കുടുംബം വിഷയമാകുന്ന സിനിമകൾ മലയാളി പ്രേക്ഷകർ എല്ലാ കാലത്തും ഏറ്റെടുത്തിട്ടുണ്ട്. ആസിഫ് അലി നായകനായി എത്തിയ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രം ഇതിന് മികച്ച ഉദാഹരണമാണ്. കിഷ്ക്കിന്ധാ കാണ്ഡത്തിനു ശേഷം കുടുംബം വിഷയമാകുന്ന മറ്റൊരു ചിത്രവുമായി ഗുഡ്‌വില്‍ എന്റർടൈൻമെയ്ന്റസ് എത്തുകയാണ്. ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നാരായണീന്റെ മൂന്നാണ്മക്കളാണ് ജനുവരി 7 തിയറ്ററുകളിലേക്കെത്തുന്നത്. നവാഗതനായ ശരൺ വേണുഗോപാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇമോഷണൽ ഡ്രാമയായി നാരായണീന്റെ മൂന്നാണ്മക്കൾ എത്തുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ ശരൺ വേണുഗോപാൽ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
നാരായണീന്റെ മൂന്നാണ്മക്കൾ ത്രില്ലറല്ല
നാരായണീന്റെ മൂന്നാണ്മക്കൾ ഒരു ഫാമിലി ഡ്രാമയാണ്. ഒരു ഇമോഷണൽ സിനിമയാണിത്. ഒരു ത്രില്ലറോ സസ്പെൻസ് ഒളിഞ്ഞു കിടക്കുന്ന സിനിമയോ അല്ല ഇത്. ട്രെയ്‌ലർ കുറേക്കൂടെ കൗതുകം ഉണ്ടാക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തു എന്നേയുള്ളു. പടത്തിനെ ഒരുപാട് ഡിഫൈൻ ചെയ്യുന്നുണ്ട് ആ ട്രെയ്‌ലർ. ട്രെയ്‌ലർ തുടങ്ങുമ്പോൾ തന്നെ മൂന്ന് പേർ ഇരുന്നു സംസാരിക്കുന്ന സീനിൽ സിനിമയുടെ മൊത്തത്തിലുള്ള മൂഡ് എന്താണ് എന്നുള്ളത് പറഞ്ഞു പോകുന്നുണ്ട്. സീരിയസായ കാര്യങ്ങളാണ് സിനിമയിൽ സംഭവിക്കുന്നത്. ട്രെയ്‌ലറിൽ പുറത്തുവിടാത്ത കുറച്ചു സർപ്രൈസുകൾ സിനിമയിലുണ്ടാകും.
സിനിമയും അഭിനേതാക്കളും
സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ജോജു ചേട്ടനെയും സുരാജേട്ടനെയുമെല്ലാം അഭിനേതാക്കൾ എന്ന നിലയിൽ പ്രയോജനപ്പെടുത്തിയ സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ട്രെയ്‌ലറിൽ അവതരിപ്പിക്കുന്നത് പോലെ പെർഫോമൻസിന് പ്രാധാന്യമുള്ള ഡ്രാമയാണ് സിനിമയിലുള്ളത്. അതുകൊണ്ട് തന്നെ ഇവർക്കെല്ലാം പെർഫോം ചെയ്യാനുള്ള ഇടം കഥയിലുണ്ടായിരുന്നു. പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കുന്നതും സിനിമയുടെ യു എസ് പിയും അത് തന്നെയാണ്. ഈ മൂന്ന് പേരെ കഴിഞ്ഞാലും ഒരുപാട് പേരുടെ പ്രകടനങ്ങൾ സിനിമയിലുണ്ട്. ഇവരുടെയെല്ലാം പെർഫോമൻസ് ഹെവിയായിട്ടുള്ള സിനിമയാണിത്. ഒരു കഥാപാത്രത്തെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന ഒരു കഥയല്ല നാരായണീന്റെ മൂന്നാണ്മക്കളുടേത്.
മ്യൂസിക്ക് കൊണ്ട് നിറയ്ക്കാത്ത സിനിമയാണിത്
സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്ന രാഹുൽ രാജിന്റെ പാട്ടുകൾ ആദ്യ കാലം മുതലേ കേൾക്കുന്നതാണ്. ചോട്ടാ മുംബൈക്കെല്ലാം മുൻപേ ആൽബങ്ങൾ ഇറങ്ങുമ്പോൾ തന്നെ ആകർഷിച്ചിട്ടുള്ള സംഗീത സംവിധായകനാണ് അദ്ദേഹം. പിന്നീട് ചോട്ടാ മുംബൈ വന്നു; അദ്ദേഹത്തിന് ഇൻഡസ്ട്രിയിൽ വലിയ ഒരു പേരായി. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സംഗീത സംവിധാനം നിർവഹിക്കുന്നത്. അത് നാരായണീന്റെ ആണ്മക്കളിലൂടെയാണ്. സംഗീതത്തിന്റെ കാര്യം പറയുമ്പോൾ രാഹുലേട്ടന്റെ മികച്ച വർക്കുകളിൽ ഒന്നായിരിക്കും ഈ സിനിമ. ഇപ്പറഞ്ഞത് എന്റെ വാക്കുകളല്ല. സിനിമയ്ക്ക് വേണ്ടി കമ്പോസ് ചെയ്യുന്നതിനിടയിൽ അദ്ദേഹം തന്നെ പറഞ്ഞതാണ്.
വർക്കുകൾ തീർന്നപ്പോൾ സ്പെഷ്യലായ ഒന്നാണ് ഉണ്ടാക്കിയത് എന്ന തോന്നലുണ്ടായിരുന്നു. പാട്ടിൽ മാത്രമല്ല, പശ്ചാത്തല സംഗീതത്തിലും വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഒരുപാട് ഉയർച്ച താഴ്ച്ചകളുള്ള ഒരു യാത്രയാണ് സിനിമയിലുള്ളത്. തുടർച്ചയായി പശ്ചാത്തല സംഗീതം വേണ്ട എന്ന തീരുമാനം തുടക്കം മുതലേ ഉണ്ടായിരുന്നു. സംഗീതമിട്ട് നിറയ്‌ക്കേണ്ട ഒരു സിനിമയല്ല ഇതെന്ന് രാഹുലേട്ടനും പറഞ്ഞിരുന്നു. എവിടെ മ്യൂസിക് വേണ്ട എന്ന് തീരുമാനിക്കുന്നത് ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു. സിനിമയിലെ സയലൻസ് ആളുകൾക്ക് അത്രയ്ക്ക് പരിചിതമല്ല. കഴിഞ്ഞ ഒരു വർഷം നോക്കുമ്പോൾ സിനിമയിൽ സയലൻസ് വളരെ കുറവാണ്. അതുകൊണ്ട് അതിന്റെതായ റിസ്ക്ക് ഇതിലുണ്ട്.
ആദ്യ സിനിമയിലേക്ക്
ആദ്യ സിനിമയിലേക്കുള്ള യാത്ര മാജിക്കലായിട്ടാണ് തോന്നുന്നത്. എഞ്ചിനിയറിങ് പഠിക്കുന്ന സമയത്താണ് ഈ തീരുമാനത്തിൽ എത്തിയത്. സിനിമയാണ് ഞാൻ ചെയ്യേണ്ടത് എന്ന് തോന്നുന്നതൊക്കെ അവിടെ വെച്ചാണ്. ഒരുപാട് അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണല്ലോ സിനിമ എന്നുള്ളത്. ഓരോ സ്റ്റേജിലും അതുണ്ടായിരുന്നു. ഇപ്പോൾ സിനിമ ചെയ്യാനായതിൽ ഹാപ്പിയാണ്. അതിൽ കൂടുതലുള്ളത് ആളുകൾ ഈ സിനിമയെ എങ്ങനെ എടുക്കും എന്ന ആകാംക്ഷയാണ്.
സിനിമയെടുക്കുക എന്നത് സമയമെടുക്കുന്ന ഒന്നാണ്. അതിനു വേണ്ട സമയം നമ്മൾ കൊടുത്തേ പറ്റൂ. എളുപ്പവഴികളൊന്നും അതിനില്ല. സിനിമ ചെയ്യാനുള്ള കഠിനാധ്വാനവും സ്ഥിരോത്സാഹവും വേണം. ഓരോരുത്തർക്കും ഓരോ രീതിയിൽ സമയമെടുക്കും. ഒരാൾക്ക് സിനിമയിലെത്താൻ 5 കൊല്ലമെടുക്കുമെങ്കിൽ മറ്റൊരാൾക്ക് അതിന് 10 കൊല്ലമെടുക്കും. അതിൽ നമ്മൾക്ക് ഒന്നും ചെയ്യാനാകില്ല. സിനിമ എന്ന കലയുടെ നേച്ചർ അതാണ്. ബിസിനസിന്റേതായ ഒരു തലം തീർച്ചയായും സിനിമയ്ക്കുണ്ട്. ബിസിനസിന്റേതായ തലം അതിന് ഇല്ലായിരുന്നു എങ്കിൽ കുറേക്കൂടെ എളുപ്പത്തിൽ സാധിക്കുന്ന ഒന്നായി സിനിമ മാറിയേനെ. ഒരുപാട് ഇൻവെസ്റ്റ്‌മെന്റ് ആവശ്യമായ ഒരു ആർട്ട് ഫോമാണ് സിനിമ. അതുകൊണ്ട് തന്നെ അതിന്റെതായ ബുദ്ധിമുട്ടുകളുമുണ്ട്. അതുകൊണ്ട് തന്നെയാണ് സമയമെടുക്കുന്നതും. അത് മനസ്സിലാക്കുക സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ മനസ്സിലാക്കേണ്ടത്. ഒരുപാട് പേർക്ക് കഥകൾ പറയാനുണ്ടാകും, ഒരുപാട് പേർ സിനിമ സ്വപ്നം കാണുന്നവരുണ്ടാകും. അവിടെ സ്ഥിരോത്സാഹം എന്നത് വലിയ ഒരു ഘടകമാണ്.
ഗുഡ്‌വില്‍ എന്റർടൈൻമെൻറ്സിനൊപ്പം
ഗുഡ് വില്ലിന്റെ ബാനറിൽ സിനിമ ചെയ്യാൻ കഴിയുന്നു എന്നത് വലിയ കാര്യമായിട്ടാണ് തോന്നുന്നത്. അവർ മുൻപ് ചെയ്തിട്ടുള്ള സിനിമകൾ നോക്കിയാൽ എല്ലാ തരത്തിലും വിജയിച്ചിട്ടുള്ള ചിത്രങ്ങളാണ്. കിഷ്കിന്ധാ കാണ്ഡം ആണെങ്കിലും അതിന് മുൻപ് ഇറങ്ങിയ രോമാഞ്ചം ആണെങ്കിലും മികച്ച സിനിമകളാണ്. നല്ല സിനിമ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല, അത് കൃത്യമായി ആളുകളിലേക്ക് എത്തിക്കാൻ സാധിക്കണം. അതും പ്രധാനപ്പെട്ട ഒരു കാര്യമാണ് സിനിമയെ സംബന്ധിച്ച്. നല്ലൊരു പ്രൊഡക്ഷൻ ഹൗസിന് മാത്രമേ അത് കഴിയൂ. ഗുഡ് വില്ലിന്റെ ഒരു പ്രധാനപ്പെട്ട നേട്ടമായി എനിക്ക് തോന്നിയിട്ടുള്ളത് കൃത്യമായി ആളുകളിലേക്ക് സിനിമ എത്തിക്കുന്നു എന്നുള്ളതാണ്. അത്രയും സപ്പോർട്ടീവായ ഒരു പ്രൊഡക്ഷൻ ഹൗസിന് മാത്രമേ അത് ചെയ്യാൻ കഴിയൂ. കിഷ്കിന്ധാ കാണ്ഡമാണെങ്കിലും അത് ആളുകളിലേക്ക് എത്തിയതിന്റെ പ്രധാന കാരണം പ്രൊഡക്ഷൻ ഹൗസാണ്. ഓണത്തിന്റെ സമയത്താണ് കിഷ്കിന്ധാ കാണ്ഡം റിലീസാകുന്നത്. വേറേതെങ്കിലും പ്രൊഡക്ഷൻ ഹൗസായിരുന്നു എങ്കിൽ അത്രയും ധൈര്യത്തിൽ ആ സമയത്ത് അങ്ങനെയൊരു സിനിമ റിലീസ് ചെയ്യില്ലായിരുന്നു. വെല്ലുവിളികൾ ഏറ്റെടുക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസിനൊപ്പം സിനിമ ചെയ്യാനായത് ഭാഗ്യമായിട്ടാണ് കാണുന്നത്.
പ്രേക്ഷകരോട്
യാതൊരുവിധ മുന്നറിയിപ്പുകളും അറിയാതെ സിനിമ കാണാൻ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകൻ കൂടിയാണ് ഞാൻ. പറ്റുമെങ്കിൽ ഒരു ട്രെയ്‌ലർ പോലും കാണാതെ സിനിമ കാണണം എന്നാഗ്രഹിക്കുന്ന ആളാണ്. പക്ഷെ പലപ്പോഴും അത് നടക്കാറില്ല. നാരായണീന്റെ മൂന്നാണ്മക്കൾ വലിയ മുൻവിധികളൊന്നുമില്ലാതെ കാണാൻ വരേണ്ട സിനിമയാണെന്നാണ് എനിക്ക് പ്രേക്ഷകരോട് പറയാനുള്ളത്. നല്ല സിനിമയാണെന്ന് വിശ്വസിക്കുന്നത്. ഇന്റർവ്യൂവിൽ വന്നപ്പോൾ പ്രൊഡ്യൂസർ ഉൾപ്പെടെ പറഞ്ഞതും നല്ല സിനിമയാണെന്നാണ്. അദ്ദേഹത്തിന് നല്ല സിനിമയാണെന്ന് ഉറപ്പുള്ള ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ആ വിശ്വാസം തന്നെയാണ് സിനിമയിലെ ബാക്കി എല്ലാവർക്കും ഉള്ളത്. സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കും അതെ അഭിപ്രായം തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.