Filmy Features

മുന്നറിയിപ്പിന്റെ ക്ലൈമാക്സ് തന്നെയാണ് എനിക്ക് മനസ്സിൽ പതിഞ്ഞ മമ്മൂക്ക പെർഫോമൻസ്; ഇത് എന്റെ മമ്മൂക്കയ്ക്കുള്ള ആദ്യ പിറന്നാൾ ആശംസ

ആദ്യമായി മമ്മൂട്ടി സാറിന് എന്റെ ജന്മദിനാശംസകൾ. സാറിന്റെ ഈ ജന്മദിനത്തിൽ മറ്റൊരു പ്രത്യേകത കൂടെയുണ്ട്, മുന്നറിയിപ്പിന്റെ പത്താം വാർഷികം കൂടെയാണ് ഇത്. ഒരു വലിയ സൂപ്പർ സ്റ്റാർ അഭിനയിച്ച ഒരു ചെറിയ ബജറ്റ് സിനിമയായിരുന്നു മുന്നറിയിപ്പ്. എല്ലാ വലിയ ആളുകൾക്കും, അതായത് ഇൻഡസ്ട്രിയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന ആളുകൾക്ക് വളരെ കുറഞ്ഞ ചിലവിൽ ചെയ്യുന്ന സിനിമകളിൽ ജോലി ചെയ്യാൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകാം. പക്ഷെ മമ്മൂട്ടി സാറിന് ഇതൊന്നും ബാധകമല്ല എന്ന് ഇതിന് മുൻപ് അതെനിക്ക് അനുഭവമുണ്ട്. ടിവി ചന്ദ്രന്റെ പൊന്തൻമാട ഞാനാണ് ഷൂട്ട് ചെയ്തത്. അതും ഇതുപോലെ ചെറിയ ബജറ്റിലുള്ള ഒരു സിനിമയായിരുന്നു. സൗകര്യങ്ങൾ കുറവായിരുന്നു. അതിലെങ്ങനെയാണ് മമ്മൂക്ക പ്രവർത്തിച്ചത് എന്ന് നേരിട്ട് കണ്ട ആളാണ് ഞാൻ. അതുകൊണ്ട് തന്നെ മുന്നറിയിപ്പിൽ അങ്ങനെയൊരു അവസ്ഥ വന്നപ്പോൾ അദ്ദേഹം നിസ്സാരമായി അത് ഹാൻഡിൽ ചെയ്തോളും എന്നെനിക്ക് വിശ്വാസമുണ്ടായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. കാരവൻ പോകാത്ത സ്ഥലങ്ങളുണ്ടായിരുന്നു, അതിലൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

മുന്നറിയിപ്പിൽ എനിക്ക് ഏറ്റവും ഇമ്പ്രസ്സീവ് ആയിത്തോന്നിയത് എന്താണെന്ന് ചോദിച്ചാൽ, എല്ലാവരും പറയുന്നതു പോലെ ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെയാണ് അദ്ദേഹത്തിന്റ ഏറ്റവും മികച്ച പെർഫോമൻസ് ആയിത്തോന്നിയ ഭാഗം. അതിന് പല കാരണങ്ങൾ ഉണ്ട്. വളരെ സട്ടിൽ ആയി പലഭാഗങ്ങളിലും, പ്രത്യേകിച്ച് സൈലൻസുകളിൽ അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ട്. യഥാർത്ഥ തിരക്കഥയിലുള്ളതും ഇല്ലാത്തതുമായ പലതുമുണ്ട്. ചില കാര്യങ്ങൾ തിരക്കഥയിൽ നമ്മൾ വിശദമായി പറഞ്ഞിട്ടുള്ള കാര്യങ്ങളായിരിക്കും. എന്നാലും അത് വളരെ സ്കിൽഫുൾ ആയിട്ടുള്ള ഒരു അഭിനേതാവിന് മാത്രമേ ഏറ്റവും ഫലപ്രദമായ രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഒരു കഥാപാത്രം ലഭിച്ചാൽ അതിനെ എങ്ങനെ ഏറ്റവും ഫലപ്രദമായ രീതിയിൽ അവതരിപ്പിക്കണം എന്ന് അദ്ദേഹത്തിനറിയാം. അതിനെപ്പറ്റി വ്യക്തമായ ഒരു ചിത്രം ഉണ്ടാക്കിയിട്ടാണ് അദ്ദേഹം വർക്ക് ചെയ്യുന്നത്.

സികെ രാഘവന്റെ ഉള്ളിലുള്ള കാര്യങ്ങളെപ്പറ്റി അങ്ങനെ ആഴത്തിലൊന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല. അതിന്റെ ആവശ്യം എനിക്കുണ്ടായിട്ടില്ല. എഴുതിയത് വായിച്ചു നോക്കുക എന്നതല്ലാതെ, അല്ലെങ്കിൽ ചില സജഷൻസ് പറയുക എന്നതല്ലാതെ ഈ കഥാപാത്രത്തിന്റെ ആഴത്തിലുള്ള ചർച്ചകൾ ഒന്നും ഞങ്ങൾക്ക് ആവശ്യമായി വന്നിട്ടില്ല. അതിന്റെ തിരക്കഥ വായിക്കുമ്പോൾ തന്നെ ഒരേകദേശ രൂപം കിട്ടുന്നുണ്ട്. പിന്നെ ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ, അങ്ങനെ കിട്ടുന്ന ആ രൂപത്തിനെ കുറ്റമറ്റ രീതിയിൽ, കൂടുതൽ ഉയർന്ന ഒരു നിലയിലേക്ക് എത്തിക്കുകയായിരുന്നു അദ്ദേഹം.

ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ വെറും രണ്ടാമത്തെ സിനിമയാണ് മുന്നറിയിപ്പ്. മമ്മൂട്ടി സാറിന്റെ അപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞാൽ, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വർക്കുകളെല്ലാം അദ്ദേഹം ചെയ്തു കഴിഞ്ഞു. അതുപോലെ അനുഭവസമ്പത്തുളള ഒരു അഭിനേതാവാണ് അദ്ദേഹം. എനിക്ക് ചില കാര്യങ്ങൾ കൃത്യമായി പറയാനുണ്ടാവും, അത് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, പക്ഷെ അതിനെ എങ്ങനെ വ്യാഖ്യാനിക്കണം എന്ന് തീരുമാനിച്ചത് അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം തന്നെയാണ്. എത്ര സമയം ഒരു കാര്യം നോക്കിയിരിക്കണം എന്നത് ഞാനല്ല തീരുമാനിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങൾ ആ ലെവലിലുള്ള ഒരു അഭിനേതാവിന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ട ആവശ്യം ഒരു സംവിധായകനും വരുന്നില്ല.

ഞാൻ ഇന്നേവരേക്കും മമ്മൂട്ടി സാറിന് ഒരു ജന്മദിനാശംസ അയച്ചിട്ടില്ല, ആരും എന്നോട് ആവശ്യപ്പെട്ടിട്ടും ഇല്ല. ആദ്യമായാണ് ഇങ്ങനെയൊരാവശ്യം എനിക്ക് വരുന്നത്, അത് ഈ ചിത്രത്തിന്റെ പത്താം ജന്മവർഷത്തിൽ സംഭവിച്ചതിൽ സന്തോഷമുണ്ട്. ഹാപ്പി ബർത്ത്ഡേ മമ്മൂക്ക.

- തയ്യാറാക്കിയത് അനഘ

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT