Anthony Hopkins
Anthony Hopkins 
Filmy Features

'വേണ്ട, ഞാൻ അവളെ കാത്ത് സെല്ലിന്റെ നടുക്ക് നിൽക്കാം', അഭിനയിക്കാതെ മറ്റെന്തോ ചെയ്യുന്ന ആന്റണി ഹോപ്കിന്‍സ്‌

ബ്ലോക്കിങ് എന്നാണ് പറയുക, ഒരു സീനിൽ കഥാപാത്രങ്ങൾ എവിടെ ഇരിക്കുന്നു നടക്കുന്നു എന്ത് ചെയ്യുന്നു എന്നുള്ള മൂവ്മെന്റിനെ മൊത്തത്തിൽ ചേർത്ത് ബ്ലോക്കിങ് എന്നാണ് പറയുക. Silence of the Lambsലെ ആ പ്രശസ്തമായ സീൻ - ലക്ടറിനെ കാണാൻ ആദ്യമായി ക്ലാരീസ് വരുന്ന രംഗം - ആ സീനിന്റെ ബ്ലോക്കിങ് തീരുമാനിച്ച് ഉറപ്പിക്കുകയാണ് സംവിധായകൻ ജോനാഥൻ ഡെമെ (ഗംഭീര സംവിധായകനാണ്, ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള ഓസ്കാർ കിട്ടിയിരുന്നു).

Sir Anthony Hopkins/ The Silence Of The Lambs

ഡെമെ ചോദിച്ചു, "ഒരു ബുക്ക് വായിച്ചു കട്ടിലിൽ ഇരിക്കാം അല്ലെ?". ആന്റണി ഹോപ്കിൻസ് തലയാട്ടി, "വേണ്ട, ഞാൻ അവളെ കാത്ത് സെല്ലിന്റെ നടുക്ക് നിൽക്കാം". ഡെമെ ഒന്ന് സംശയിച്ചു, "പക്ഷെ, അതിനവൾ വന്നില്ലല്ലോ". "ഇല്ല, പക്ഷെ അവളുടെ മണം എനിക്ക് കിട്ടുന്നുണ്ട്!".

ഡെമെ ചിരിച്ചു.

അതിലേറെ ഒരു നടൻ/നടി തന്റെ കഥാപാത്രത്തെ ഉൾക്കൊള്ളാൻ ബാക്കിയില്ല. ആന്റണി ഹോപ്കിൻസിന് മികച്ച നടനുള്ള ആദ്യ ഓസ്കാർ കിട്ടിയ സിനിമ, ഏകദേശം രണ്ട് മണിക്കൂർ നീളമുള്ള പടത്തിൽ അദ്ദേഹം കേവലം പതിനാറ് മിനിറ്റ് മാത്രമേ സ്‌ക്രീനിൽ ഉള്ളൂ, പോരെ?! (ഇത് റെക്കോർഡ് അല്ല, 1958ൽ ഓസ്കാർ നേടിയ David Nivenന് 15 മിനിറ്റ് സ്‌ക്രീൻ ടൈമേ Separate Tablesൽ ഉള്ളൂ, ഇതാണ് റെക്കോർഡ്).

Sir Anthony Hopkins/ the father movie

The Fatherൽ ആന്റണി ഹോപ്കിൻസിന്റെ ഡിമെൻഷ്യ ബാധിച്ച കഥാപാത്രം ഇടക്കിടെ തന്റെ വാച്ച് മറക്കുന്നുണ്ട്, അത്തരം സീനുകളിൽ കൈയിൽ വാച്ചില്ലയെന്ന് എന്തൊക്കയോ ചെയ്യുന്നതിനിടയിൽ അദ്ദേഹം 'കണ്ടു പിടിക്കുന്നുണ്ട്‌'. ലോകത്തെ ഏറ്റവും പഴക്കം ചെന്ന തൊഴിലാണ് അഭിനയമെന്ന് സ്റ്റെല്ല ആഡ്ലർ പറയാറുണ്ടായിരുന്നു. ആ പഴകിയ വീഞ്ഞിന്റെ മൊത്തം വീര്യവുമുണ്ട് ആന്റണിയുടെ വാച്ച് ഷർട്ടിന്റെ കയ്യിൽ ഉരസുന്നില്ലയെന്ന് തിരിച്ചറിയുന്ന അഭിനയത്തിൽ.

Sir Anthony Hopkins/ the father movie

ഇന്നിപ്പോൾ അദ്ദേഹം തനിക്ക് കിട്ടുന്ന തിരക്കഥകളിൽ ചിലതിൽ N A R എന്നെഴുതി വയ്ക്കും, അങ്ങനെ എഴുതി വയ്ക്കുന്ന തിരക്കഥകളിൽ മാത്രമേ അദ്ദേഹം അഭിനയിക്കാറുമുള്ളൂ. എന്താണ് ഈ N A R എന്ന് ചോദിച്ചാൽ അദ്ദേഹം പറയും, ഞാനത് ഗ്രിഗറി പെക്കിൽ നിന്നും പഠിച്ചതാണ്, No Acting Required. താരങ്ങളെ പുകഴ്ത്താൻ ഫാൻസുകാർ 'അഭിനയിക്കുകയല്ല' എന്നെഴുതി വയ്ക്കുന്നത് വായിക്കുമ്പോൾ ചിരിക്കുന്ന ഒരാളാണ് ഞാൻ, ഇനിയും ചിരിച്ചേയ്ക്കാം, എന്നിരിക്കിലും, അഭിനയം ആവശ്യമില്ലാത്ത ഒരു കഥാപാത്രത്തെ അഭിനയിക്കാതെ മറ്റെന്തോ ചെയ്തതിന് ഒരു മനുഷ്യന് മികച്ച അഭിനേതാവിനുള്ള അവാർഡ് ഒരിക്കൽ കിട്ടിയിട്ടുണ്ടെന്നും ഞാനോർക്കും, എന്നും.

Sir Anthony Hopkins

നന്ദി പറഞ്ഞാൽ തീരില്ല, പെൻസിൽ കൂർപ്പിച്ച് അടുത്ത സ്ക്രിപ്പ്റ്റിൽ N A R എഴുതാൻ തയ്യാറായി ഇരിക്കൂ പ്രിയപ്പെട്ടവനെ.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT