Filmy Features

സാവിത്രിയെ അടയാളപ്പെടുത്തിയ മഹാനടി, കീര്‍ത്തിയുടെയും

THE CUE

മഹാനടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യന്‍ അഭിനേത്രി സാവിത്രിയുടെ ജീവിതകഥയായിരുന്നു നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടി എന്ന തെലുങ്ക് ചിത്രം. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ക്കൊപ്പം അറുപതുകളില്‍ ആണധീശത്വം എല്ലാ തട്ടിലും നിലനിന്ന സിനിമാ വ്യവസായത്തില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി വനിതകളെ അണിനിരത്തി സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച അഭിനേത്രിയുമാണ് സാവിത്രി. ഈ മഹാനടിയെ അടയാളപ്പെടുത്തുകയെന്ന ദൗത്യം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സാവിത്രിയായി വേഷമിട്ടത് മലയാളി താരം കീര്‍ത്തി സുരേഷായിരുന്നു.

തുടക്കത്തില്‍ വിദ്യാബാലനെയും നിത്യാ മേനോനെയും പരിഗണിച്ചിരുന്ന റോളില്‍ സാവിത്രിയായി കീര്‍ത്തി സുരേഷെത്തിയപ്പോള്‍ കാസ്റ്റിംഗ് പിഴച്ചില്ലെന്നും സമാനതകളില്ലാത്ത തെരഞ്ഞെടുപ്പുമായിരുന്നുവെന്ന് സിനിമ സാക്ഷ്യപ്പെടുത്തിയിരുന്നു.'പഴമ' പണിതെടുക്കാതെ സമഗ്രതലത്തിലും വിന്റേജ് ഫീല്‍ റിക്രിയേറ്റ് ചെയ്ത ചിത്രത്തില്‍ ഒരു ഘട്ടത്തിലും സാവിത്രിയെ അനുകരിക്കാന്‍ കീര്‍ത്തി സുരേഷ് മുതിര്‍ന്നിരുന്നില്ല. അമ്പതുകളിലെ സിനിമാ ചിത്രീകരണം പുനരാവ്ഷ്‌കരിച്ചപ്പോള്‍ ആ കാലത്തിനൊത്ത ഭാവചേഷ്ടകളും ശരീരഭാഷയുമായി സ്വാഭാവികതയോടെ പ്രത്യക്ഷപ്പെടുകയായിരുന്നു കീര്‍ത്തി സ്‌ക്രീനില്‍.

മഹനടിയിലെ നായികാവേഷത്തില്‍ വലിയൊരു പ്രേക്ഷകസമൂഹത്തിന് അഭിനയരീതി കൊണ്ട് സുപരിചിതയായ അഭിനേത്രിയെ ഭാവഭദ്രമാക്കുകയെന്ന ദൗത്യമായിരുന്നു കീര്‍ത്തിയുടേത്. ചിത്രത്തില്‍ മറ്റേത് കഥാപാത്രത്തേക്കാള്‍ പൂര്‍ണ്ണതയിലെത്തിയതും കീര്‍ത്തിയുടെ സാവിത്രിയായിരുന്നു. സാവിത്രിയുടെ ചലച്ചിത്ര ജീവിതത്തിന് പുറത്ത് അവരുടെ കൗമാരവും, ദാമ്പത്യജീവിതവും ഗണേശനോടുള്ള പ്രണയവും മക്കളോടുള്ള വാല്‍സല്യവും സാമൂഹ്യജീവിയെന്ന നിലയ്ക്കുള്ള കരുണയും, കുട്ടിത്തത്തിന്റെ കുറുമ്പും അങ്ങനെ പല കാലങ്ങളില്‍, പല ഭാവങ്ങളിലൂടെ സാവിത്രിയെന്ന അഭിനേത്രിയോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന പ്രകടനമായിരുന്നു കീര്‍ത്തിയുടേത്.സാവിത്രിക്ക് വലിയ അംഗീകാരങ്ങളും പ്രശംസയും നേടിക്കൊടുത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ പുനരവതരിപ്പിച്ചപ്പോഴും അത് അനുകരണമല്ലാതെ, മികവുറ്റ രീതിയില്‍ കീര്‍ത്തി അവതരിപ്പിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ ആയിരുന്നു കീര്‍ത്തി സുരേഷിന്റെ തുടക്കം. മലയാളത്തില്‍ രണ്ട് ചിത്രങ്ങളില്‍ മാത്രമേ കീര്‍ത്തി വേഷമിട്ടിട്ടുള്ളുവെങ്കിലും തമിഴിലെ സൂപ്പര്‍ താരങ്ങളുടെ നായികാവേഷങ്ങളിലൂടെ തന്നെയായിരുന്നു മലയാളികളും കീര്‍ത്തിയെ ഇഷ്ടപ്പെട്ടത്. തമിഴിലും തെലുങ്കിലും തിരക്കേറിയ നായികയായി മാറിയപ്പോഴും ലഭിച്ച കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയെന്നതിനപ്പുറം വെല്ലുവിളി ഉയര്‍ത്തുന്നതായ കഥാപാത്രങ്ങളൊന്നും ആ സിനിമകളിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മഹാനടി തന്നെയായിരുന്നു കീര്‍ത്തിയിലെ അഭിനേത്രിയുടെ മികച്ച ചിത്രം. കരിയറിലെ വഴിത്തിരിവാകുന്ന ചിത്രത്തിലെ പ്രകടനത്തിന് കീര്‍ത്തി അര്‍ഹിക്കുന്നത് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരച്ചെത്തുന്ന കീര്‍ത്തി അജയ് ദേവഗണിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT