Mohanlal@60

‘പരീക്ഷാ സമയം മാത്രം പഠിക്കുന്നവരെ പോലെയായിരുന്നു,എങ്കിലും നമുക്ക് നല്ല മാര്‍ക്ക് ലഭിച്ചു’ ; ലാലിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി 

മമ്മൂട്ടി

ലാലിന്റെ ജന്‍മദിനമാണ്. ഞങ്ങള്‍ തമ്മില്‍ പരിചയമായിട്ട് ഏകദേശം പത്തുമുപ്പത് വര്‍ഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്നുവരെ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നത് പോലെയാണ് ലാല്‍ എന്നെ അഭിസംബോധന ചെയ്യുന്നത്. ഇച്ചാക്കാന്ന്. പലരും അങ്ങനെ വിളിക്കുമ്പോഴും, ചുമ്മാ ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്ക് അത്രത്തോളം സന്തോഷം തോന്നാറില്ല. എന്നാല്‍ ലാല്‍ വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരങ്ങളില്‍ ഒരാളെന്ന തോന്നല്‍. സിനിമയില്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഒരു കാലത്ത് നമുക്ക് രണ്ടുപേര്‍ക്കും ഒരു പേരായിരുന്നു. ഒരു പേരെന്ന് പറഞ്ഞാല്‍. രണ്ടുപേരുടേതും ചേര്‍ത്ത് ഒരു പേര്. നമ്മുടെ കൂടെ വന്ന ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. നമ്മുടെ കൂടെ അഭിനയിച്ച ഒത്തിരി ആളുകള്‍, പലരും ഇപ്പോഴുമുണ്ട്, പോയവരുമുണ്ട്.

സിനിമയോട് ഗൗരവം ഉണ്ടായ സമയമാണെങ്കില്‍ കൂടി ജീവിതത്തില്‍ വലിയ ഗൗരവം കാണുന്ന ആളുകളായിരുന്നില്ല നമ്മള്‍. കോളജ് വിദ്യാര്‍ത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടക്കുമായിരുന്നു. പക്ഷേ നമ്മുടെ തൊഴിലിനോട് വളരെ ഗൗരവത്തോടെയുള്ള സമീപനമായിരുന്നു ഉണ്ടായിരുന്നത്. പരീക്ഷ സമയത്ത് മാത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പോലെ തൊഴിലില്‍ മാത്രം വളരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അങ്ങനെയുള്ള പരീക്ഷയില്‍ നമുക്ക് സാമാന്യം വളരെ മാര്‍ക്ക് ലഭിച്ചിരുന്നു. അതുകൊണ്ടാണ് ആളുകള്‍ വളരെ സ്‌നേഹിക്കുകയും വാഴ്ത്തുകയുമൊക്കെ ചെയ്യുന്ന നടന്‍മാരായി നമ്മള്‍ മാറിയത്. പക്ഷേ അതിനുശേഷമുള്ള നമ്മുടെ യാത്ര വളരെ നീണ്ടൊരു യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ, നേരിട്ടുകാണുമ്പോള്‍ ഐസുപോലെ അലിഞ്ഞുപോകുന്നത് നമ്മള്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. എന്റെ മോളുടെ വിവാഹം, മോന്റെ വിവാഹം, അതൊക്കെ ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെ നിന്ന് നടത്തിത്തന്നത് എനിക്ക് ഓര്‍മയുണ്ട്.

അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യാന്‍ പോകുമ്പോള്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അനുഗ്രഹങ്ങള്‍ വാങ്ങിയതും, എന്റെ സ്‌നേഹം വാങ്ങിയതും, എന്റെ പ്രാര്‍ത്ഥനകള്‍ വാങ്ങിയതുമൊക്കെ, നമ്മള്‍ സിനിമാനടന്‍മാരെന്നതിനേക്കാള്‍ അപ്പുറത്തേക്ക് വലിയ സൗഹൃദമായിരുന്നു. അത് നമ്മുടെ യാത്രയില്‍ മറക്കാനാകാത്ത ഇനിയും മറന്നുകൂടാത്ത വലിയ കാര്യമാണ്. ഈ യാത്ര നമുക്ക് തുടരാം,ഇനിയുള്ള കാലവും. ഇനിയെത്ര കാലം എന്ന് നമുക്കറിഞ്ഞുകൂട. പക്ഷേ ഉള്ളകാലം നമ്മള്‍ യാത്ര ചെയ്യുകയാണ്. പുഴയൊഴുകുന്ന പോലെ കാറ്റ് വീശുന്നതുപോലെ. നമ്മുടെ ജീവിത പാഠങ്ങള്‍ നമുക്ക് പിന്നാലെ വരുന്നവര്‍ക്ക് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനുമുള്ള പാഠങ്ങളാകട്ടെ. മലയാളത്തിന്റെ ഈ അദ്ഭുത കലാകാരന് ലാലിന്,മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്‍മദിനാശംസകള്‍.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT