തരുൺ മൂർത്തിയുടെ 'തുടരും', ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ. മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയായ മോഹൻലാൽ - ശോഭന കോമ്പിനേഷനിൽ വരുന്ന ചിത്രമെന്ന തരത്തിൽ കൂടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. 'ദൃശ്യം' പോലെയൊരു സിനിമ എന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിന് ശേഷം, ചിത്രത്തിന്റെ ഴോണർ എന്താണെന്നതും ചർച്ചയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ 'തുടരും' ഒരു ഫാമിലി ഡ്രാമയാണ് എന്ന് പറയാൻ ആണ് തനിക്ക് താല്പര്യമെന്നാണ് തരുൺ മൂർത്തി പറയുന്നത്. 'തുടരും' തിയറ്ററുകളിലെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ സംവിധായകൻ തരുൺ മൂർത്തി ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
ആളുകളുടെ പ്രതീക്ഷയുടെ അമിതഭാരമുണ്ടോ?
എനിക്കിതുവരെയും അങ്ങനെയൊരു ഭാരം തോന്നുന്നില്ല, ഒരു നല്ല സിനിമ ചെയ്തു എന്ന വിശ്വാസമുണ്ട്. ഞങ്ങൾക്ക് കിട്ടിയ റിസോഴ്‌സസിനെയും, അഭിനേതാക്കളെയും കൃത്യമായി ഉപയോഗിക്കാൻ പറ്റിയെന്നൊരു തോന്നലുണ്ട്. അതൊരു ഓവർ കോൺഫിഡൻസ് ആയല്ല പറയുന്നത്. തിരക്കഥയോട് നീതി പുലർത്തിയ ഒരു സിനിമ ചെയ്യാൻ പറ്റി എന്നൊരു ആത്മവിശ്വാസമുണ്ട്, സന്തോഷമുണ്ട്. ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നത് മുൻകൂട്ടി പറയാൻ സാധിക്കില്ലല്ലോ. 'ഓപ്പറേഷൻ ജാവ' ചെയ്യുമ്പോഴും, 'സൗദി വെള്ളക്ക' ചെയ്യുമ്പോഴും ഒരു നല്ല സിനിമ ചെയ്യാൻ സാധിച്ചു എന്നത് തന്നെയായിരുന്നു ഉള്ളിൽ ഉണ്ടായിരുന്നത്. ആ രണ്ട് സിനിമകളും കഴിഞ്ഞപ്പോഴുണ്ടായ സന്തോഷവും ആത്മവിശ്വാസവും തന്നെയാണ് ഇപ്പോഴും ഉള്ളത്. ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നൊരു മോഹൻലാൽ ചിത്രമായിരിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്, അതിനപ്പുറത്തേക്ക് ആകുലതകളില്ല.
ട്രെയ്‌ലർ പുറത്തു വന്നു, ആ ട്രെയിലറിൽ തന്നെ ഒരു മൂഡ് ഷിഫ്റ്റ് ഉണ്ട്, ചർച്ചകൾ ഉണ്ടെങ്കിലും എന്താണ് ഈ ചിത്രത്തിന്റെ ഴോണർ എന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. ഇനി പറയാമോ?
ഇതൊരു ഫാമിലി ഡ്രാമയാണ്, അല്ലെങ്കിൽ ഒരു സോഷ്യൽ ഡ്രാമ എന്ന് വേണമെങ്കിൽ പറയാം. 'ഓപ്പറേഷൻ ജാവയെ' ത്രില്ലർ എന്ന് എല്ലാവരും പറയുമെങ്കിലും അതിൽ പ്രണയമുണ്ട്, ഫാമിലിയുണ്ട്, സൗഹൃദങ്ങളുണ്ട്, മൾട്ടി-ഴോണേഡ് ചിത്രമാണ് അത്. 'സൗദി വെള്ളക്ക' ആണെങ്കിലും അത് കോർട്ട് റൂം ഡ്രാമയാണോ, സോഷ്യൽ സറ്റയർ ആണോ അതോ ഡാർക്ക് ഹ്യൂമർ ആണോ എന്ന ചിന്തകളെല്ലാം വന്നേക്കാം. തുടരും മൾട്ടി ഴോണേഡ് സിനിമ തന്നെയാണ്. പല ലെയറുകളുള്ള സിനിമയാണ്. പക്ഷെ സംവിധായകൻ എന്ന നിലയിൽ ഈ സിനിമയെ ഒരു ഫാമിലി ഡ്രാമ എന്ന് വിളിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
'ദൃശ്യം' പോലെയൊരു സിനിമ എന്ന് ലാലേട്ടൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകർക്കിടയിൽ സിനിമയുടെ സ്വഭാവത്തെ കുറിച്ച് പുതിയ വായനകൾ വന്ന് തുടങ്ങിയത്. അദ്ദേഹമത് പറഞ്ഞത് ഒരു ഫാമിലി മാൻ ആയ, ഗ്രൗണ്ടഡ് ആയ സാധാരക്കാരനെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നത് കൊണ്ടാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നോ, മിസ്റ്ററി ത്രില്ലർ എന്നോ ഇതിനെ വിശേഷിപ്പിക്കാൻ പറ്റില്ല. എനിക്ക് സമൂഹത്തോട് പറയാനുള്ള, ഞാൻ കുടുംബങ്ങളിൽ കണ്ടിട്ടുള്ള നർമങ്ങളും, ചില എക്സൈറ്റ്മെന്റുകളും പറയുന്ന ഒരു സിനിമ. ഫീൽ ഗുഡ് സിനിമയല്ല എന്തായാലും. ത്രില്ലർ എന്നൊന്നും പറഞ്ഞ് ആളുകളുടെ പ്രതീക്ഷകൾ ഉയർത്താനുള്ള ഒന്നും ഈ ചിത്രത്തിൽ ഇല്ല. ഒരു സംവിധായകൻ എന്ന നിലയിൽ ആ ഉറപ്പ് തരാം.
ലാലേട്ടന്റെയും, ശോഭന മാമിന്റെയും കുടുംബത്തിന്റെ ഒരു കഥ കേൾക്കാൻ വരൂ എന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്.
സെൻസർ സർട്ടിഫിക്കറ്റ്
U/A 16 + എന്നാണ് സർട്ടിഫിക്കറ്റ്. മാർക്കോയ്ക്ക് ശേഷം ചെറിയ കാര്യങ്ങളിൽ പോലും നിയമങ്ങളുണ്ട്. കുറച്ച് റോ ആയിട്ടാണ് ഈ സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്. പലതും റിയൽ ആയിട്ടാണ് പറഞ്ഞിരിക്കുന്നത്. പറയേണ്ട കാര്യങ്ങൾ പറയേണ്ട പോലെ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് U/A 16 + കിട്ടിയിരിക്കുന്നത്.
മോഹൻലാലിന്റെ താടിയെ പറ്റിയുള്ള പരാമർശം
തിരക്കഥ എഴുതുമ്പോഴും, പറയുമ്പോഴും, ഷൂട്ട് ചെയ്യുമ്പോഴും ഞാൻ എൻജോയ് ചെയ്തിരുന്ന ഒരു ഭാഗമാണ് അത്. താടിയെ വച്ചൊരു പ്ലേ നമ്മൾ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹവും അത് രസമായിട്ടാണ് എടുത്തത്.
ലാലേട്ടനും ശോഭന മാമും അത് ഷൂട്ട് ചെയ്യുമ്പോൾ ഭയങ്കര ചിരിയായിരുന്നു. ആ സീൻ ആണ് ഷൂട്ട് ചെയ്യേണ്ടത് എന്ന് പറയാൻ വേണ്ടി ക്യാരവനിലേക്ക് പോയത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. എല്ലാരും ട്രോൾ ചെയ്യുന്നു, ഇനി നമ്മളും കൂടെ ചെയ്തേക്കാം എന്നാണ് ലാലേട്ടൻ പറഞ്ഞത്.
വേൽമുരുകാ പോലൊരു പ്രോമോ സോങ്.
ഈ സിനിമയുടെ സ്വഭാവം അനുസരിച്ച് വേൽമുരുകാ പോലൊരു പാട്ട് ചേരുകയേ ഇല്ലായിരുന്നു. അത് മാത്രമല്ല വേൽമുരുകാ പോലെ കൾട്ട് സ്റ്റാറ്റസ് ഉള്ള പാട്ടുമായി കംപാരിസൺ വരുന്നത് നിർഭാഗ്യകരമാണ്. ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര് ഷണ്മുഖൻ എന്നാണ്. മുരുകഭക്തനാണ്. അവരുടെ വീട്ടിലും, അവരുടെ സംസാരത്തിലുമൊക്കെ ഒരു മുരുകൻ എലമെന്റ് ഉണ്ട്. അതുകൊണ്ട് മുരുകനെ ബേസ് ചെയ്ത് നമുക്കൊരു പാട്ട് ചെയ്യാമെന്ന് ജേക്സ് പറഞ്ഞതാണ്. എനിക്ക് വേണമോ വേണ്ടയോ എന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. ജേക്സിന്റെ ആഗ്രഹമാണ് ആ പാട്ട്. 'മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്തിട്ട് ഇങ്ങനെ ഒരു പാട്ട് ചെയ്തില്ലെങ്കിൽ തരുണേ, ജീവിതത്തിലെ ഏറ്റവും വലിയ മിസ് ആയിരിക്കും അതെന്ന്' പറയുന്നത് ജേക്സ് ആണ്.
മോഹൻലാലിനെ വച്ചൊരു സിനിമ എന്നത് വലിയ ഭാഗ്യമാണ്. അങ്ങനെയൊരു സിനിമയിൽ അങ്ങനെയൊരു പാട്ടിനുള്ള സാധ്യതയുണ്ടെങ്കിൽ എന്തുകൊണ്ട് അത് ഉപയോഗിച്ചുകൂടാ എന്ന് എനിക്കും ചിന്ത വന്നു. കഴിഞ്ഞ ദിവസമാണ് അതിന്റെ ഷൂട്ട് കഴിഞ്ഞത്. ബൃന്ദ മാസ്റ്റർ ആണത് ചിട്ടപ്പെടുത്തിയത്. ലാലേട്ടനും ശോഭന മാമും തകർത്തിട്ടുണ്ട്. തുടരും എന്ന സിനിമ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരു ഉപാധി മാത്രമാണ് ഈ പാട്ട്, ചിത്രവുമായി, അതിന്റെ സ്വഭാവവുമായി ചേർന്ന് നിൽക്കുന്ന ഒന്നല്ല.
നിഷാദ് യൂസഫ്
തരുൺ മൂർത്തി എന്ന ഫിലിം മേക്കർ ഉണ്ടായതിൽ നിഷാദ് യൂസഫിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ രണ്ട് സിനിമകൾക്കും എന്റെ നട്ടെല്ലായിരുന്നു നിഷാദ്. ആ രണ്ട് ചിത്രങ്ങളുടെയും താളം ഞാൻ തീരുമാനിക്കുന്നത് നിഷാദിന്റെ ധൈര്യപ്പുറത്താണ്. സൗദി വെള്ളക്ക കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു ബ്രേക്ക് എടുക്കാം, രണ്ട് പേരും വേറെ ചിത്രങ്ങൾ ചെയ്യാം, എന്നിട്ട് വീണ്ടും ഒത്തുകൂടാം എന്നൊക്കെ തീരുമാനിച്ചതാണ്. തുടരും ആദ്യ ഘട്ടങ്ങളിൽ ഒന്നും നിഷാദിന്റെ പേര് ഡിസ്കഷനിൽ ഇല്ലായിരുന്നു. ഈ സിനിമയുടെ കഥ പോലും ഞങ്ങൾ സംസാരിച്ചിരുന്നില്ല. പല എഡിറ്റേഴ്‌സുമായും സംസാരിച്ചെങ്കിലും, ഒരു പോയിന്റ് കഴിഞ്ഞപ്പോൾ എനിക്ക് ഒരു കോൺഫിഡൻസ് കുറവ് വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ, അമൂല്യമായ സിനിമയിൽ നിഷാദിന്റെ കയ്യൊപ്പില്ലെങ്കിൽ ഞാൻ എടുക്കുന്ന ഏറ്റവും മണ്ടൻ തീരുമാനം ആയിപ്പോകുമോ എന്ന പേടി എനിക്കുണ്ടായി. നിഷാദ് എനിക്കത്രയും പ്രധാനപ്പെട്ട ആളാണ്. ഷൂട്ട് തുടങ്ങി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് നിഷാദ് ഇൻ ആവുന്നത്.
ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ അദ്ദേഹം വോയിസ് നോട്ടുകൾ അയക്കുമായിരുന്നു, കട്ടുകൾ ഇങ്ങനെ പ്ലാൻ ചെയ്യാം എന്നൊക്കെ പറഞ്ഞ്. അതനുസരിച്ച് ഞാൻ ചില സീനുകൾ കൂടുതൽ എടുത്തിട്ട് പോലുമുണ്ട്. ഞങ്ങൾ എഡിറ്റിങ് ടേബിളിൽ ഇരിക്കുമ്പോഴാണ് നാഷണൽ അവാർഡ് പ്രഖ്യാപിക്കുന്നത്. ആ സമയത്തേക്ക് ഞങ്ങൾ ഇതിന്റെ ഒരു പേസിങ് ഒക്കെ സെറ്റ് ചെയ്ത് വച്ചിരുന്നു.
നിഷാദ് ഈ സിനിമയിൽ ലാലേട്ടനൊപ്പം ഒരു ചെറിയ വേഷവും ചെയ്തിട്ടുണ്ട്. അതിന് വന്നപ്പോൾ ഞാൻ സ്പോട്ട് എഡിറ്റ് ചെയ്യാൻ വന്ന ഷെഫീഖിനെ ഒന്ന് നോക്കി വച്ചോളാൻ പറഞ്ഞു. സാധാരണഗതിയിൽ നിഷാദ് സ്പോട്ട് എഡിറ്റ് ഫോളോ ചെയ്യുന്ന ഒരാളല്ല. നിഷാദിന് അദ്ദേഹത്തിന്റെ രീതിയിൽ തന്നെ കട്ട് ചെയ്യാൻ ആണ് ഇഷ്ടം. പക്ഷെ അന്ന് നിഷാദ് ഷൂട്ടിങ് കഴിഞ്ഞ ശേഷം ഷഫീഖിന്റെ അടുത്ത് പോയി, അവൻ കട്ട് ചെയ്തത് എല്ലാം കണ്ടു നോക്കി. എന്നിട്ട് എന്നോട് വന്ന് പറഞ്ഞു, 'എടോ എനിക്ക് പണി എളുപ്പാടോ, ഞാൻ ചെയ്യുന്ന പോലെയാണ് അവൻ ചെയ്ത് വച്ചിരിക്കുന്നത്'.
അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് നിഷാദ് വിട്ട് പോയത്. നിഷാദ് പോയ ശേഷം ഞാൻ ഈ സിനിമയിലെടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ആയിരുന്നു ഷെഫീഖിനെ ഈ സിനിമ ഏൽപ്പിക്കുക എന്നുള്ളത്. അതിനുള്ള ധൈര്യം എനിക്ക് തന്നത്, നിഷാദ് പോയപ്പോഴും ഞാൻ പതറാതിരുന്നത്, രണ്ട് ദിവസം മുൻപ് നിഷാദ് പറഞ്ഞ ആ കാര്യമാണ്. നിഷാദ് എന്താണോ എനിക്ക് കഴിഞ്ഞ രണ്ട് സിനിമകളിലും തന്നത്, അത് ഷഫീഖ് എനിക്ക് ഈ സിനിമയിൽ തന്നിട്ടുണ്ട്. നിഷാദിന്റെ ബ്ലെസിംഗ് ഉള്ള സിനിമ തന്നെയാണ് ഇത്.
തുടരും അവസാനിക്കുമ്പോൾ തരുണിന്റെ 'ടേക്ക് - എവേ' എന്താണ്?
വേഴ്സറ്റയ്ൽ ആയ ഒരുപാട് പേരുടെ കൂടെ ജോലി ചെയ്യാൻ സാധിച്ചു. രജപുത്ര എന്ന പ്രൊഡക്ഷൻ ഹൗസ് മുതൽ മോഹൻലാൽ എന്ന ബ്രാൻഡ് ആയാലും, ശോഭന എന്ന ബ്രാൻഡ് ആയാലും, ഷാജി കുമാർ, ഷഫീഖ്, ജേക്സ് ബിജോയ് തുടങ്ങി ഒരുപാട് പേരുടെ അനുഭവസമ്പത്തിന്റെയും, പുതുമയുടെയും ഭംഗിയുള്ള കെമിസ്ട്രിയുണ്ട് ഈ സിനിമയിൽ. കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത് ഷൂട്ട് ചെയ്ത സിനിമയാണിത്. 'ലെജൻസിന്റെയും', 'ന്യൂ കമേഴ്‌സിന്റെയും' ആ മിക്സ്ചർ ആണ് എന്റെ 'ടേക്ക് - എവേ'.