Filmy Features

ആസ്പിരിനിൽ തീരില്ല, ഇൻഡിപെൻഡന്റ് മ്യൂസിക്കുകൾ ഇനിയും വരും: ക്രിസ്റ്റോ സേവ്യർ അഭിമുഖം

മനുഷ്യന് അതിജീവിക്കാൻ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളിലായി മരുന്നിന്റെ ആവശ്യം വരാറുണ്ട്. അതില്ലാതൊരു മുന്നോട്ട് പോക്കുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഓടിക്കൊണ്ടേയിരിക്കേ ഒറ്റ നിമിഷം കൊണ്ട് സ്റ്റക്ക് ആയി പോയാൽ മനുഷ്യർ എന്തു ചെയ്യുമായിരിക്കും. ഒരു ഹെക്ടിക് ദിവസത്തിന്റെ അവസാനം ഒരു പാട്ട് കേട്ട് കണ്ണടച്ച് കിടക്കുന്നയാൾക്ക് ഒറ്റ നിമിഷത്തിൽ DND മോഡിൽ ഒരു സൂത്തിം​ഗ് എക്സ്പീകരിയൻസ് സമ്മാനിക്കുകയാണ് 'ആസ്പിരിൻ'. വേദനയിൽ നിന്നും മുക്തി തരുന്ന മരുന്നാണ് 'ആസ്പിരിൻ'. ജോലിയുടെ അന്തരീക്ഷം മടുപ്പിച്ചു തുടങ്ങുമ്പോൾ പ്രകൃതിയിലേക്ക് മടങ്ങുന്ന തന്റെ ഹാബിറ്റിനെ ഒരു മ്യൂസിക് രൂപത്തിൽ ഇൻഡിപെൻഡന്റ് മ്യൂസിക്ക് ആക്കി മാറ്റിയിരിക്കുകയാണ് സം​ഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ. മോഡുലാർ സിന്ദ് പോലെ മലയാളിക്ക് അത്ര കണ്ട് പരിചയമില്ലാത്തൊരു മ്യൂസിക് ഫോമിനെ പരിചയപ്പെടുത്തുകയാണ് ക്രിസ്റ്റോ ആസ്പിരിനിലൂടെ. ഒരു ഹിറ്റ് ഉണ്ടാക്കാൻ വേണ്ടിയിട്ടല്ല, പകരം ക്രിസ്റ്റോയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തോന്ന്യാസം കാണിക്കാൻ തന്റേതായ ഒരു സ്പേയ്സ് ഉണ്ടാക്കിയെടുക്കാൻ ക്രിസ്റ്റോ ചെയ്തു വച്ചതാണ് ആസ്പിരിൻ. വരികളില്ലാതെ മ്യൂസിക്കിനിടെയിൽ ഒരു കവി ചൊല്ലി കൊടുക്കുന്ന കവിത ഇടകലർന്ന് വരുന്ന സം​ഗീത്തെ വേരുകളിലേക്കുള്ള മടക്കം ആയാണ് ക്രിസ്റ്റോ വിശേഷിപ്പിക്കുന്നത്. 'ആസ്പിരിൻ' എന്ന ഇൻഡിപെൻഡന്റ് മ്യൂസിക്കിനെക്കുറിച്ച് ക്രിസ്റ്റോ സേവ്യർ ക്യു സ്റ്റുഡിയോയോട് സംസാരിച്ചത്.

ആസ്പിരിൻ ഒരു മരുന്ന് ആണെല്ലോ? എന്തുകൊണ്ടാണ് അങ്ങനെ ഒരു പേര്?

മനുഷ്യനെ സംബന്ധിച്ച് ഒരു മരുന്ന് എപ്പോഴും ആവശ്യമാണെല്ലോ? ഞാൻ എപ്പോഴും എന്റെ ജോലിയുടെ അന്തരീക്ഷത്തിൽ നിന്നും മാറി പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന സ്ഥലത്തേക്ക് മാറി നിൽക്കാൻ ശ്രമിക്കാറുണ്ട്. അപ്പോൾ എനിക്ക് കിട്ടുന്ന ഒരു മരുന്നുണ്ട്, എനർജിയുണ്ട്. അതാണ് ഞാൻ 'ആസ്പിരിൻ' എന്ന മ്യൂസിക് ആൽബത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും മലമുകളിൽ ചെന്നിരുന്ന് വർക്ക് ചെയ്യുമ്പോൾ എന്നിലേക്ക് വരുന്ന ഒരു ഊർജ്ജമുണ്ട്. ഞാൻ എന്താണ് എന്നാണ് ആസ്പിരിൻ എന്ന് വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്. ആ വീഡിയോയിൽ കാണുന്നതാണ് ഞാൻ.

എലെക്ട്രോണിക് മ്യൂസിക്ക് പൊതുവെ ഇവിടെ ഇൻഡിപെൻഡന്റ് പ്രൊഡ്യൂസ് ചെയ്ത് കണ്ടിട്ടില്ല, റിസ്ക് ഉണ്ടല്ലോ? ആളുകൾ സ്വീകരിക്കണം എന്നില്ല, മുടക്കുമുതൽ തിരിച്ചു കിട്ടണം എന്നില്ല.

മോഡുലാർ സിന്ദ് ഇവിടെയുള്ള ആളുകൾ എക്സ്പ്ലോർ ചെയ്തിട്ടില്ല എന്ന് എനിക്ക് അറിയാം. പക്ഷേ മ്യൂസിക്കിൽ ഇങ്ങനെ ഒരു സൈഡും കൂടിയുണ്ട് എന്ന് കാണിക്കാൻ എനിക്ക് വളരെ ആ​ഗ്രഹമുണ്ടായിരുന്നു. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ടിയായിരുന്നു ഇതെങ്കിൽ ചിലപ്പോൾ സിനിമയുടെ സംവിധായകനോ നിർമാതാവോ ഇങ്ങനെ ചെയ്യണോ എന്ന് ചോദ്യങ്ങൾ വന്നേക്കാം.. ഇവിടെ എനിക്ക് അതില്ല. എന്റെ ഇഷ്ടമാണ്. എനിക്ക് എന്റേതായ തോന്ന്യാസങ്ങൾ ചെയ്യാനുള്ള സ്വതന്ത്ര്യം വളരെയധികം ഉള്ളത് കൊണ്ട് ചെയ്തതാണ് ഇത്. മോഡുലാർ സിന്ദ് ആളുകളിലേക്ക് എത്തണം, ഇങ്ങനെ ഒരു പരിപാടി ഇവിടെയും ഉണ്ട് എന്നും വിദേശികൾക്ക് മാത്രമല്ല നമുക്കും കഴിയും എന്ന് തെളിക്കാനും കൂടിയാണ് ഇത് ചെയ്തത്.

മ്യൂസിക് മാത്രം വച്ച് വീഡിയോ ഇറക്കുക കേരളത്തിനോ ഇന്ത്യയ്ക്കോ തന്നെ ശീലമുള്ള ഒരു കാര്യമല്ല, വളരെ കുറച്ച് പേർ ആണെല്ലോ ഇത് ചെയ്യുന്നത്, ക്രിസ്റ്റോയ്ക്ക് ഇത് ചെയ്യുമ്പോൾ ഇത് മെയിൻ സ്ട്രീമിലേക്ക് എത്തുമോ കൂടുതൽ ആളുകൾ കാണുമോ എന്ന ആശങ്കയുണ്ടായിരുന്നില്ലേ?

അത്തരത്തിൽ ഞാൻ ചിന്തിച്ചിരുന്നില്ല എന്നതാണ്. എന്റേതായ തോന്ന്യവാസം ചെയ്യാൻ‌ വേണ്ടിയാണ് ഞാൻ എന്റെ ചാനലിൽ തന്നെ അത് ചെയ്യാം എന്ന് പ്ലാൻ ചെയ്തത്. ആൾക്കാർ കാണുമ്പോൾ എനിക്ക് അതിന്റേതായ ഒരു സന്തോഷം ഉണ്ട്. പക്ഷേ കൊമേഴ്ഷ്യൽ ആയിട്ടോ അല്ലെങ്കിൽ ഒരു ഹിറ്റ് അടിക്കാൻ വേണ്ടിയോ എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിച്ച് ചെയ്തതല്ല ഇത്. 2021 ൽ എനിക്ക് കിട്ടിയ ഒരു ഐഡിയ ആണ് ഇത്. പിന്നീട് ഇത് വീഡിയോ ആക്കി മാറ്റാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു ഞങ്ങൾ. ഇപ്പോഴാണ് അതിനുള്ള സമയവും സാഹചര്യവും ഒത്തു വന്നത്.

സെൽഫ് എക്സപ്രഷനാണെല്ലോ ഇൻഡിപെഡന്റ് മ്യൂസിക്, എവിടെ നിന്നാണ് ക്രിസ്റ്റോ ഇതിലേക്ക് വരുന്നത്? എന്ത് ആത്മാശം ആണ് ഇതിന് പിന്നിൽ?

നമ്മൾ ഒന്നും അല്ല എന്ന് തോന്നുന്ന പോയിന്റ് ഉണ്ടാവില്ലേ? ഞാൻ തന്നെ പാട്ട് കംമ്പോസ് ചെയ്യാനിരിക്കുന്ന ചില പോയ്ന്റിൽ ഇടയ്ക്ക് എനിക്ക് തോന്നാറുണ്ട് ഇതിന് മുമ്പ് ഞാൻ ചെയ്ത ട്രാക്കുകൾ‌ ഞാൻ എങ്ങനെയാണ് ചെയ്തത് എന്ന്. എന്നെക്കൊണ്ട് ഇത് ഇപ്പോൾ പറ്റുന്നില്ലല്ലോ എന്നൊക്കെ. നമ്മൾ ഒന്നും ഒന്നുമല്ല എന്ന തോന്നൽ വരുന്ന ഒരു ഘട്ടം ഇല്ലേ? ആ സമയത്ത് ഈ പ്രപഞ്ചം അതിൽ നിന്ന് പുറത്തേക്ക് വരാൻ നമ്മളെ സഹായിക്കുന്ന ഒരു പോയിന്റ് ഉണ്ട്. ഇത്രയും വലിയ പ്രപ‍ഞ്ചത്തിൽ നമ്മളൊരു ഉറുമ്പിനോളമാണ്, അല്ലെങ്കിൽ ഒരു പൂമ്പാറ്റയോളമാണ് എന്നുള്ള തോന്നലാണ് ഈ ആൽബത്തിന്റെ ആദ്യ ചിന്ത. നമ്മൾ എന്താണ്, എവിടെ നിന്നാണ് വന്നത്, ഇതൊക്കെയാണ് നമ്മൾ എന്നൊക്കെയുള്ള ഒരു റീകാൾ ആണ് അത്. അഹംഭാവത്തിലേക്ക് പോകാതെയിരിക്കുക എന്നതാണ്. വേരുകളിലേക്കുള്ള മടക്കമാണ് ഇത്.

വരികൾ ഇല്ലാതെ മ്യൂസിക് മാത്രം ചെയ്യുക എന്നത് കുറച്ച് റിസ്കി കാര്യം അല്ലേ?

അത് റിസ്കി ആണ്. അതാണ് ആസ്പിരിന്റെ സവിശേഷത എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് തോന്നിയത് പോലെയാണ് ചെയ്തിരിക്കുന്നത്. ഒരു കവി അതിൽ സംസാരിക്കുന്ന രീതിയിൽ ചെയ്യുക എന്നത് എന്റെ പുതിയ പരീക്ഷണമായിരുന്നു. അതുകൊണ്ടാണ് മറ്റൊരു പ്രൊഡക്ഷനിലേക്ക് ഒന്നും പോകാതെ ഇത് സ്വന്തമായി ചെയ്യാം എന്നു തീരുമാനിച്ചത്. മറ്റൊരു പ്രൊഡക്ഷനിലേക്ക് പോയിക്കഴിഞ്ഞാൽ അവർ ഇതു വച്ച് ഒരു മെലഡി ഉണ്ടാക്കാനോ ഒരു വോക്കൽ മെലഡി പരീക്ഷിക്കാനോ ഒക്കെ പറഞ്ഞെന്നു വരാം അതെനിക്ക് പേടിയാണ്. അതിൽ നിന്ന് മാറി ഇത്തരത്തിൽ പരീക്ഷണങ്ങൾക്ക് വേണ്ടി സ്വന്തമായൊരു സ്പേയ്സ് ഉണ്ടാക്കാനാണ് ശ്രമിച്ചത്.

ആസിപിരിൻ മുഴുവനായും സിന്ദ് ആണോ?

മുഴുവനായും സിന്ദാണ് ആസ്പിരിൻ. ഫ്ലൂട്ട് മെലഡീസും വോക്കൽ അറേജ്മെന്റ്സും അതിനൊപ്പം വന്നിട്ടുണ്ട്. നേച്ചർ സൗണ്ട്സും ഉണ്ട്. എലക്ട്രോണിക്ക് എങ്ങനെ നേച്ചറുമായി ഇടകലർത്താം എന്ന ചിന്തയിൽ നിന്ന് വന്നൊരു ആശയമാണ് അത്.

എന്തുകൊണ്ട് ഒരു ഇൻഡിപെൻഡന്റ് മ്യൂസിക് ഉണ്ടാക്കാൻ തീരുമാനിച്ചു?

ഇതിനും മുമ്പും ഞാൻ ഇൻ‍ഡിപെഡന്റ് ട്രാക്ക് റിലീസ് ചെയ്തിട്ടുണ്ട്. പക്ഷേ അതെല്ലാം ട്രാക്ക് മാത്രമായാണ് ചെയ്തത്. വീഡിയോ ആയി ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. ഈ ട്രാക്കിൽ വീഡിയോ കൂടി വന്നാൽ അടിപൊളിയായിരിക്കും എന്ന തോന്നലിൽ നിന്നാണ് വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നതും പണം സ്വരുക്കൂട്ടി വച്ച് ഷൂട്ട് ചെയ്തതും.

മൂന്നാർ വട്ടവട ലൊക്കേഷനിലാണ് ആസ്പിരിൻ ‍ഞങ്ങൾ ഷൂട്ട് ചെയ്തത്. എടുത്തു പറയേണ്ട ഒരു പേര് രമിത്തിന്റേതാണ്. അദ്ദേഹമാണ് ഈ ഇത് സംവിധാനം ചെയ്തിരിക്കുന്നത്. രമിത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മദനോത്സവം എന്ന എന്റെ ആദ്യ ചിത്രത്തിൽ ‍ഞാൻ വർക്ക് ചെയ്യുമ്പോൾ അതിലെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു രമിത്ത്. അങ്ങനെയാണ് രമിത്തുമായി സൗഹൃദത്തിൽ എത്തുന്നത്. വളരെ ഭംഗിയായി മൊമെന്റ്സുകൾ ക്യാപ്ച്ചർ ചെയ്യാൻ കഴിവുള്ളൊരു മനുഷ്യനാണ് അദ്ദേഹം. അങ്ങനെയാണ് രമിത്തിനെ ഞാൻ കൂടെ കൂട്ടിയത്.

കൃത്രിമത്വം തോന്നിപ്പിക്കാത്ത തരത്തിൽ ജീവൻ തുടിക്കുന്ന വിഷ്വലുകളാണ് അദ്ദേഹം ക്യാപ്ച്ചർ ചെയ്യുന്നത്. ചിത്രത്തിന്റെ ക്യാമറയും ഡയറക്ഷനും രമിത്ത് തന്നെയാണ്. കോസ്റ്റ്യും ചെയ്തിരിക്കുന്ന മെൽവി ആണ്.

ആസ്പിരിന്റെ വിഷ്വൽ കോറിയോ​ഗ്രഫി വളരെ സൂത്തിം​ഗ് ആണെല്ലോ?

സാധാരണയായി ഇവിടെ കാണാത്ത എന്ത് പ്രേക്ഷകർക്ക് കൊടുക്കാം എന്ന ചിന്ത ഈ വീഡിയോയ്ക്ക് പിന്നിൽ ഉണ്ടായിരുന്നു. ഒരു ടെക്സ്റ്റ് ബുക്കും ഫോളോ ചെയ്യാതെ നമുക്ക് നമ്മുടേതായ രീതിയിൽ ഷൂട്ട് ചെയ്യാം എന്നുള്ള പ്ലാൻ ആയിരുന്നു ഞങ്ങൾക്ക്. ഞങ്ങൾക്ക് ഭം​ഗിയായി തോന്നിയ വിഷ്വലുകൾ ക്യാപ്ച്ചർ ചെയ്ത പ്ലേസ് ചെയ്യുകയാണ് ചെയ്തത്. പ്രൊഫഷണൽ ക്യാമറ മുതൽ മൊബൈൽ‍ ക്യാമറ വരെ ഇതിൽ ഉപയോ​ഗിച്ചിട്ടുണ്ട്. ഐഫോൺ ഫൂട്ടേജസ് ഉണ്ട്. ‍ഞാൻ യാത്ര ചെയ്ത സമയത്ത് എന്റെ ഫോണിൽ ഞാൻ വെറുതെ എടുത്ത വിഷ്വലുകളും ഒരോ കട്ടുകളായി വച്ചിട്ടുണ്ട്. ഇതിലൂടെ മെമെന്റ് കൊടുക്കുക എന്നതാണ് ‍‍ഞങ്ങൾ ഉദ്ദേശിച്ചത്. അതുപോലെ തന്നെ ഇതിൽ വളരെ രസമായിട്ട് ആ മരങ്ങളെ നമുക്ക് ക്യാപ്ച്ചർ ചെയ്യാൻ സാധിച്ചിട്ടുണ്ട്. വീഡിയോയിലെ ആ മരങ്ങൾ ആടുന്ന വിഷ്വൽ നമുക്ക് വലിയ മാജിക്ക് ആയിരുന്നു. ഈ വിഷ്വലിന് വേണ്ടി ആദ്യം ഒരു ലൊക്കേഷൻ ഞങ്ങൾ മാർക്ക് ചെയ്തിരുന്നു. പക്ഷേ കാട്ടു തീ ഒക്കെ വന്ന് അവിടേക്ക് പോകാൻ സാധിക്കാത്ത അവസ്ഥ വന്നു. അവിടെ നിന്നും തിരിച്ചു വരുന്ന സമയത്താണ് ആണ് ഈ കാറ്റും മരങ്ങൾ ആടുന്നതും കണ്ടത്. അത് കണ്ടും രമിത്ത് ചാടി വണ്ടിയിൽ നിന്ന് ഇറങ്ങി ഡ്രോൺ ചെയ്യുന്ന ആളെ വിളിച്ചിട്ട് അപ്പോൾ തന്നെ ഡ്രോൺ പറത്തി എടുത്ത വിഷ്വൽസ് ആണ് അത്. അതാണ് ഇപ്പോൾ ആ വീഡിയോയിലെ കോർ കോണ്ടന്റ് ആയി നിൽക്കുന്നത്. അത് ശരിക്കും ഒരു മാജിക്ക് ആയിരുന്നു. ഒരു കുറവ് സംഭവിച്ചപ്പോൾ അത് പരിഹരിക്കാൻ പ്രകൃതി തന്നെ ഞങ്ങളെ സഹായിച്ചു.

ഇനിയും ഇൻ‌ഡിപെഡന്റ് വർക്കുകൾ വരുമോ?

ഉറപ്പായും ഇനിയും ഇൻഡിപെൻഡന്റ് വർക്കുകൾ ചെയ്യും. ഉടനെയുണ്ടാവില്ലെങ്കിലും തീർച്ചയായും ഞാൻ ഇനിയും ചെയ്യും.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT