Filmy Features

'വല്യേട്ടന്' ഞങ്ങൾ നൽകുന്ന ട്രിബ്യൂട്ടാണ് ഈ ട്രെയ്ലർ : കാർത്തിക് ജോഗേഷ് അഭിമുഖം

മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’. 2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ചിത്രം 24 വർഷങ്ങൾക്ക് ശേഷം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്താനൊരുങ്ങുകയാണ്. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തിൽ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിന്റേതായി ഇറങ്ങിയ 4K ട്രെയ്ലറും ടീസറും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. ചിത്രസംയോജകനായ കാർത്തിക് ജോഗേഷാണ് വല്യേട്ടന്റെ ടീസറും ട്രെയ്ലറും ഒരുക്കിയത്. നമുക്ക് മുന്നേ ഇറങ്ങിയ ഒരു സിനിമയ്ക്ക് നമ്മുടെ ജനറേഷൻ കൊടുക്കുന്ന ഒരു ട്രിബ്യൂട്ട് പോലെയാണ് വല്യേട്ടന്റെ ട്രെയ്ലറും ടീസറും തങ്ങൾ ഒരുക്കിയതെന്ന് പറയുകയാണ് എഡിറ്റർ കാർത്തിക് ജോഗേഷ് ക്യു സ്റ്റുഡിയോയോട്.

Vallyettan 4K
Karthik Jogesh (Editor)

വല്യേട്ടൻ4K ട്രെയ്ലർ ആ സിനിമയ്ക്ക് ഞങ്ങൾ നൽകിയ ട്രിബ്യൂട്ടാണ്

സാധാരണ ഒരു ട്രെയ്ലറിനെ ട്രീറ്റ് ചെയ്യുന്നത് പോലെയല്ല ഞാൻ വല്യേട്ടൻ ട്രെയ്ലറിനെ ട്രീറ്റ് ചെയ്തത്. വല്യേട്ടൻ കണ്ടു പരിചയമുള്ള നമ്മൾ ആവോളം ആഘോഷിച്ച സിനിമയാണ്. അതുകൊണ്ട് തന്നെ ഒരു ട്രിബ്യൂട്ട് പോലെയാണ് ഇതിന്റെ ട്രെയ്ലർ ഞാൻ കൈകാര്യം ചെയ്തത്. കണ്ട് പരിചയിച്ച ഒരു സംഭവത്തെ കുറച്ചെങ്കിലും മാറ്റിപ്പിടിക്കാനും ഒപ്പം ഒരു പുതുമ തോന്നാൻ വേണ്ടിയും കട്ട്സിന്റെ സ്റ്റൈലും മ്യൂസിക് പാറ്റേണും മാറ്റിയാണ് ചെയ്തിരിക്കുന്നത്. എന്നാൽ സിനിമയിൽ അത് അതുപോലെ തന്നെ നിലനിർത്തിയിട്ടുമുണ്ട്. നമുക്ക് മുന്നേ ഇറങ്ങിയ ഒരു സിനിമയ്ക്ക് നമ്മുടെ ജനറേഷൻ ഒരു ട്രിബ്യൂട്ട് കൊടുക്കുന്നതു പോലെയാണ് വല്യേട്ടനെ ഞങ്ങൾ സമീപിച്ചത്. ആദ്യം ട്രെയ്ലർ ചെയ്തതിന് ശേഷം പിന്നീട് അതിനൊരു ടീസർ ഉണ്ടാക്കുകയാണ് ചെയ്തത്. വല്യേട്ടന്റെയും സഹോദരങ്ങളുടെയും കം ബാക്ക് എന്ന തരത്തിലാണ് ടീസറിനെ ഞങ്ങൾ ട്രീറ്റ് ചെയ്തത്. പ്രേക്ഷകരെ വൈകാരികമായി തൊടാൻ ട്രെയ്ലറിന് സാധിക്കണം ഒപ്പം അതു കണ്ടിട്ട് രോമാഞ്ചം തോന്നുകയും വേണം.

Vallyettan 4K

വല്യേട്ടൻ പോലെയൊരു പടത്തിന്റെ ട്രെയ്ലർ ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. യൂട്യൂബിൽ തന്നെ നോക്കിയിൽ ഇതിന്റെ ഒരുപാട് ഫാൻ മേയ്ഡ് മാഷ് അപ്പുകൾ നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ടു തന്നെ അതിൽ നിന്നെല്ലാം മാറി, ഈ ട്രെയ്ലർ കണ്ടാൽ ഈ സിനിമ പോയി കാണാൻ തോന്നണം, അതിനു വേണ്ടിയുള്ള ഒരു ആവേശം ഉണ്ടാക്കിയെടുക്കണം എന്നൊരു ആ​ഗ്രഹമായിരുന്നു എനിക്ക്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നമുക്ക് കൊടുക്കാവുന്നതിന്റെ പരമാവധി നമ്മൾ ഇതിൽ ചെയ്തിട്ടുണ്ട്.

Vallyettan 4K

ട്രെയ്ലർ ട്രെൻ‌ഡിം​ഗ് ആണ്

ഞാനൊരു മമ്മൂട്ടി ഫാൻ‌ ആണ്. നരസിംഹം ഇറങ്ങിക്കഴിഞ്ഞപ്പോൾ മമ്മൂട്ടിക്കും അങ്ങനെയൊരു പടം വരണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. മാത്രമല്ല അമ്പലക്കര ഫിലിംസുമായി എനിക്ക് കുടുംബപരമായി അടുത്ത ബന്ധം കൂടിയുണ്ട‍്. അവരുമായി ചേർന്ന് മുമ്പും ഞാൻ പ്രൊജക്ടുകൾ ചെയ്തിട്ടുണ്ട്. ഹേയ് ജൂഡ്, പേരറിയാത്തവർ തുടങ്ങിയ സിനിമയൊക്കെ അങ്ങനെ ചെയ്തതാണ്. അതുകൊണ്ട് എന്റെ ഫാമിലിക്ക് വേണ്ടി കൂടി ഞാൻ കൊടുത്ത ഒരു ട്രിബ്യൂട്ടാണ് ഇതെന്ന് പറയാം. ട്രെയ്ലർ കണ്ട് ഒരുപാട് മമ്മൂട്ടി ഫാൻസും അല്ലാത്തവരും വിളിച്ചു. അങ്ങനെ അഭിപ്രായങ്ങളൊക്കെ കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്. നമ്മൾ ചെയ്ത ഒരു വർക്ക് അതിന്റെ പ്രേക്ഷകരിലേക്ക് എത്തി എന്നൊരു സന്തോഷമുണ്ട്. ആ സിനിമയോടും മമ്മൂട്ടിയോടുമുള്ള ആളുകളുടെ സ്നേഹമാണ് ഈ കിട്ടുന്ന അഭിനന്ദനങ്ങളെല്ലാം

Vallyettan 4K

എന്തൊക്കെയാണ് വല്യേട്ടൻ4K യിൽ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ?

സിനിമ തുടങ്ങുന്ന സമയത്ത് തന്നെ ഞാൻ ഭൂമിനാഥൻ സാറിനോട് സംസാരിച്ചിരുന്നു. എഡിറ്റർ ശ്രീകർ പ്രസാദിന്റെ അസിസ്റ്റന്റായാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. എന്നാൽ അദ്ദേഹത്തെപ്പോലെ അത്രയും സീനിയറായിട്ടുള്ള ഒരാളുടെ സിനിമയിൽ നമ്മൾ തൊടുമ്പോൾ അത് സൂക്ഷിച്ചു വേണം ചെയ്യാൻ എന്നെനിക്ക് ബോധ്യവും ഉണ്ടായിരുന്നു. അന്നത്തെ ഹാർവെയർ എഡിറ്റിം​ഗ് മെഷീൻസിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ന് കുറച്ചുകൂടി ഷാർപ്പായ രീതിയിൽ നമുക്ക് കാര്യങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ ആ സിനിമയുടെ എസൻസ് നമുക്ക് നിലനിർത്തേണ്ടതായുണ്ട്. അതുകൊണ്ട് സംവിധായകന്റെ മേൽനോട്ടത്തിൽ കുറച്ച് ഭാ​ഗങ്ങൾ ട്രിം ചെയ്തിട്ടുണ്ടെന്നതൊഴിച്ചാൽ മറ്റൊരു തരത്തിലുള്ള കാര്യങ്ങളും ഞങ്ങൾ ആ സിനിമയിൽ നിന്നും എടുത്തു മാറ്റിയിട്ടില്ല. ഇപ്പോഴത്തെ കാലഘട്ടത്തിൽ സിനിമയുടെ ഡ്യൂറേഷൻ ഒരു വലിയ കാര്യമാണ്. ഇപ്പോഴത്തെ പ്രേക്ഷകർ 2 മണിക്കൂർ എന്ന പാറ്റേണിലേക്ക് ചുരുങ്ങിയല്ലോ? അന്നത്തെ കാലത്ത് മൂന്ന് മണിക്കൂർ സിനിമയൊക്ക എളുപ്പത്തിൽ കാണാൻ സാധിക്കുമായിരുന്നു. പ്രത്യേകിച്ചു ഷാജി കൈലാസ്- ജോഷി സാർ സിനിമകൾ. ആ വസ്തുതകളെയൊക്കെ വിലയിരുത്തിക്കൊണ്ട് ചെറിയ തരത്തിലുള്ള ഒരു ട്രിമ്മിങ് മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാൽ 4K യിലേക്ക് വരുമ്പോൾ‌ പ്രേക്ഷകർക്ക് കിട്ടുന്ന അനുഭവം എന്താണെന്നു വച്ചാൽ സിനിമയുടെ വിഷ്വൽ ക്വാളിറ്റി നമ്മൾ മികച്ച രീതിയിൽ വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതാണ്. ഒപ്പം വല്യേട്ടൻ സിനിമയുടെ ട്രാക്ക് മോണോ ട്രാക്കായിരുന്നു. അതുകൊണ്ട് നമ്മൾ സൗണ്ട് റീക്രിയേറ്റ് ചെയ്തു. എന്നാൽ പണ്ടത്തെ ടോൺ അതിന് കിട്ടിയെന്ന് വരില്ല. അതുകൊണ്ട് ടോണിൽ കുറച്ച് വ്യത്യാസം വന്നു എന്നല്ലാതെ മറ്റെല്ലാം അതേപോലെ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. രാജാമണി സാർ ഇപ്പോൾ ഇല്ല. അദ്ദേഹത്തിന്റെ ട്രേ‍ഡ് മാർക്കായിട്ടുള്ള BGM ഒക്കെ ഇതിൽ ഉണ്ട്. എല്ലാം അതേപോലെ നിലനിർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ട്രെയ്ലറിലെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ധനുഷ് നയനാർ എന്ന സൗണ്ട് ഡിസൈനറാണ്. കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു അദ്ദേഹം. ധനുഷിന്റെ റെക്കമന്റേഷനിൽ വന്ന മ്യൂസിക് ഡയറക്ടർ പ്രകാശ് അലക്സാണ് വല്യേട്ടനിലെ ആ മെയിൻ തീം റീ ക്രിയേറ്റ് ചെയ്യാൻ സഹായിച്ചത്. അത് റീ ക്രിയേറ്റ് ചെയ്ത് ഇഷ്ടപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. അതേസമയം ഡോൾബി അറ്റ്മോസ് ആണെല്ലോ അതുകൊണ്ട് സൗണ്ടിലും മറ്റുമെല്ലാം പുതിയൊരു തലം വന്നിട്ടുണ്ട്. വിഷ്വൽ ക്വാളിറ്റി, അതിന്റെ കളർ, പാറ്റേൺ തുടങ്ങി ടീസറിലും ട്രെയ്ലറിലും നിങ്ങൾ കണ്ടതിനെക്കാൾ കുറച്ചുകൂടി സമയം കിട്ടിയപ്പോൾ ഞങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

വെള്ള ബെൻസ് കാറിൽ മമ്മൂട്ടി - വല്ല്യേട്ടന്റെ ചിത്രീകരണ വേളയിൽ നിന്നുമുള്ള ചിത്രം

മമ്മൂട്ടി ഫാൻബോയ് മൊമെന്റ്

ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി മൊമെന്റ് എന്ന് പറയുന്നത് ഉറപ്പായും അദ്ദേഹത്തിന്റെ ഡയലോ​ഗ് ഡെലിവറിയും അദ്ദേഹത്തിന്റെ സൗന്ദര്യവും അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ ​ഗാംഭീര്യവും ഒക്കെ തന്നെയാണ്. പിന്നെ ഏതൊരു ആർട്ടിസ്റ്റാണെങ്കിലും എ‍ഡിറ്റിം​ഗ് ടേബിളിലിരിക്കുമ്പോൾ ഏതാണോ ആ സീൻ അതിന്റെ വൈകാരിക തലം നമ്മൾ മനസ്സിലാക്കണമല്ലോ? ഒരു മമ്മൂട്ടി സിനിമ ഞാൻ ഇതുവരെ എഡിറ്റ് ചെയ്തിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റേതായി ആദ്യമായി എനിക്ക് കയ്യിൽ കിട്ടുന്ന വിഷ്വൽ. എഡിറ്ററാണല്ലോ ഒരു സിനിമയുടെ ആദ്യത്തെ പ്രേക്ഷകൻ. പ്രേക്ഷകരുടെ പൾസായിരിക്കണം എഡിറ്ററിനും. ഇപ്പോഴത്തെ പ്രേക്ഷകർക്ക് എന്ത് വർക്കാവും എന്നുള്ള ബോധ്യം ഫിലിം മേക്കറിനും എഡിറ്ററിനും ഉണ്ടായിരിക്കണം.

നിറനാഴി പൊന്നിൽ എന്ന ഗാനത്തിന്റെ ചിത്രീകരണവേളയിൽ നിന്നുമുള്ള ചിത്രം

കണ്ടു മടുത്ത രീതിയിൽ അല്ലാതെ കഥ പറച്ചിൽ രീതി അതിനുണ്ടായിരിക്കണം എന്നു കരുതി അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രം ആരാണെന്ന് കാണിക്കാനാണ് ട്രെയ്ലറിൽ ഞങ്ങൾ ശ്രമിച്ചത്. അതുകൊണ്ടാണ് ശോഭന മാഡത്തിൽ നിന്നും ട്രെയ്ലർ തുടങ്ങാൻ തീരുമാനിച്ചത്. അതുവച്ച് തുടങ്ങുമ്പോൾ പ്രേക്ഷകർക്ക് ഒരു ഹൈ ഉണ്ടാവും. മറ്റ് പല സീനിൽ നിന്നും ട്രെയലർ തുടങ്ങാൻ ‍ഞങ്ങൾക്ക് സാധിക്കുമായിരുന്നു. എന്നാൽ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ ഒരു ആണിനെക്കുറിച്ച് സംസാരിക്കുമ്പോൾ കിട്ടുന്ന ഒരു ഹൈ ഉണ്ടല്ലോ, അത് ആ ട്രെയ്ലറിലൂടെ എല്ലാവർക്കും കിട്ടിക്കാണുമെന്നാണ് ഞാൻ വിചാരിക്കുന്നത്.

Hey Jude

ഹേയ് ജൂഡിനെക്കുറിച്ച്

അദ്ദേഹത്തിന്റെ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമാണ് ഹേയ് ജൂഡ്. കഥയുടെ കാര്യത്തിൽ ആണെങ്കിലും കഥ നടക്കുന്ന സ്ഥലമാണെങ്കിലും ആർട്ടിസ്റ്റുകളാണെങ്കിലും അതിൽ ഒരു കൊമേഷ്യൽ സിനിമയുടെ വശം കൂടി വന്നിട്ടുണ്ട്. വൈകാരികപരമായി നമ്മളെ ചലിപ്പിക്കുന്ന സിനിമകളാണെല്ലോ അദ്ദേഹത്തിന്റേത് എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കുറച്ചു കൂടി ഹൃദ്യമായ സിനിമയായിരുന്നു ജൂഡ്. ഒരു പുതുമുഖം എന്ന നിലയിൽ എനിക്ക് അത് കുറച്ച് ആവേശമുണ്ടാക്കിയ കാര്യമായിരുന്നു. നമുക്ക് എന്തും സ്വതന്ത്രമായി പറയാൻ സാധിക്കുന്നൊരു വ്യക്തികൂടിയാണ് അദ്ദേഹം. പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാൻ സാധിച്ചതുകൊണ്ട് എനിക്ക് വളരെ മികച്ച തരത്തിൽ ആ സിനിമയിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. എന്റെ മിക്ക സിനിമകളുടെയും ട്രെയ്ലർ ഞാൻ തന്നെയാണ് എഡിറ്റ് ചെയ്യാറുള്ളത്. ഹേയ് ജൂഡിന്റെ ട്രെയ്ലർ എല്ലാം കാണുമ്പോൾ അദ്ദേഹം വളരെ എക്സൈറ്റഡായിരുന്നു. ഇപ്പോൾ ഷാജിയേട്ടൻ ആണെങ്കിലും വല്യേട്ടന്റെ ട്രെയ്ലർ കണ്ടിട്ട് ഇത് കണ്ടാൽ ഒന്നുകൂടി തിയറ്ററിൽ പോയി കാണാൻ തോന്നിക്കും മോനെ എന്നാണ് എന്നോട് പറഞ്ഞത്.

വല്ല്യേട്ടനിലെ ‘നിറനാഴി പൊന്നിൽ’ എന്ന ഗാനത്തിന്റെ ചിത്രീകരണവേളയിൽ നിന്നും

പുതിയ പ്രൊജക്ടുകൾ

തമിഴും മലയാളവും തെലുങ്കും ചേർത്ത് ഏകദേശം പന്ത്രണ്ട് സിനിമകളോളം ഞാൻ സ്വതന്ത്രമായി ചെയ്തിട്ടുണ്ട്. തെലുങ്ക് ചിത്രം ഇനി റിലീസിനെത്താൻ ഇരിക്കുകയാണ്. നിലവിൽ എന്റെ സുഹൃത്തുക്കളുമായി ചേർന്ന് മലയാളത്തിൽ കുറച്ച് പ്രൊജക്ടുകൾ ആലോചിക്കുന്നുണ്ട്. തമിഴിൽ നയൻതാരയുടെ ഐറ എന്ന സിനിമയാണ് ഞാൻ ചെയ്തത്. തെലുങ്കിൽ ഒക്ക പതക്കം പ്രകാരം എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്. മാത്രമല്ല ഞാൻ ശ്രീകർ പ്രസാദ് സാറിനൊപ്പം മണിരത്നത്തിന്റെ കടൽ എന്ന ചിത്രത്തിലും വിജയ്യുടെ തുപ്പാക്കി എന്ന ചിത്രത്തിലും വർക്ക് ചെയ്തിരുന്നു. മദ്രാസ് ടാക്കീസിൽ ഇൻഹൗസ് എഡിറ്ററും കൂടിയായിരുന്നു. ഇത്രയും വലിയ മനുഷ്യർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു എന്നതാണ് സ്വതന്ത്രമായി എഡിറ്റിം​ഗ് കരിയർ ആരംഭിക്കാൻ ധൈര്യം നൽകിയത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT