ഭയവും ചിരിയും സമാസമം ചേർത്ത് രണ്ടരമണിക്കൂര്‍ സമയം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വിധമാണ് 'മാളികപ്പുറം' ടീം തങ്ങളുടെ പുതിയ ചിത്രമായ സുമതി വളവ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷിച്ച് കാണാൻ കഴിയുന്ന ഈ സിനിമ മികച്ച കളക്ഷനാണ് നേടുന്നതും. ആദ്യദിനം നടന്ന ഡീഗ്രേഡിങ്ങിനെ അതിജീവിച്ച് നേടുന്ന ഈ വിജയം തങ്ങൾക്ക് ഏറെ മധുരമുള്ളതാണ് എന്ന് പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. എത്രയൊക്കെ ഡീഗ്രേഡിങ് വന്നാലും നല്ല സിനിമകളെ പ്രേക്ഷകർ സ്വീകരിക്കുക തന്നെ ചെയ്യും എന്നതിന്റെ തെളിവാണ് തങ്ങളുടെ ഈ ചിത്രം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുമതി വളവിന്റെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുന്നു അഭിലാഷ് പിള്ള.
'ഫാമിലി' ഹിറ്റ്
സുമതി വളവിന് ലഭിക്കുന്ന പേക്ഷക പ്രതികരണത്തിൽ അതിയായ സന്തോഷമുണ്ട്. കുടുംബ പ്രേക്ഷകർക്ക് വേണ്ടിയാണ് ഞങ്ങൾ ഈ ചിത്രം ഒരുക്കിയത്. തുടക്കത്തിൽ ഈ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതിന് ചില ശ്രമങ്ങൾ നടന്നുവെങ്കിൽ പോലും അതിനെയെല്ലാം മറികടന്നു സിനിമയെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു. ഈ ഞായറാഴ്ച ഞങ്ങൾ തിയറ്ററുകളിൽ പോയപ്പോൾ കുടുംബങ്ങളും കുട്ടികളുമാണ് സിനിമ കാണുവാൻ കൂടുതലായും എത്തിയിരിക്കുന്നത്. കുറെ നാളുകൾക്ക് ശേഷം ഏറെ ആസ്വദിച്ച് കണ്ട സിനിമ എന്നാണ് പലരും അഭിപ്രായപ്പെട്ടതും. മാളികപ്പുറം എന്ന സിനിമ ആദ്യ അഞ്ച് ദിവസം കൊണ്ടാണ് അഞ്ച് കോടി എന്ന സംഖ്യയിലേക്ക് എത്തിയതെങ്കിൽ മൂന്നാം ദിവസം തന്നെ സുമതി വളവിൽ ഞങ്ങൾക്ക് ആ റിസൾട്ട് ലഭിച്ചു.
ആദ്യദിനത്തിൽ ഡീഗ്രേഡിങ്
മാളികപ്പുറം റിലീസ് ചെയ്യുന്ന സമയത്തും ഞങ്ങൾക്ക് ഏറെ ഡീഗ്രേഡിങ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഞങ്ങൾ അവയ്ക്ക് വലിയ ശ്രദ്ധ നൽകിയിരുന്നില്ല. എന്നാൽ ഇക്കുറി സുമതി വളവിന്റെ ആദ്യ ഷോ കഴിയും മുന്നേ ഈ സിനിമ കൊള്ളില്ല, ഇത് കാണരുത് എന്ന് റിവ്യൂ ഇട്ടവരുണ്ട്. എന്നാൽ സിനിമ നല്ലതെങ്കിൽ എന്തൊക്കെ കുറ്റം പറഞ്ഞാൽ പ്രേക്ഷകർ സിനിമയെ സ്വീകരിക്കും എന്നതിന്റെ തെളിവാണ് സുമതി വളവ്.
റിവ്യൂ അല്ല പ്രശ്നം
ആരും റിവ്യൂ പറയുന്നതിന് ഞാൻ എതിരല്ല. എന്നാൽ മറ്റുള്ളവർ സിനിമ കാണരുത് എന്ന് പറയരുത്. ഇവർ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയുന്നതിനെ മനസ്സിലാക്കാം. എന്നാൽ ഇവർ ഒരു യൂട്യൂബ് ചാനലിൽ ഇതിനെ ഒരു കണ്ടന്റാക്കി, അതിലൂടെ വരുമാനം ഉണ്ടാക്കുകയാണ്. പലപ്പോഴും ഇത്തരം നെഗറ്റീവ് റിവ്യൂ പറയുന്നത് തന്നെ റീച്ചിന് വേണ്ടിയാണ്. നെഗറ്റീവ് റിവ്യൂ വന്നാലാണല്ലോ കൂടുതൽ ആളുകൾ കാണുക. ഈ സിനിമകൾ കൊണ്ടാണ് അവരും അവരുടെ കുടുംബങ്ങളും കഞ്ഞി കുടിക്കുന്നത്. അതിന്റെ പുണ്യം കൂടി നിർമ്മാതാക്കൾ കിട്ടട്ടെ.
അഭിലാഷ് പിള്ളയ്ക്ക് നേരെയുള്ള ആക്രമണം
ഇത് ആദ്യമായല്ല എനിക്ക് നേരെയുള്ള സൈബർ അറ്റാക്ക്. മാളികപ്പുറം മുതൽ ഞാൻ ഇത് നേരിടുന്നുണ്ട്. എന്നെ വ്യക്തിപരമായി പറയുന്നതിനെ കാര്യമാക്കാറില്ല. എന്താണ് ചെയ്യുന്നത് എന്നും എന്താണ് ചെയ്യേണ്ടത് എന്നും എനിക്ക് കൃത്യമായി അറിയാം. സുമതി വളവ് എന്ന സിനിമയെക്കുറിച്ച് പറയുന്നതിന് എതിരെയാണ് ഞാൻ രംഗത്ത് വന്നത്. നമുക്കെതിരെയുള്ള ചിലരുടെ വിദ്വേഷം കാരണം നമ്മളെ വിശ്വസിച്ച് പണം മുടക്കിയ നിർമ്മാതാവിന് ദോഷം ഒന്നും ഉണ്ടാകരുത് എന്നാണ് ഞാൻ കരുതുന്നത്.
റിവ്യൂ ബോംബിങ്
സിനിമകൾ റിലീസ് ചെയ്ത് ഒന്നോ രണ്ടോ ആഴ്ചകൾക്കിപ്പുറം ഇവർ സിനിമ റിവ്യൂ ചെയ്തോട്ടെ, അതിൽ തെറ്റില്ല. എന്നാൽ ഒരു സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾ കഴിയും മുന്നേ എന്തിന് ഇങ്ങനെ റിവ്യൂ ചെയ്യുന്നു? ഇതിലൂടെ ആ സിനിമയെ നശിപ്പിക്കുന്നത് എന്തിന്?
ഈ വ്യവസായം നിലനിന്നു പോകണമെങ്കിൽ സിനിമകൾ വിജയിക്കണം. സിനിമകൾക്ക് നേരെ വരുന്ന അറ്റാക്കുകൾ എത്രപേരെയാണ് ബാധിക്കുന്നത് എന്ന് അറിയാമോ? നിർമ്മാതാക്കളും തിയറ്റർ ഉടമകളും മുതൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്നവർ വരെ നിരവധിയാളുകൾ ഈ വ്യവസായത്തെ ഡിപെൻഡ് ചെയ്യുന്നുണ്ട്. യൂട്യൂബ് ഉൾപ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രതീക്ഷിച്ച് റിവ്യൂ ബോംബിങ് എന്ന വൃത്തികെട്ട പരിപാടി നടത്തുമ്പോൾ ഈ വ്യവസായമാണ് നശിക്കുന്നത്. അതിനെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് കഴിഞ്ഞ ദിവസം നടന്ന സിനിമ കോൺക്ലേവിൽ മന്ത്രി പറഞ്ഞത്. ആ വാക്കുകളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.