ബ്ലെയിം ഗെയിം’ കളിയ്ക്കുന്നതും ഭീമനാണ്, ആ സ്ത്രീകളല്ല.

സ്ത്രീ കഥാപാത്രങ്ങളെ പ്ലേയ്സ് ചെയ്യുന്നതില്‍ ബോധപൂര്‍വ്വമായ ചില ഇടപെടലുകള്‍ ചെമ്പന്‍ തിരക്കഥയില്‍ കൊണ്ടുവന്നിട്ടുണ്ട്.ചെറിയ റോളുകള്‍ക്ക് പോലും കൃത്യമായ വ്യക്തിത്വമുണ്ട്.ഭീമന്‍റെ ചുറ്റുമുള്ള സ്ത്രീകളില്‍ വീട്ടമ്മമാരും കൌണ്‍സിലറും വക്കീലും റെയില്‍വെ എഞ്ചിനീയറും ജൂഡോ ഇന്‍സ്ട്രക്ടറും ഉണ്ട്.ഇവരെല്ലാവരും വളരെ സ്വാഭാവികമായികടന്നുവരുകയും കഥാപരിസരങ്ങളില്‍ ഇടപഴകുകയും ഇടപെടുകയുമൊക്കെ ചെയ്യുന്നത് കാണുന്നത് തന്നെ ഒരു പുതുമയുള്ള കാഴ്ചയാണ്.ലൌഡ് ആയ പ്രസ്താവനകള്‍ ഒന്നുമില്ലാതെ തന്നെ, അവര്‍ ജീവിയ്ക്കുന്ന ദൈനംദിനജീവിതത്തിന്‍റെ,അനുഭവങ്ങളുടെ,ഒറ്റയ്ക്കുള്ള അതിജീവനത്തിന്‍റെയൊക്കെ ചിത്രം വളരെ കൃത്യമായി കിട്ടുന്നുണ്ട്‌.

ലൈംഗികതയ്ക്ക് ചുറ്റും കിടന്നു കറങ്ങുന്ന ഭീമന്‍റെ സങ്കല്‍പ്പങ്ങളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ആഴമുള്ള രണ്ടു പ്രണയക്കാഴ്ചകളും സിനിമയിലുണ്ട്.വിന്‍സി അലോഷ്യസ്,മേഘ തോമസ്‌ ചിന്നു ചാന്ദ്നി,ദിവ്യ എം നായര്‍,ജീവ ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.

Bheemante Vazhi Review

ഊതംപിള്ളില്‍ കൊസ്തേപ്പ് ജിനു ജോസഫിന്‍റെ അഭിനയജീവിതത്തിലെ വഴിത്തിരിവാകാന്‍ സാദ്ധ്യതയുള്ള കഥാപാത്രമാണ്.മികവുറ്റ രീതിയില്‍ ജിനു കൊസ്തേപ്പിനെ അവതരിച്ചിട്ടുണ്ട്.പ്രത്യേകമായി എടുത്ത് പറയേണ്ടത് ഭീമന്‍റെ നാട്ടുകാരായ മനുഷ്യരെയാണ്. സിനിമയുടെ രസച്ചരട് കോര്‍ത്തെടുത്തിരിയ്ക്കുന്നത് തന്നെ അവരിലൂടെയാണ്‌.

Bheemante Vazhi Review

സിറ്റ്വേഷണല്‍ കോമഡിയുടെ ചാകരയാണ് സിനിമയിലുടനീളം.ഷൈനി സാറ,ബിനു പപ്പു,സുരാജ് വെഞ്ഞാറമൂട്,നിര്‍മ്മല്‍ പാലാഴി,നസീര്‍ സംക്രാന്തി,ശബരീഷ് വര്‍മ്മ,ഭഗത് മാനുവല്‍ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിച്ചിരിയ്ക്കുന്നത്.ഗിരീഷ് ഗംഗാധരന്‍റെ ഛായാഗ്രഹണവും വിഷ്ണു വിജയിന്‍റെ സംഗീതവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.മുഹ്സിന്‍ പരാരിയെഴുതിയ ‘ഒരുത്തീ’ പാട്ട് സിനിമയുടെ കഥാതന്തുവുമായി ഹൃദ്യമായി ചേര്‍ന്നുനില്‍ക്കുന്നുണ്ട്.ചെമ്പന്‍ വിനോദ് ജോസും ആഷിക് അബുവും റിമ കല്ലിങ്ങലും ചേര്‍ന്നാണ് ഭീമന്‍റെ വഴിയുടെ നിര്‍മ്മാണം.

പുതുമയുള്ള കാഴ്ചയാണ് ഭീമന്‍റെ വഴി.ലളിതമായ കഥാഘടനയും രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളും നിറഞ്ഞ സിനിമ ചില പുതുചിന്തകളും മുന്നോട്ടുവയ്ക്കുന്നുണ്ട്.

അപ്പൊ ഭീമന്‍റെ വഴിയ്ക്ക് നീങ്ങട്ടെ കാര്യങ്ങള്‍.

സ്വവര്‍ഗ്ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച ജഡ്ജി, ആരാണ് ജസ്റ്റിസ് ലോകൂറിൻ്റെ വെളിപ്പെടുത്തലില്‍ നായകനായ ജസ്റ്റിസ് മുരളീധര്‍?

പക്കാ ഫൺ എന്റർടെയ്നർ; മികച്ച പ്രതികരണങ്ങളുമായി 'മേനേ പ്യാര്‍ കിയാ'

'ചിരി ഗ്യാരന്റീഡ്'; ആദ്യ ഷോകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണവുമായി 'ഓടും കുതിര ചാടും കുതിര'

സിങ്ക് സൗണ്ടില്‍ മോഹന്‍ലാലിലെ നടന്‍റെ പൂര്‍ണത കാണാനാകും: സത്യന്‍ അന്തിക്കാട്

ഗോവിന്ദച്ചാമി ജയിൽചാടിയത് എങ്ങനെ? | Justice CN Ramachandran Nair

SCROLL FOR NEXT