ചിതംമ്പരം സംവിധാനം ചെയ്ത 'ജാന്‍ എ മന്‍' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ ചര്‍ച്ചയാവുന്നതിനൊപ്പം തന്നെ 'സജിയേട്ട സെയ്ഫ് അല്ല' എന്ന് പറഞ്ഞ പാലക്കാട്ടുകാരന്‍ ഗുണ്ടയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കണ്ണന്‍ ഗുണ്ടയായി സിനിമയിലെത്തിയത് ശരത്ത് സഭ എന്ന നടനാണ്. തന്റെ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷം ശരത്ത് ദ ക്യുവുമായി പങ്കുവെച്ചു.
പ്രേക്ഷകരില്‍ നിന്ന് ഇത്രയും മികച്ച പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് വലിയ സന്തോഷമുണ്ടെന്നാണ് ശരത്ത് സഭ പറഞ്ഞത്.
ഗണപതിയാണ് ജാന്‍ എ മന്നിലേക്ക് വിളിക്കുന്നത്
മിസ്റ്റര്‍ ആന്റ് മിസ് റൗഡി എന്ന ജീത്തു ജോസഫ് സാറിന്റെ സിനിമയില്‍ വെച്ചാണ് ഗണപതിയെ പരിചയപ്പെടുന്നത്. അതിന് ശേഷം ഞങ്ങള്‍ സുഹൃത്തുക്കളായി. ജാന്‍ എ മന്‍ സംവിധാനം ചെയ്ത ചിതംമ്പരം ഗണപതിയുടെ സഹോദരനാണ്. പിന്നെ ഗണപതി ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. അങ്ങനെയാണ് ഗണപതി എന്നെ ഈ കഥാപാത്രത്തിന് വേണ്ടി സജസറ്റ് ചെയ്യുന്നത്.
പാലക്കാട് സ്ലാങ്ങും കറുത്ത കുറിയും എന്റെ കോണ്‍ട്രിബ്യൂഷന്‍
സിനിമക്ക് ഓഡീഷന്‍ ഉണ്ടായിരുന്നു. അന്ന് ചിതംമ്പരം കഥാപാത്രത്തെ കുറിച്ചും സിനിമയുടെ വണ്‍ ലൈനും പറഞ്ഞു തന്നിരുന്നു. അപ്പോള്‍ തന്നെ ഈ കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് നന്നായി ചെയ്യാന്‍ കഴിയുമെന്ന് തോന്നി. സ്‌ക്രിപ്പ്റ്റില്‍ ഉണ്ടായിരുന്നത് തിരുവനന്തപുരത്ത് നിന്ന് വരുന്ന കഥാപാത്രമായാണ്. ചെയ്യുന്ന സമയത്ത് പെട്ടന്ന് തിരുവനന്തപുരം സ്ലാങ്ക് പിടിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ചെയ്തതില്‍ എനിക്ക് സംതൃപ്തി തോന്നുന്നില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ പാലക്കാട് സ്ലാങ്ക് ശ്രമിക്കട്ടെ എന്ന് ചോദിച്ചത്. അങ്ങനെ ചെയ്താല്‍ സ്‌ക്രിപ്റ്റില്‍ എന്തെങ്കിലും മാറ്റം വരുമോ എന്ന് ഞാന്‍ ചോദിച്ചു. അന്ന് എന്നോട് അത് കുഴപ്പമില്ല. ലൊക്കേഷനില്‍ വന്നിട്ട് നമുക്ക് ശരിയാക്കാമെന്നാണ് അന്ന് ചിതംമ്പരം പറഞ്ഞത്. പിന്നീട് ഗണപതിയാണ് എന്നെ വിളിച്ച് നമുക്ക് പാലാക്കാട് സ്ലാങ്ക് തന്നെ ചെയ്യാമെന്ന് പറയുകയായിരുന്നു.
പിന്നെ സെറ്റില്‍ ചെന്ന് കോസ്റ്റിയൂമെല്ലാം ഇട്ടപ്പോള്‍ എനിക്ക് തോന്നി ഒരു കറുത്ത കുറിയും കൂടി ഉണ്ടെങ്കില്‍ നന്നായിരിക്കുമെന്ന്. കാരണം ഭയങ്കര ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണ് ഈ കഥാപാത്രം. അപ്പോ കറുത്ത കുറിയുണ്ടെങ്കില്‍ ഭക്തിയുടെ എലമെന്റ് കൂടിയിരിക്കും. അതിലൂടെ ചെയ്യുന്ന കാര്യത്തില്‍ നല്ല ആത്മാര്‍ത്ഥയുള്ള വ്യക്തിയാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് അത് കൂടി കഥാപാത്രത്തിന്റെ ഭാഗമായി ചേര്‍ത്തത്. പിന്നെ പൊതുവെ പാലക്കാട് ഉള്ളവര്‍ വൈകുന്നേരങ്ങളില്‍ അമ്പലത്തിലൊക്കെ പോയി കറുത്ത കുറിയോ ഭസ്മമോ ധരിക്കുന്നവരുമാണ്. ആ കഥാപാത്രത്തിന്റെ സ്വഭാവമെല്ലാം ചിതംമ്പരം വളരെ വ്യക്തമായി തന്നെ ഡിസൈന്‍ ചെയ്തിരുന്നു. ഞാന്‍ അതിന്റെ അപ്പിയര്‍ന്‍സില്‍ മാത്രം എന്റെ വക ഒരു എലമെന്റ് ചേര്‍ക്കുകയാണ് ഉണ്ടായത്.
ഷൂട്ടിനല്ല, പാര്‍ട്ടിക്ക് പോകുന്ന മൂഡായിരുന്നു
സിനിമയുടെ ടീമില്‍ കൂടുതലും യുവതാരങ്ങളായിരുന്നു. അതിന്റെ ഒരു വൈബ് വേറെ തന്നെയായിരുന്നു. പിന്നെ എല്ലാവരും വളരെ ഫണ്‍ ആയിരുന്നു. ചിത്രീകരണം മുഴുവനും നടന്നത് രാത്രിയായിരുന്നു. നമുക്ക് ഒരു പാര്‍ട്ടിക്ക് പോകുന്ന മൂഡ് തന്നെയാണ് ഉണ്ടായിരുന്നത്. സെറ്റിലാണെങ്കില്‍ പാര്‍ട്ടി ലൈറ്റും കാര്യങ്ങളുമൊക്കെ ഉണ്ട് അപ്പോ രാവിലെ മൊത്തം കിടന്ന് ഉറങ്ങി രാത്രി ഒരു പാര്‍ട്ടിക്ക് പോകുന്ന മൂഡായിരുന്നു ഉണ്ടായിരുന്നത്.
ആദ്യം ഒടിടി റിലീസ് തീരുമാനിച്ച സിനിമ
ഒരുപാട് നാളായി പ്രേക്ഷകര്‍ ഇത്തരത്തില്‍ വളരെ ഫണ്ണായ സിനിമ തിയേറ്ററില്‍ കണ്ടിട്ട്. അതും ജാന്‍ എ മന്‍ വലിയ വിജയമാവാന്‍ ഘടകമായി. സിനിമ ചെയ്യുന്ന സമയത്ത് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നത്. പിന്നീട് സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും ഈ സിനിമ തിയേറ്ററില്‍ വര്‍ക്കാവുന്ന സിനിമയാണെന്ന് തോന്നി. അങ്ങനെയാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.
വലിയ സ്റ്റാര്‍ കാസ്റ്റ് ഇല്ലെങ്കിലും പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുന്നു
വലിയ സ്റ്റാര്‍ കാസ്റ്റ് ഇല്ലെങ്കില്‍ കൂടി പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്ന നിലയിലാണ് കാര്യങ്ങള്‍. പുതിയ സംവിധായകരാണെങ്കിലും താരങ്ങളാണെങ്കിലും പ്രേക്ഷകര്‍ നല്ല കഥയും തീമും ഉണ്ടെങ്കില്‍ സിനിമ ഇഷ്ടപ്പെടും. നല്ല സിനിമയാണെങ്കില്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ സ്വീകരിക്കും. അത് കുറച്ച് വര്‍ഷങ്ങളായി നമുക്ക് അറിയാവുന്ന കാര്യമാണ്.
അടുത്തത് 'സ്വാതന്ത്ര്യ സമരം'
ഇനി ഭാവിയിലും അഭിനയവുമായി മുന്നോട്ട് പോകണം എന്ന് തന്നെയാണ് ആഗ്രഹം. ഇനി റിലീസ് ചെയ്യാനുള്ള സിനിമ ജിയോ ബേബി നിര്‍മ്മിച്ച സ്വാതന്ത്ര്യ സമരം എന്ന ആന്തോളജിയാണ്. അതില്‍ കുഞ്ഞില സംവിധാനം ചെയ്ത സിനിമയില്‍ ഞാന്‍ ഒരു വേഷം ചെയ്തിട്ടുണ്ട്.