ബാറ്റ്മാനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കറുത്ത മുഖം മൂടി ധരിച്ച തിളക്കമുള്ള കറുത്ത ഫ്ലയിംഗ് ജാക്കറ്റുള്ള ഒരു സൂപ്പർ ഹീറോ. ചടുലമായ നൃത്ത ചുവടുകളും ഫ്ലെക്സിബിൾ ബോഡിയും തിളക്കമുള്ള കണ്ണുകളും ഒരു ഗ്രീക്ക് ദേവന്റെ മുഖഛായയും. ഹൃത്വിക് റോഷൻ എന്നാൽ ക്രിഷ് എന്ന് ചുരുക്കി വിളിച്ചിട്ടുണ്ട് ഒരു ജനറേഷൻ. 2003 ൽ കോയ് മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെ അച്ഛൻ രാകേഷ് റോഷൻ അടിത്തറ പണിഞ്ഞു കൊടുത്തൊരു സൂപ്പർ ഹീറോ സ്റ്റാർ. ഹൃത്വിക് റോഷൻ.
ഡെവലപ്മെന്റൽ ഡിസബിലിറ്റിയുള്ള, സമൂഹത്തിന് പൊതുവെ സ്മാർട്ട് എന്ന് അക്സെപ്റ്റ് ചെയ്യാൻ മടിയുള്ള രോഹിതിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന ജാതുവും പിന്നീട് രോഹിതും ജാതുവിനുമിടയിൽ വളരുന്ന സ്നേഹവുമാണ് കോയ് മിൽ ഗയ. സ്മാർട്ട് ആയി ചിന്തിക്കുന്ന മനുഷ്യർക്കിടെയിൽ ഹൃദയം കൊണ്ട് മനുഷ്യനെന്നോ ഏലിയൻ എന്നോ വേർതിരിവില്ലാതെ ഉടലെടുക്കുന്ന സ്നേഹം. ഒടുവിൽ തിരികെ യാത്ര പറയവേ രോഹിത്തിന് ജാതു നൽകി മടങ്ങുന്ന ഒരു മാജിക്. കാണികൾക്ക് ആ സിനിമ ഏറ്റെടുക്കാൻ അത് തന്നെ ധാരാളമായിരുന്നു. വരമ്പുകളില്ലാത്ത സ്നേഹത്തിന്റെ കാഴ്ചയാണ് കോയ് മിൽ ഗയയിൽ രാകേഷ് റോഷൻ തൊടുത്തു വിട്ട മാജിക് അഥവാ ജാതു.
കഹോന പ്യാർ ഹേ എന്ന ചിത്രത്തിലൂടെ അമീഷ പട്ടേലിനൊപ്പം സ്ക്രീനിലേക്ക് കടന്നു വന്ന് ഒരു ഓവർ നൈറ്റ് സെൻസേഷനായി മാറിയ ഹൃത്വിക് റോഷന്റെ റൊമാന്റിക്, ചോക്ലേറ്റ് ഹീറോ പരിവേഷം മൊത്തത്തിൽ പൊളിച്ചു മാറ്റിയാണ് രാകേഷ് റോഷൻ രോഹിത്തിനെ അവതരിപ്പിച്ചത്. നീണ്ടു മെലിഞ്ഞ് വട്ട കണ്ണടയിട്ട് നിഷ്കളങ്കനായി ചിരിച്ച് രോഹിത്ത് സ്ക്രീനിലെത്തി. ജാതുവിനെ കണ്ടവരെല്ലാം ആദ്യം ഒന്ന് പേടിച്ചു, പിന്നെ അത്ഭുതപ്പെട്ടു, അവസാനം പിരിഞ്ഞു പോകവേ രോഹിത്തിനൊപ്പം പൊട്ടിക്കരഞ്ഞു. ബോക്സ് ഓഫീസിൽ കോയ് മിൽ ഗയ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി.
മൂന്ന് വർഷം പിന്നിട്ടു. രാകേഷ് റോഷൻ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. കോയ് മിൽ ഗയയുടെ രണ്ടാം ഭാഗം. പേര് ക്രിഷ്. രോഹിത്തിന്റെയും നിഷയുടെയും മകനിലൂടെ രാകേഷ് റോഷൻ തന്റെ കഥ തുടർന്നു. ഇത്തവണ അയാൾ അവിടെ പരീക്ഷിച്ചത് ഏലിയനെയോ അതിന്റെ തിരച്ചു വരവോ ആയിരുന്നില്ല, സൂപ്പർ പവറുള്ള ഒരു കോമൺ ഗായ് ആയിരുന്നു അയാളുടെ നായകൻ. ജാതു സമ്മാനിച്ചു പോയ സൂപ്പർ പവർ തന്റെ കൊച്ചുമകന് ജനിതകപരമായി പകർന്നു കിട്ടിയെന്ന തിരിച്ചറിവിൽ അവനെ പൊതിഞ്ഞു വളർത്താൻ ശ്രമിക്കുന്നൊരു മുത്തശ്ശിയും പിന്നീടുള്ള അവന്റെ ജീവിതവുമായിരുന്നു ക്രിഷ്. കുതിരയ്ക്കൊപ്പം ഓട്ടത്തിൽ പന്തയം വച്ച് അതിനെ തോൽപ്പിച്ച് ഓടുന്ന ക്രിഷിന്റെ ഇൻട്രോ സീൻ ഓർമ്മയില്ലാത്ത ഇന്ത്യക്കാരുണ്ടാവില്ല. പൊട്ടിപ്പൊളിഞ്ഞൊരു കറുത്ത മാസ്കും നീണ്ടൊരു ജാക്കറ്റും ചുറ്റി തീ പിടിച്ച ഒരു സർക്കസ് കൂടാരത്തിലേക്ക് രക്ഷകനായി ഓടിയെത്തുന്ന ക്രിഷ്.
ശക്തിമാന് ശേഷം ഇന്ത്യൻ മണ്ണ് കണ്ട ഏറ്റവും വലിയ സൂപ്പർ ഹീറോയുടെ ഉദയമാണ് 2006 ൽ പുറത്തിറങ്ങിയ ക്രിഷ്. കോമിക്കുകളിലും മാർവലിലും ഡിസിയിലും മാത്രം കണ്ടു പരിചയിച്ച സൂപ്പർ ഹീറോസിനെ ഇന്ത്യൻ മണ്ണ് കഥയിലോ ക്വാളിറ്റിയിലോ കോംപ്രമൈസ് ചെയ്യാതെ സൃഷ്ടിച്ചെടുത്ത സിനിമ. ആഗോള തലത്തിൽ ഹോളിവുഡിനോട് കിടപിടിക്കുന്ന തരത്തിൽ വിഎഫ്എക്സ് ക്വാളിറ്റിയോടെ വിഭാവനം ചെയ്ത ക്രിഷ് ഇന്നും ഇന്ത്യയിലെ സൂപ്പർ ഹീറോ സിനിമകളുടെ ട്രെൻഡ് സെറ്റർ ആണ്.
തുടർച്ചയായ പരാജയങ്ങളിൽ നിന്ന് ഹൃത്വിക് റോഷൻ എന്ന താരത്തെ തിരികെ ബോളിവുഡ് സ്റ്റാർ ലേബലിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സിനിമയാണ് ക്രിഷ്. സൂപ്പർഹീറോ വേഷത്തിൽ ഹൃതിക് കുട്ടി പ്രേക്ഷകരുടെ മനം കവർന്നു. ചിത്രത്തിലെ ഹൃതികിന്റെ സൂപ്പർഹീറോ മാസ്ക് ഉൾപ്പടെ ട്രെന്റിങ്ങിൽ എത്തി. ബോളിവുഡ് സ്റ്റാർസിന് സ്വപ്നം കാണാൻ സാധിക്കാത്തൊരു തരത്തിലേക്ക് ക്രിഷ് എന്ന കഥാപാത്രം വളർന്നു. ബോളിവുഡ് എന്നാൽ മൂന്ന് ഖാന്മാർ എന്ന് വിചാരിച്ചിരുന്ന ഒരു തലമുറയെ അവർക്കൊപ്പം തന്നെ തന്റെ പേര് ചേർത്ത് വിളിപ്പിക്കാൻ ഹൃത്വിക് റോഷന് കഴിഞ്ഞു. ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിട്ടും പിന്നെയും ഏഴ് വർഷം കഴിഞ്ഞാണ് ക്രിഷിന് മൂന്നാമതൊരു ഭാഗമുണ്ടായത്. 2013 ൽ പുറത്തിറങ്ങിയ ക്രിഷ് 3 ഇന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നാണ്.
ഇന്ത്യൻ സിനിമയ്ക്ക് എങ്ങനെ ഒരു ക്രിഷ് ഉണ്ടായി എന്നു ചോദിച്ചാൽ ഒരോ ഘട്ടത്തിലും രാകേഷ് റോഷന് അതിന് ഒരോ ഉത്തരങ്ങളുണ്ടായിരുന്നു.
കോയ് മിൽ ഗയ എന്ന പടം രാകേഷ് റോഷൻ ചെയ്യുന്നത് ഹൃത്വിക് എന്ന ആക്ടർ എത്ര മികച്ചതാണെന്ന് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയാണ്. അതായിരുന്നു ആ സിനിമയിൽ അയാൾ ഏറ്റെടുത്ത വെല്ലുവിളി. പിന്നീട് the lord of the rings പോലൊരു സിനിമ കണ്ട് എന്തുകൊണ്ട് എനിക്കിങ്ങനെയൊരു ഫ്രാഞ്ചൈസി ചെയ്തു കൂടാ എന്ന ചിന്തയിൽ നിന്നാണ് അയാൾ ഇന്ത്യൻ സിനിമയുടെ ഏക്കാലത്തെയും മികച്ച സൂപ്പർ ഹീറോയ്ക്ക് ജന്മം നൽകുന്നത്.
20 വർഷം പിന്നിട്ടിരിക്കുന്നു ഇന്ത്യൻ സിനിമയിൽ ഒരു ജാതു സംഭവിച്ചിട്ട്. ജാതു എന്നാൽ മാജിക് എന്നാണ് അർത്ഥം. നീല നിറത്തിൽ വലിപ്പമുള്ള തലയും പതുങ്ങിയ നടത്തവുമുള്ള ആ ഏലിയൻ, അതിന്റെ പേര് പോലെ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത് ഒരു മാന്ത്രിക കാഴ്ചയാണ്. തന്റെ ഗ്രഹത്തിലേക്ക് തിരിച്ചു പോയ ജാതു പിന്നീടൊരിക്കലും തിരിച്ചു വന്നില്ലെങ്കിലും അത് തന്നിട്ടുപോയ ആ മാജിക് ഇന്ത്യൻ സിനിമയ്ക്ക് ഇത്ര വർഷത്തിന് ശേഷവും പകരം വയ്ക്കാനില്ലാത്തൊരു സുപ്പർ ഹീറോയെയാണ്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ചലച്ചിത്ര പരമ്പരയായാണ് ക്രിഷ് കണക്കാക്കപ്പെടുന്നത്. 12 വർഷത്തിന് ശേഷം ക്രിഷ് വീണ്ടും തിരിച്ചെത്താനൊരുങ്ങുമ്പോൾ, ക്രിഷ് 4 ലൂടെ ഹൃത്വിക് റോഷൻ ഒരു സംവിധായകന്റെ കുപ്പായം കൂടി അണിയാൻ തീരുമാനിക്കുമ്പോൾ, ക്രിഷ് ഫ്രാഞ്ചൈസിയുടെ ആരാധകർക്ക് ആവേശം കൂടുന്നതിൽ തെറ്റില്ല. പാൻ ഇന്ത്യൻ ചിത്രങ്ങളും അതിന്റെ സ്വീക്വലുകളും പ്രീക്വലുകളും സധാരണ കാഴ്ചയാകുന്നൊരു സമയത്താണ് ക്രിഷിന്റെ ഈ തിരിച്ചു വരവ്.
യഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്ന് നിർമിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയ്ക്ക് ഇനി എന്ത് അത്ഭുത കാഴ്ചയാണ് സമ്മാനിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണണം.