Filmy Features

ദി മാസ്റ്റർ സ്റ്റോറി ടെല്ലർ ഹിരാനി

രാഹുല്‍ ബാബു

തന്റെ കളഞ്ഞു പോയ ലോക്കറ്റ് തിരികെ നൽകാൻ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് വിശ്വസിച്ച് പല ദൈവങ്ങളുടെയും അടുത്തേക്ക് പി കെ പോകുന്നുണ്ട്. ഒടുവിൽ താൻ ആവശ്യപ്പെട്ടത് ദൈവം നല്കാതിരുന്നപ്പോൾ ദൈവത്തെ കാണ്മാനില്ല കണ്ടു കിട്ടുന്നവർ ബന്ധപ്പെടുക എന്ന നോട്ടീസുമായി പലയിടങ്ങളിലും അയാൾ കയറിയിറങ്ങുന്നുണ്ട്. വെള്ള സാരിയുടുത്ത സ്ത്രീയുടെ കൈയ്യിൽ കയറി പിടിക്കുമ്പോൾ വിധവയെ കയറി പിടിച്ചതെന്തിനെന്ന് ചോദിച്ച് പി കെ യെ ആളുകൾ തല്ലാൻ ഒരുങ്ങുന്നു. അതേ വെള്ള വസ്ത്രമിട്ട ഒരു വധുവിനോട് നിങ്ങളുടെ ഭർത്താവ് മരിച്ചുപോയോ എന്ന് ചോദിക്കുമ്പോഴും പികെക്ക് തല്ലു കിട്ടുന്നുണ്ട്. ഒരു രാജ്‌കുമാർ ഹിറാനി സിനിമയുടെ വളരെ സിംപിൾ ആയ എന്നാൽ കാഴ്ചക്കാരിലേക്ക് താൻ പറയാനുദ്ദേശിക്കുന്ന സന്ദേശം വ്യക്തവും സ്പഷ്ട്ടവുമായി പറഞ്ഞു പോകാൻ ഈ സീനുകളിലൂടെ അയാളിലെ സംവിധായകന് ആകുന്നുണ്ട്. ചെയ്ത 5 സിനിമകളും ഇൻഡസ്ട്രി ഹിറ്റുകളോ ബ്ലോക്കബ്സ്റ്ററിലോ കുറയാത്ത സംവിധായകൻ. ഒരു കൊമേർഷ്യൽ ബോളിവുഡ് സിനിമകളുടെ ചട്ടക്കൂടിനുള്ളിൽ ചുരുങ്ങിക്കൂടാതെ അതേ ബോളിവുഡ് മീറ്ററുകളെ ഉപയോഗിച്ച് ക്ലാസും മാസ്സും ഇടകലർത്തിയ കഥപറച്ചിൽ, അതാണ് രാജ്‌കുമാർ ഹിറാനി എന്ന സംവിധായകന്റെ ആയുധം. ബോളിവുഡിലെ- ഇന്ത്യൻ സിനിമയിലെ മാസ്റ്റർ സ്റ്റോറി ടെല്ലർമാരിലെ ആദ്യ പേരുകാരൻ.

ആദ്യ സിനിമയായ മുന്നാഭായ് എംബിബിഎസ് മുതൽ‌ ഇങ്ങോട്ട് സഞ്ജു വരെ, അത്യാകർഷകമായ കഥ പറച്ചിലിന്റെ പുതിയ തലം തീർക്കുകയായിരുന്നു രാജ്കുമാർ ഹിറാനി. സിനിമ കാണാനായി തിയറ്ററിൽ വന്നിരിക്കുന്ന ഏതൊരു മനുഷ്യനെയും ഏത് പ്രായത്തിലുള്ളവരെയും തൃപ്തിപ്പെടുത്തുന്ന രസിപ്പിക്കുന്ന സിനിമകളാണ് അയാളുടെ ഫിലിമോ​ഗ്രഫി ഭരിക്കുന്നതത്രയും. Cinema is storytelling, and, storytelling is about entertaining. At the same time, it is a commentary on reality എന്നാണ് അയാൾ പറയുന്നത്, അത് അക്ഷരംപ്രതി അയാളുടെ സിനിമകളിൽ നിങ്ങൾക്ക് കാണാനും സാധിക്കും.

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിം എഡിറ്ററായി പഠനം പൂർത്തിയാക്കിയ ഹിരാനി, തന്റെ കരിയറിലുണ്ടായ ഒരു മോശം അനുഭവത്തെ തുടർന്നാണ് ആഡ് ഫിലിം മേഖലയിലേക്ക് കരിയറിനെ സ്വിച്ച് ചെയ്യുന്നത്. എന്നാൽ സിനിമകൾ ചെയ്യാനുള്ള ആ​ഗ്രഹമാണ് ഹിരാനിയെ പിന്നീട് സംവിധായകനും സുഹൃത്തുമായായ വിധു വിനോദ് ചോപ്രയിലേക്ക് എത്തിക്കുന്നത്. മുന്നാ ഭായ് MBBS എന്ന തന്റെ ആദ്യ സിനിമ, നടൻ അനിൽ കപൂറിനെ വച്ച് ചെയ്യണം എന്ന ആ​ഗ്രഹവുമായാണ് ഹിരാനി വിനോദിന് മുന്നിൽ എത്തുന്നത്. അന്ന് വിനോദ് ചോപ്ര കേൾക്കുന്ന ആ തുടക്കക്കാരന്റെ സ്ക്രിപ്റ്റ് പിന്നീട് വഴി തിരിഞ്ഞെത്തുന്നത് ബോളിവുഡിന്റെ ബാദ്ഷാ എന്ന് വിളിക്കപ്പെടുന്ന ഷാരൂഖ് ഖാന്റെ അടുത്തേക്കായിരുന്നു. അന്ന് ആ തിരക്കഥ ഷാരൂഖാനെ ആകർഷിക്കുകയും ചിത്രത്തിലെ നായികയായി ഐശ്വര്യ റായെ അദ്ദേ​ഹം തന്നെ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ആ​രോ​ഗ്യ പ്രശ്നങ്ങൾ മൂലം പിന്നീട് ഷാരൂഖ് ഖാന്‌ ഉപേക്ഷിക്കേണ്ടി വന്ന ആ പ്രൊജക്ട് പിന്നീട് എത്തിപ്പെടുന്നത് മുംബെെ സ്ഫോടനവുമായി ബദ്ധപ്പെട്ട് പ്രതിച്ഛായ കളങ്കപ്പെട്ട് നിൽക്കുന്ന സ‍ഞ്ജയ് ദത്തിലേക്കാണ്. സഞ്ജയ് ദത്തിന്റെ അച്ഛനായ സുനിൽ ദത്ത് 10 വർഷത്തിന് ശേഷം മുന്നയുടെ അച്ഛനായി വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രവും മുന്നാഭായ് MBBS ആണ്. രേഷ്മ ഔർ ഷേര എന്ന സിനിമയിൽ ഇരുവരും മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ അച്ഛനായ സുനിലും മകൻ സഞ്ജയും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ആദ്യത്തെയും ഒരേയൊരു ചിത്രവും മുന്നാഭായ് ആണ്. തന്റെ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാനായി മെഡിക്കൽ കോളേജിൽ ഡോക്ടർ പഠനത്തിനെത്തുന്ന ഗുണ്ടയായ ഹരി പ്രസാദ് ശർമ്മ എന്ന മുന്ന ആയിരുന്നു കഥയിലെ നായകൻ. തമാശകൾ നിറഞ്ഞ പ്രശ്നങ്ങളെ തന്റേതായ ശൈലിയിൽ ചോദ്യം ചെയ്യുന്ന മുന്നയെയും അയാളുടെ കൂട്ടാളി സർക്യൂട്ടിനെയും പ്രേക്ഷകർ ഏറ്റെടുത്തു. വളരെക്കാലത്തിന് ശേഷം സഞ്ജയ് ദത്ത് എന്ന അഭിനേതാവിനെ ശരിയായ രീതിയിൽ ഉപയോഗിച്ച ചിത്രം നിരവധി നിരൂപക പ്രശംസ ഉൾപ്പടെ മികച്ച ജനപ്രീയ ചിത്രത്തിനുള്ള ദേശിയ പൂരസ്കാരമടക്കം നേടി.

മുന്നാ ഭായ് തീർത്ത ഓളത്തിൽ ഹിരാനി ചെയ്ത രണ്ടാമത്തെ ചിത്രവും അതിന്റെ തന്നെ തുടർച്ചയായ ലഗെ രഹോ മുന്ന ഭായ് ആയിരുന്നു. ​ഗാന്ധിയുടെ ആദർശങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഈ ചിത്രം 2006-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോളിവുഡ് ചിത്രം എന്നതുൾപ്പെടെ മികച്ച നിരൂപക പ്രശംസയാണ് നേടുന്നത്. ഒപ്പം സിനിമ സമൂഹത്തെ സാധ്വീനിക്കും എന്നതിന്റെ ഉദാഹരണം പോലെ ​ഗാന്ധിയുടെ ആശയങ്ങൾക്ക് ഇന്ത്യൻ മണ്ണിൽ ഒന്നു കൂടി ഉറപ്പ് കൊടുക്കാനും ലഗെ രഹോ മുന്ന ഭായിലൂടെ ഹിരാനിക്ക് കഴിഞ്ഞിരുന്നു.

ലഗെ രഹോ മുന്ന ഭായിയുടെ വിജയത്തിന് ശേഷം മുന്നാ ഭായ് ഫ്രഞ്ചെെസിയുടെ അടുത്ത ചിത്രമായ മുന്നാ ഭായ് ചലോ അമേരിക്ക എന്ന ചിത്രം എഴുതാനുള്ള തീരുമാനത്തിലായിരുന്നു ഹിരാനി. എന്നാൽ തുർച്ചയായി ഒരേ ഫോർമാറ്റിലുള്ള ചിത്രങ്ങൾ ഹിറാനിയെ അപ്പോഴെക്കും മടുപ്പിച്ചു തുടങ്ങിയിരുന്നു. ഒരു ഫ്രഷ് സ്ക്രിപ്റ്റിൽ വർക്ക് ചെയ്യാനായിരുന്നു അന്ന് ഹിരാനിക്ക് ആ​ഗ്രഹം. ചേതൻ ഭ​ഗതിന്റെ ഹിറ്റ് നോവലായ FIVE POINT SOMEONE എന്ന നോവൽ ആ ഇടക്കാണ് ഹിരാനി വായിക്കുന്നത്. അതിൽ നിന്ന് പ്രചോദനം കൊണ്ട് ഹിരാനി മൂന്നാമതായി നിർമിച്ച ചിത്രമാണ് 3 ഇഡിയറ്റ്സ്. ആമിർ ഖാൻ നായകനായെത്തിയ കോമഡി ഡ്രാമ ചിത്രം അന്ന് തിരുത്തിക്കുറിക്കുന്നത് അന്നുവരെയുള്ള പല ഇന്ത്യൻ സിനിമ റെക്കോർഡുകളുമാണ്. 3 ഇഡിയറ്റ്സ് ക്യാമ്പസ് സിനിമകളിലെ ഒരു കൾട്ട് ചിത്രമായി മാറി, പല സിനിമകൾക്കും ഒരു റഫറൻസ് ആയി. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും വിദ്യാർത്ഥികൾ നേരിടുന്ന കോമ്പറ്റിഷനുകളും പ്രഷറുകളെയും പറ്റി ചർച്ച ചെയ്ത ചിത്രം ഒരു കോമഡി ക്യാമ്പസ് ഡ്രാമ എന്നതിനപ്പുറം കാഴ്ചക്കാരെ ഇരുത്തി ചിന്തിപ്പിച്ചു. മെഷീനുകളെ പോലെ ജോലി ചെയ്യാതെ തനിക്ക് ഇഷ്ട്ടമുള്ളത് ചെയ്യാനും ആഗ്രഹമുള്ളത് ആയിത്തീരാനും 3 ഇഡിയറ്റ്സ് പഠിപ്പിച്ചു. ഒപ്പം സൗഹൃദത്തിന്റെ, പ്രണയത്തിന്റെ ഓർമകളും ചിത്രം പങ്കുവച്ചു. നിരൂപക പ്രശംസയും നിരവധി ഫിലിം ഫെയർ അവാർഡുകൾക്കുമൊപ്പം മികച്ച ജനപ്രീയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും 3 ഇഡിയറ്റ്സ് അന്ന് സ്വന്തമാക്കി.

തന്റെ സിനിമകൾ തമ്മിൽ കൃത്യമായ ഇടവേളകൾ ഹിറാനി നൽകിയിരുന്നു. ഹിറ്റ് സംവിധായകനെന്ന ലേബലിൽ കിട്ടുന്ന സിനിമകൾക്ക് പുറകെ പായാതെ സമയമെടുത്ത് അയാൾക്കിഷ്ട്ടമുള്ള കഥകൾ ഇഷ്ടമുള്ള തരത്തിൽ ഹിറാനി അവതരിപ്പിച്ചു. 3 ഇഡിയറ്റ്സിന് ശേഷം പിന്നെയും അഞ്ച് വര്ഷം കഴിഞ്ഞാണ് ഹിറാനി സംവിധായകനായത്, ആമിർ ഖാൻ ചിത്രം പി കെ യിലൂടെ. തന്റെ മുൻ സിനിമകളെ പോലെ ആക്ഷേപ ഹാസ്യത്തിൽ ഊന്നിക്കൊണ്ട് ആൾദൈവങ്ങളെയും മതത്തെയും ജാതിയെയും സിനിമ കണിശമായി വിമർശിച്ചു. പലരും ചോദിക്കാൻ ആഗ്രഹിച്ച എന്നാൽ മടിച്ച ചോദ്യങ്ങൾ ഹിറാനി പി കെ യിലൂടെ മുൻപോട്ട് വച്ചു. ഫലമോ വിവാദങ്ങൾ സിനിമയുടേം ഹിറാനിയുടെയും പിറകെ കൂടി.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതൽ‍ തന്നെ വിവാദങ്ങൾക്ക് ചിത്രം തിരികൊളുത്തിയിരുന്നു. ഒരു റേഡിയോയുമായി പൂർണ്ണ ന​ഗ്നനായി റെയിൽ പാളത്തിലൂടെ നടന്നു വരുന്ന ആമിർ ഖാന്റെ ചിത്രം അന്ന് ആമിർ ഖാനും രാജ് കുമാർ ഹിരാനിക്കുമെതിരെ കേസെടുക്കാൻ വരെ കാരണമായിരുന്നു. ഒരു സയൻസ് ഫിക്ഷൻ സറ്റയറിക്കൽ കോമഡി ഡ്രാമ വിഭാ​ഗത്തിലെത്തിയ പികെ അന്യ​ഗ്രഹത്തിൽ നിന്നും ഭുമിയിലേക്ക് വന്ന ഒരു ഏലിയനിലൂടെയാണ് കഥ പറഞ്ഞത്. ചിത്രം മതവികരത്തെ വ്രണപ്പെടുത്തുന്നു എന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപ്പേർ അന്ന് ചിത്രത്തിനെതിരെ രം​ഗത്ത് വന്നിരുന്നു. എന്നാൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ച പികെ ലോകമെമ്പാടുമുള്ള ഗ്രോസ് ‌കളക്ഷനിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി.

പിന്നെയും നാല് വർഷമെടുത്തു ഹിറാനിക്ക് അടുത്ത സിനിമയിലെത്താൻ. ബോളിവുഡ് നടനും തന്റെ ആദ്യ സിനിമയിലെ നായകനുമായ സഞ്ജയ് ദത്തിന്റെ ബയോ​ഗ്രഫിയായ സഞ്ജുവാണ് രാജ്‌കുമാർ ഹിറാനി തിരഞ്ഞെടുത്ത സിനിമ. സഞ്ജയ് ദത്തിനെ വെള്ളപൂശാൻ ശ്രമിച്ചു എന്ന ആരോപണം ഹിരാനിക്കെതിരെ ഉയർന്നു നിൽക്കെത്തന്നെ ചിത്രം കോടികൾ ബോക്സ് ഓഫിസിൽ വാരി. തന്റെ വിജയ യാത്ര ഹിറാനി സഞ്ജുവിലൂടെയും തുടർന്നു. രൺബീർ കപൂർ എന്ന അഭിനേതാവിന്റെ അസാമാന്യ മെയ്വഴക്കത്തിലൂടെ അയാളെ സഞ്ജയ് ദത്ത് ആയി പ്രതിഷ്ട്ടിച്ച് കാഴ്ചക്കാർക്ക് സംശയങ്ങൾക്ക് ഇടംകൊടുക്കാതെ ഹിറാനി സഞ്ജു പൂർത്തിയാക്കി.

തുടർച്ചയായ അഞ്ച് ചിത്രങ്ങളും ഒരുപോലെ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുക എന്ന് പറയുന്നത് ചില്ലറക്കാര്യമല്ല. ബ്രില്ല്യന്റായ തിരക്കഥകളുടെ ഉറവിടമാണ് ഹിരാനിയുടെ സിനിമകളൊക്കെ തന്നെയും.. കാണുന്ന പ്രേക്ഷകന് ഇയാളെ എനിക്കറിയാമല്ലോ എന്നോ, അല്ലെങ്കിൽ ശ്ശെടാ, ഞാൻ തന്നെയല്ലേ ഇത് എന്നോ ചിന്തിപ്പിക്കാൻ കഴിയുന്ന കഥാപാത്രങ്ങളാണ് അയാളുടെ മുതൽക്കൂട്ട്. സ്ക്രീനിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങൾക്കും, സെെഡ് ക്യാരക്ടർ എന്ന് പറഞ്ഞ് പ്രേക്ഷകർക്ക് മറന്നു കളയാൻ ഇടകൊടുക്കാത്ത ഡീറ്റെയ്ലിം​ഗാണ് അയാളുടെ തിരക്കഥകൾ.. വെറുതേയൊരു സിനിമ എന്നത് ഹിറാനിയുടെ ലിസ്റ്റിലേ ഇല്ല. മൂന്നും നാലും വർഷങ്ങളുടെ ഇടവേളകൾ അയാളുടെ ചിത്രങ്ങൾക്ക് വരുന്നതും അതുകൊണ്ട് തന്നെയാണ്. ജാതു കീ ചബ്ബി, ആൾ ഈസ് വെൽ എന്ന് തുടങ്ങി ഹിറാനിയുടെ ഡയലോ​ഗുകൾ വരെ പ്രേക്ഷകന് കാണാപ്പാടമാണ്.

ഇരുപത് വർഷത്തോളം നീണ്ട തന്റെ സിനിമ കരിയറിൽ വെറും അ‍ഞ്ച് ചിത്രങ്ങളാണ് ഹിരാനിയുടേതായി പുറത്തുവന്നിട്ടുള്ളത്. ആ അ‍ഞ്ചും പണംവാരി പടങ്ങൾ. എന്നു വച്ചാൽ 2003 അയാൾ ആരംഭിച്ച തന്റെ സിനിമ ജീവിതത്തിൽ സീറോ ഫ്ലോപ്പ് മാത്രം പ്രേക്ഷകന് നൽകിയൊരു സംവിധായകൻ. മുന്നാ ഭായ് MBBS, മെഡിക്കൽ രംഗത്തെ തന്റെ സുഹൃത്തുക്കളിൽ നിന്ന് കേട്ട അഴിമതിയുടെ കഥകളിൽ നിന്ന് പുറത്തു വന്ന സിനിമയാണ്. PK യോ മതത്തിലെ സങ്കൽപ്പങ്ങളെയും അനുമാനങ്ങളെയും സ്റ്റീരിയോടൈപ്പുകളേയും വെല്ലുവിളിച്ചുകൊണ്ട് അയാൾ നിർമിച്ചതും. 3 Idiots എന്ന സിനിമ ഇന്ത്യൻ സമൂഹത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരാജയങ്ങൾ തുറന്നുകാട്ടിക്കൊണ്ട് ഒരുക്കിയതുമാണ്. ഇവയെല്ലാം തന്റെ സിനിമകളിലൂടെ അയാളുയർത്തി കാട്ടിയ പ്രശ്നങ്ങളാണ്. കൊച്ചു കുട്ടി മുതൽ മൂതിർന്ന പൗരന്മാർ വരെ അയാളുടെ സിനിമയ്ക്ക് കാഴ്ചക്കാരാകുന്നത് ആഖ്യാന ശെെലിയിൽ അയാൾ വച്ചു പുലർത്തുന്ന ഈ പ്രത്യേകതകൾ കൊണ്ടുമാണ്. ആദ്യ സിനിമയിലും മൂന്നാമത്തെ സിനിമയിലും നായകനാക്കാൻ ഹിറാനി ഉദ്ധേശിച്ചിരുന്നത് ഷാരൂഖ് ഖാനെ ആയിരുന്നു. ഇരുപത് വർഷങ്ങൾക്കിപ്പുറം തന്റെ ആറാമത്തെ സിനിമയായ ഡങ്കിയിലൂടെ അത് സാധിക്കുമ്പോൾ ഏത് തരത്തിലുള്ള ജാതു കി ചബ്ബിയാണ് അയാൾ പ്രേക്ഷകന് വേണ്ടി കാത്തുവച്ചിരിക്കുന്നത് എന്നത് ആകാംഷ നിറയ്ക്കുന്ന ഫാക്ടർ തന്നെയാണ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT