Filmy Features

മണ്ണോട് ചേർന്ന മനുഷ്യരുടെ കഥ; ഹോംബൗണ്ട് ബാക്കിയാക്കുന്നത്

അനഘ

A story of humility, humanity, love, compassion and survival. നീരജ് ഗൈവാൻ സംവിധാനം ചെയ്ത് ഇഷാൻ ഖട്ടർ, വിശാൽ ജേഠ്വാ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹോംബൗണ്ട് എന്ന ചിത്രം നിങ്ങളിൽ അവസാനിപ്പിക്കുന്നത് സ്നേഹം കലർന്ന മരവിപ്പാകുമെന്നത് തീർച്ച. പരസ്പരം കൂട്ടാകുന്ന, ഒരാൾ കരയുമ്പോൾ മറ്റെയാൾ അയാൾക്ക് തോളാകുന്ന, ഒരാൾ തളരുമ്പോൾ മറ്റെയാൾ അയാളെ താങ്ങി നടക്കുന്ന, കെട്ടിപ്പിടിക്കാനും സ്നേഹം കൊണ്ട് നെറ്റിയിൽ ഒരു ഉമ്മകൊടുക്കാനും തയ്യാറാക്കുന്ന അഥവാ മടിയില്ലാത്ത ആൺസൗഹൃദത്തിന്റെ ഭംഗിയുള്ള വരച്ചു കാട്ടൽ. മാസാൻ നിങ്ങൾക്ക് പ്രിയപ്പെട്ടതായെങ്കിൽ തീർച്ചയായും നിങ്ങളുടെ ഉള്ള് തൊടുന്ന ചിത്രമായിരിക്കും ഹോംബൗണ്ട് എന്ന് ഉറപ്പ് തരാം. അവാർഡ് പെരുമഴ കൊണ്ടോ, ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കർ എൻട്രി ആയതു കൊണ്ടോ അല്ല, സിനിമ സ്ക്രീനിൽ അവസാനിക്കുമ്പോഴും ഉള്ളിൽ അവസാനിക്കാതെ കാണുന്നവരുടെ കൂടെയിറങ്ങിപ്പോരുന്നത് കൊണ്ട് .. ഷുഹൈബും, ചന്ദനും, അവരുടെ കുടുംബങ്ങളും കണ്ടിറങ്ങുമ്പോൾ കൂടെ വരുന്നു എന്നത് കൊണ്ട്… അനാവശ്യമായ ഒരു ഫ്രെയിമോ, ഷോട്ടോ ഇല്ലാതെ അവസാനം വരയ്ക്കും കഥയുടെ പൂർണത നൽകുന്ന മാസാനിലെ രണ്ട് തോണികൾ പോലെ, ഒരാൾക്ക് പുറത്ത് കയറി നിന്ന് നാടൻ പന്ത് കളി ആഘോഷിക്കുന്ന ഈ പോസ്റ്ററിലുമുണ്ട് നീരജ് ഗൈവാൻ മാജിക്. കഥയുടെ പൂർണതയിൽ അർത്ഥം ലഭിക്കുന്ന കുഞ്ഞ് കുഞ്ഞ് വരികളുടെ നീരജ് സ്റ്റോറിടെല്ലിങ്.

chapter 1

"why should I be the joke?"

മുഹമ്മദ് ഷുഹൈബ് അലി എന്ന തന്റെ അവകാശങ്ങളെ തിരിച്ചറിയുന്ന മുസൽമാനും, ചന്ദൻ എന്ന ദളിത് ആയ എന്നാൽ താൻ എത്ര ശ്രമിച്ചാലും ഈ സമൂഹം തനിക്കെതിരകുമെന്ന് പേടിച്ച് ജനറൽ കാറ്റഗറിയിൽ ടിക്ക് ചെയ്യുന്ന തന്റെ അസ്തിത്വം തിരയുന്നയാളും തമ്മിലുള്ള സൗഹൃദവും വ്യത്യാസങ്ങളും ആണ് ആദ്യ ഭാഗം. ഒരാൾക്ക് തന്റെ മണ്ണിനോടുള്ളത് സ്നേഹമാണെങ്കിൽ മറ്റേയാൾക്ക് മണ്ണ് വേണ്ടത് സമൂഹത്തിൽ നിലയുറപ്പിക്കാനാണ്. മണ്ണിനോടും അവിടുള്ള മനുഷ്യരോടും അഗാധമായ സ്നേഹമുള്ളപ്പോഴും ഇന്ത്യ പാകിസ്താൻ ക്രിക്കറ്റ് മാച്ചിൽ, ഇന്ത്യ ജയിച്ച ആഘോഷത്തിനിടെ പോലും അവന് സങ്കടമുണ്ടാകും അവന്റെ ടീം തോറ്റില്ലേ എന്ന് ചോദിക്കുന്ന താൻ ഇന്ത്യക്കാരനാണ് എന്ന് തെളിയിക്കാൻ മാതാപിതാക്കളുടെ വരെ ആധാർ കാർഡ് ചോദിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മേലുദ്യോഗസ്ഥരോട് ക്ഷമിക്കാൻ പറയുന്ന, എല്ലാം തിരിച്ചറിഞ്ഞിട്ട് പോലും അവർ തമാശ പറയുകയാണ് എന്ന് പറയുന്ന ആളോട് ഞാൻ എന്തിന് നിങ്ങൾക്ക് ചിരിക്കാനുള്ള തമാശയാകണം എന്ന് ചോദിക്കുന്ന ഷുഹൈബിലുണ്ട് എല്ലാം.

chapter 2: പ്രിവിലേജ്

കൊവിഡ് എല്ലാവരിലും പേടിയാണ് ജനിപ്പിച്ചത്. മുന്നോട്ട് ഇനിയെന്ത് എന്നറിയാത്ത അവസ്ഥ. ഡിപ്രഷനിലേക്കും ആങ്സൈറ്റിയിലേക്കും പോകുമ്പോഴും കിടക്കാൻ ഒരു വീടുള്ളതും, കഴിക്കാൻ ഭക്ഷണമുള്ളതും പ്രിവിലേജ് ആയിരുന്നു. അത് സാധ്യമല്ലാത്തവർ എങ്ങനെയാണ് ജീവിച്ചിരിക്ക? എത്രയെത്ര സ്വപ്നങ്ങൾ ആണ്, എത്രയെത്ര ജീവിതങ്ങളാണ് വഴിയാത്രയിൽ മുടങ്ങിപ്പോയൊരിക്ക? A Friendship, a Pandemic and a Death Beside the Highway എന്ന Basharat പീർ എഴുതിയ പുസ്തകത്തിന്റെ വിഷ്വൽ ട്രാൻസ്ലേഷൻ ആണ് homebound. പക്ഷേ പുതിയൊരു കാവ്യമാണ്. ചിത്രത്തിന്റെ പോസ്റ്ററിൽ കാണുന്ന വളരെ ഭംഗിയുള്ള ആ പോസ്ചറിന് രണ്ടാം പകുതിയിൽ മറ്റൊരു മാനമാണ്. സ്വന്തം വീട്ടിലേക്ക് കാൽനടയായി പോകുന്ന മനുഷ്യരെ നാം കണ്ടതാണ്. അവരിൽ രണ്ട് പേരുടെ കഥയാണിത്. തളരുന്നയാളെ അവസാനം വരെയ്ക്കും താങ്ങി കൊണ്ട് പോകുന്ന മറ്റൊരാൾ. വിട്ട് പോകുമ്പോൾ ചീത്ത പറഞ്ഞ് സ്വപ്നങ്ങൾ പറഞ്ഞ് അയാളെ തിരികെ വിളിക്കുന്ന സുഹൃത്ത്. ഇഷാൻ ഖട്ടർ മജീദ് മജീദിയുടെ അമീർ ആയാണ് സിനിമ തുടങ്ങിയതെന്ന് ഓർമ്മിപ്പിക്കുന്ന പെർഫോർമൻസ്.

chapter 3: അമ്മ

ചന്ദൻ പഠിക്കട്ടെ, അയാൾക്ക് ജോലി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്ന അതിന് വേണ്ടി അയാളെ വീട്ടിലെ മറ്റ് പ്രാരാബ്ദങ്ങളിൽ നിന്നും മാറ്റി നിർത്തുന്നു അമ്മ അവസാനം വരയ്ക്കും കരയാതെ നിൽക്കുന്ന ഒരാളാണ്. ഇവർ ഭക്ഷണമുണ്ടാക്കിയാൽ നാളെ തൊട്ട് കുട്ടികളെ സ്കൂളിൽ അയക്കില്ലെന്ന് പറയുമ്പോഴും, മകന് വയ്യാതാകുന്നു എന്നറിയുമ്പോഴും അവർ മിണ്ടാതിരിക്കുകയാണ്. എന്ത് വികാരത്തിലൂടെയാണ് അവർ കടന്ന് പോകുന്നത് എന്ന് ഒരു വാക്ക് പോലുമില്ലാതെ അവർ കോൺവെ ചെയ്യുന്നുണ്ട്. കഥാന്ത്യത്തിൽ അമ്മയും ഷുഹൈബും തമ്മിലുള്ള ഒരു മോമെന്റ്റ് മതി ശാലിനി വത്സ എന്ന അഭിനേതാവിനെ ഇവിടെ അടയാളപ്പെടുത്താൻ.

ചിത്രത്തിന് ആദ്യം മാർക്കിട്ടതും കൂട്ട് നിന്നതും ബോളിവുഡിന്റെ ധർമ്മ പ്രൊഡക്ഷൻസ് ആണ്, ചിത്രത്തെ മുന്നോട്ട് കൊണ്ട് പോയതും ആദ്യം സാക്ഷ്യം പറഞ്ഞതും സാക്ഷാൽ മാർട്ടിൻ സ്കോർസീസി. ഇന്ത്യൻ ഇൻഡിപെൻഡന്റ് സീൻ വളരുന്നുവെന്നതും അതിർവരമ്പുകൾക്കപ്പുറത്ത് നിന്ന് മനുഷ്യർക്ക് അത് മനസ്സിലാകുന്നു എന്നതും മാറ്റമാണ്. സൈറാത്ത് - ധടക് ആക്കി ബോളിവുഡിന്റെ മായം കലർത്തിയ, മറാത്തി ഒറിജിനലിനോട് ചെയ്ത വലിയ തെറ്റാകെയും, ജാതീയത സംസാരിക്കുന്നു എന്നതല്ലാതെ ഒന്നും കോമൺ ആയില്ലാതെ ഇരുന്ന പരിയേറും പെരുമാളിനെ ധടക് 2 എന്ന പേരിൽ പുറത്തിറക്കയും ചെയ്ത അതേ പ്രൊഡക്ഷൻ അംബേദ്കർ ഫ്രെയിമുകൾ ഇരിക്കുന്ന വീടുകളെ പറ്റി പറയുന്നൊരു കഥ പറയുന്നു എന്നതും ഓക്സിമൊറോൺ പോലെ നിലനിൽക്കുന്നുണ്ട്. ഈ പേരുകളെല്ലാം ചിത്രത്തിന് നൽകുന്ന സ്വീകാര്യതയെ തിരസ്കരിക്കുന്നുമില്ല. ഷൂജിത് സർക്കാർ, മിറ നായർ എല്ലാം പറയുന്ന പേരുകളിലേക്ക് നീരജ് ഗെയ്വാൻ എന്ന പേരും ഒരുപക്ഷേ ചേർക്കപ്പെടും. അക്കാദമി അവാർഡ് ലഭിച്ചാലും ഇല്ലെങ്കിലും ഹോംബൗണ്ട് അത്ര പെട്ടെന്നൊന്നും ഉള്ളിൽ നിന്ന് പോകാത്ത വിഷ്വൽ മെമ്മറികളിൽ വീണ്ടും വീണ്ടും വായിക്കപ്പെടാൻ കാത്തിരിക്കുന്ന ഒരുപാട് ചെറുകഥകളുടെ ഒരു കൂട്ടമാണെന്നിരിക്കെ മണ്ണോട് ചേർന്ന മനുഷ്യരുടെ കഥയാണെന്നിരിക്കെ ഇവിടെയുള്ളവർ കാണുക എന്നത് തന്നെയായിരിക്കും ആ ചിത്രം അർഹിക്കുന്ന പൂർണ്ണത. Just like a Neeraj Ghaywan Film.

പര്‍ദക്കുള്ളിലെ ഫെമിനിച്ചി

ക്രിസ്മസിന് 'പക്കാ നിവിൻ പോളി പടം' ലോഡിങ്; ചിരിയുണർത്തി 'സർവ്വം മായ' ടീസർ

Never Seen Before Pepe Loading... കാട്ടാളൻ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

'നൈറ്റ് റൈഡേഴ്‌സ്' സോങ്‌സ് ഒന്നുകൂടി ശ്രദ്ധിച്ചു കാണൂ, അതിൽ കഥയുടെ ചില സൂചനകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്: നൗഫൽ അബ്ദുള്ള

പുഴു കണ്ടപ്പോൾ മുതൽ റത്തീനയുടെ വലിയ ഫാൻ, കൂടെ വർക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു: സൗബിൻ

SCROLL FOR NEXT